ജില്ലയിൽ ബിജെപിയുടെ വളർച്ച ഇരുമുന്നണികൾക്കും കുരുക്കാകും

കാഞ്ഞങ്ങാട്: സമാഗതമായ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതു-വലതു മുന്നണികൾക്ക് ബിജെപിയുടെ വളർച്ച കടുത്ത കുരുക്കായി മാറും. ഉദുമ അസംബ്ലി മണ്ഡലത്തിൽ ബിജെപിയുടെ വളർച്ച പണ്ടത്തേതിനേക്കാൾ പതിൻമടങ്ങ് വർദ്ധിച്ചിട്ടുണ്ട്. തീയ്യസമുദായത്തിൽ ഇടതു ആഭിമുഖ്യമുണ്ടായിരുന്നവരാണ് അടുത്ത നാളുകളിൽ ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിൽ ചേക്കേറിയിട്ടുള്ളത്.

സിപിഎമ്മിന്റെ പരമ്പരാഗത വോട്ടു ബാങ്കായ തീയ്യ സമുദായത്തിൽ നിന്നുള്ള വോട്ടർമാരാണ് ഉദുമയിൽ ബിജെപിയിലേക്ക് കൂറുമാറിയിട്ടുള്ളത്. കോൺഗ്രസ്സിൽ നിന്നും നല്ലൊരു ശതമാനം വോട്ടർമാരും ബിജെപിയിൽ ചേർന്നിട്ടുണ്ട്. ഉദുമ മണ്ഡലത്തിൽ ബിജെപിയുടെ വളർച്ച ഏറെ ബാധിക്കുക ഇടതുസ്ഥാനാർത്ഥിയെ ആയിരിക്കും. പെരിയ കല്ല്യോട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷ്, ശരത്്ലാൽ എന്നിവരുടെ ദാരുണമായ കൊലപാതകത്തിന്റെ മുറിവുകൾ ഈ മണ്ഡലത്തിലെ കോൺഗ്രസ്സ് പ്രവർത്തകരിലും, അനുഭാവികളിലും മാത്രമല്ല, കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന ഭൂരിപക്ഷം വോട്ടർമാരിലും സ്ത്രീകളിലും ഉണങ്ങാതെ നിൽക്കുകയാണ്.

കല്ല്യോട്ട് ഇരട്ടക്കൊല കാര്യമായി ബാധിക്കുക ഇടതുമുന്നണിയെ ആയിരിക്കും.
കോൺഗ്രസ്സിലെ ഐ രാമറായ്ക്ക് ശേഷം, കാസർകോട് മണ്ഡലത്തിൽ തുടർച്ചയായി കാൽനൂറ്റാണ്ടുകാലം ഇടതു സ്ഥാനാർത്ഥികളായ പയ്യന്നൂരിലെ ടി. ഗോവിന്ദനും, നീലേശ്വരത്തെ പി. കരുണാകരനും അടക്കി ഭരിച്ചിരുന്ന മണ്ഡലത്തിൽ പെരിയ ഇരട്ടക്കൊല തന്നെയാണ് ഒരു പരിധിവരെ ലോക്സഭാ സ്ഥാനാർത്ഥി സിപിഎമ്മിലെ കെ. പി. സതീഷ് ചന്ദ്രന്റെ ദയനീയ പരാജയം ഉറപ്പാക്കിയത്.

ഏത് പാർട്ടിയുടെ ഭാഗത്തു നിന്നായാലും കൊലപാതക രാഷ്ട്രീയവും അക്രമരാഷ്ട്രീയവും ജനങ്ങൾ പൊറുക്കില്ലെന്നതിനുള്ള പ്രകടമായ തെളിവാണ് കൊല്ലത്തു നിന്ന് കാസർകോട്ടെത്തി മൽസരിച്ചു ജയിച്ച രാജ്മോഹൻ ഉണ്ണിത്താൻ ഉറപ്പാക്കിയ തിരഞ്ഞെടുപ്പു വിജയം. കാസർകോട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഒരു യുഡിഎഫ് സ്ഥാനാർത്ഥി അതും, കൊല്ലം സ്വദേശിയായ കോൺഗ്രസ്സ് നേതാവിന് ഒരിക്കലും വിജയിക്കാൻ കഴിയില്ലെന്ന ഉറപ്പ് വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ഇടതുമുന്നണി ഉറപ്പിച്ചിരുന്നുവെങ്കിലും, ഇടതു സ്ഥാനാർത്ഥിയുടെ പരാജയം സിപിഎമ്മും, ഇടതുമുന്നണിയിലെ ഇതര ഘടക കക്ഷികളും ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല.

കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇത്തവണ താൻ മൽസരിക്കാനില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ലക്ഷ്യം മൂന്നാം തവണ മൽസരിക്കാനും, ഭരണത്തുടർച്ചയുണ്ടായാൽ മന്ത്രിയാകാനുള്ള അതിമോഹവും തന്നെയാണ്. അതുകൊണ്ടാണല്ലോ സിപിഐ സംസ്ഥാന സിക്രട്ടറി കാനം രാജേന്ദ്രൻ സിപിഐയുടെ മറ്റ് സംസ്ഥാന മന്ത്രിമാരെ മുഴുവൻ ഇത്തവണ പടിയടച്ച് പിണ്ഡം വെച്ചപ്പോൾ, ഇ. ചന്ദ്രശേഖരന് മൽസരിക്കാനുള്ള ചുവപ്പ് കൊടി ഉയർത്തിക്കാണിച്ചത്.

എംഎൽഏയും മന്ത്രിയുമടക്കം നീണ്ട പത്തു വർഷക്കാലം കാഞ്ഞങ്ങാട് മണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിച്ച ചന്ദ്രശേഖരൻ മൂന്നാമങ്കത്തിന് ഇറങ്ങുമ്പോൾ, നെഞ്ചിൽ കൈവെച്ചു കൊണ്ട് മണ്ഡലത്തിലെ വോട്ടർമാർക്ക് മുന്നിൽ ചൂണ്ടിക്കാണിക്കാനുള്ളത് ടാറ്റ കമ്പനി 60 കോടി രൂപ മുടക്കി ചട്ടഞ്ചാലിൽ നിർമ്മിച്ചതും ഇപ്പോൾ ഡോക്ടർമാരെ കിട്ടാത്തതിനാൽ, മരണാസന്ന നിലയിലെത്തിയതുമായ കോവിഡ് ആശുപത്രി മാത്രമാണ്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇ. ചന്ദ്രശേഖരന്റെ നില ഇത്തവണ തീർത്തും പരുങ്ങലിലാവും.

LatestDaily

Read Previous

ഫേസ്ബുക്ക് പ്രണയം: ബിരുദ വിദ്യാർത്ഥിനി തിരൂർ യുവാവിനൊപ്പം വീടുവിട്ടു

Read Next

മന്ത്രി ചന്ദ്രശേഖരന്റെ മൂന്നാമങ്കം മടിക്കൈയിൽ 10 ബ്രാഞ്ച് സിക്രട്ടറിമാർ രാജിവെക്കും