റോഡ് കിളച്ചിട്ട് വർഷം രണ്ട് കഴിഞ്ഞു; കരാറുകാരനെയും വാഹനങ്ങളും നാട്ടുകാർ തടഞ്ഞു

കാഞ്ഞങ്ങാട്: റോഡ് കിളച്ച് മറിച്ചിട്ട് വർഷം രണ്ട് കഴിഞ്ഞിട്ടും റോഡ് നിർമ്മാണം പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ചാമക്കുഴിയിൽ കരാറുകാരനെയും, തൊഴിലാളികളെയും, വാഹനങ്ങളും നാട്ടുകാർ തടഞ്ഞു വെച്ചു. പോലീസ് സ്ഥലത്തെത്തി പോലീസ് സ്റ്റേഷനിൽ ചർച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നുറപ്പ് നൽകിയതോടെയാണ് നാട്ടുകാർ തടഞ്ഞുവെച്ചവർക്ക് തിരിച്ച് പോകാനായത്.

നീലേശ്വരം -ഇടത്തോട് മെക്കാഡം ടാറിംഗ് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ച് രണ്ട് വർഷം കഴിഞ്ഞുവെങ്കിലും, റോഡ് പണി പാതിവഴിയിലാണ്. ഇടത്തോട് നിന്നും തുടങ്ങി മൂപ്പിൽ വരെ മെക്കാഡം ടാറിംഗ് പ്രവൃത്തിയായെങ്കിലും, മൂപ്പിൽ മുതൽ നീലേശ്വരം വരെ റോഡ് കിളച്ചിട്ട് വർഷങ്ങളായി. ടാറിംഗ് ജോലി അനന്തമായി നീളുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.  കിളച്ചിട്ട റോഡിൽ വലിയ മെറ്റലുകൾ നിരത്തിയതിനാൽ വാഹനങ്ങൾക്ക് കടന്ന് പോകാനാകുന്നില്ല.

ഇതിനിടയിൽ ചാമക്കുഴിയിലെ റോഡ് നിർമ്മാണ പ്ലാന്റിൽ നിന്നും ടാറ് കലർത്തിയ മെറ്റലുകൾ രാവണീശ്വരത്തെ റോഡ് നിർമ്മാണത്തിനായി കൊണ്ട് പോകാൻ തുടങ്ങിയതോടെ നാട്ടുകാർ പ്രകോപിതരാവുകയായിരുന്നു. ഇന്നലെ രാവിലെ ചാമക്കുഴിയിൽ നിന്നും രാവണേശ്വരത്തേക്ക് ടാറും മെറ്റലും കൊണ്ടുപോകാനെത്തിയ തൊഴിലാളികളെയും വാഹനവും നട്ടുകാർ തടഞ്ഞ് സാധനങ്ങൾ കടത്താൻ അനുവദിച്ചില്ല.

വൈകിട്ട് സ്ഥലത്തെത്തിയ കരാറുകാരനെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. കാരണമില്ലാതെ റോഡ് നിർമ്മാണം നീട്ടിക്കൊണ്ട് പോകുന്നതായാണ് നാട്ടുകാരുടെ പരാതി. കരാറുകാരനും, ജനപ്രതിനിധികളും, നാട്ടുകാരും രാവിലെ നീലേശ്വരം പോലീസ് സ്റ്റേഷനിൽ ചർച്ച നടത്തി.

LatestDaily

Read Previous

സുകുമാരനെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധം: പള്ളിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്താനായില്ല

Read Next

ഫേസ്ബുക്ക് പ്രണയം: ബിരുദ വിദ്യാർത്ഥിനി തിരൂർ യുവാവിനൊപ്പം വീടുവിട്ടു