ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജില്ലാ സിപിഐയിൽ ഭിന്നത മൂർഛ്ഛിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയും നിയമസഭയിലേക്ക് മത്സരിക്കാൻ മന്ത്രി ഇ. ചന്ദ്രശേഖരൻ സീറ്റുറപ്പിച്ചു. കാഞ്ഞങ്ങാട് അടക്കം സിപിഐ യുടെ മണ്ഡലങ്ങളിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളുടെ പട്ടിക സിപിഐ സംസ്ഥാന നിർവ്വാഹക സമിതി യോഗം ഇന്നലെ പ്രഖ്യാപിച്ചു. ചന്ദ്രശേഖരൻ മൂന്നാം തവണയും മത്സരിക്കുമെന്ന് ഉറപ്പായതോടെ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലും ജില്ലാ സിപിഐ യിലും പാർട്ടി അണികൾക്കിടയിൽ ചന്ദ്രശേഖരന് എതിരെ കടുത്ത പ്രതിഷേധമുയർന്നു.
അഞ്ചു വർഷം എംഎൽഏയും അഞ്ചു വർഷം മന്ത്രിയുമായിരുന്ന ഇ. ചന്ദ്രശേഖരൻ മൂന്നാം തവണയും മത്സരിക്കാൻ ഒരുങ്ങിയത് കടുത്ത പാർലിമെന്ററി മോഹം ഒന്നുകൊണ്ടു മാത്രമാണെന്ന് സിപിഐ അണികൾ ചർച്ച ചെയ്തു വരികയാണ്. ചന്ദ്രശേഖരൻ ഇത്തവണ മത്സര രംഗത്ത് നിന്ന് പിൻമാറി കാഞ്ഞങ്ങാട് മണ്ഡലത്തിൽ തന്നെയുള്ള മറ്റൊരു അംഗത്തിന് അവസരമൊരുക്കണമെന്ന് ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കൗൺസിലിൽ 19 അംഗങ്ങളും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടിട്ടും ആ നിർദ്ദേശങ്ങൾ മറികടന്ന് സംസ്ഥാന നിർവ്വാഹക സമിതി ചന്ദ്രശേഖരന്റെ പേര് നിർദ്ദേശിച്ചത് ജില്ലയിലെ സിപിഐ പാർട്ടിയിൽ ഉരുൾപൊട്ടലുണ്ടാക്കിയിട്ടുണ്ട്.
കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ സിപിഐക്ക് രണ്ട് മണ്ഡലങ്ങളുണ്ട്. ഒന്ന് കാഞ്ഞങ്ങാട് മറ്റൊന്ന് പരപ്പ. കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയിൽ 15– ൽ 12 പേരും ചന്ദ്രശേഖരൻ മത്സര രംഗത്തു നിന്ന് മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരപ്പ മണ്ഡലത്തിൽ മൊത്തം 17 അംഗങ്ങളുണ്ട്. ഇവരിൽ 9 പേർ ഇ. ചന്ദ്രശേഖരനെ എതിർത്തു. ഇരു മണ്ഡലം കമ്മിറ്റി യോഗങ്ങളിലും ചന്ദ്രശേഖരൻ സംബന്ധിക്കുകയും ചെയ്തു.
രണ്ടു മണ്ഡലങ്ങളിലുമുള്ള 29 മണ്ഡലം കമ്മിറ്റിയംഗങ്ങളിൽ 9 പേർ മാത്രമാണ് ഇ. ചന്ദ്രശേഖരനെ അനുകൂലിച്ചത്. ചന്ദ്രശേഖരന്റെ മൂന്നാം അങ്കം കാഞ്ഞങ്ങാട് മണ്ഡലം സിപിഐയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും. പാർട്ടി പ്രവർത്തകർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുമെന്നാണ് പുതിയ വിവരം. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണനാണ് ചന്ദ്രശേഖരന് പകരക്കാരനായി ചിത്രത്തിലുണ്ടായിരുന്നത്. സിപിഐ ജില്ലാ സിക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ പേര് ഇത്തവണ ചിത്രത്തിലുണ്ടായിരുന്നില്ല. മൂന്നാമങ്കത്തിൽ സ്വന്തം പാർട്ടിയിലുയർന്ന പ്രതിഷേധം വോട്ടുകളിൽ ചന്ദ്രശേഖരന് എതിരായി പ്രതിഫലിക്കാനാണ് സാധ്യത.