ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: സ്വത്തിടപാടിൽ 18 ലക്ഷംരൂപ നഷ്ടമായ പാലക്കുന്ന് സ്വദേശി നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാൻ പെടാപ്പാട് പെടുന്നു. പാലക്കുന്ന് പാക്യാര സുബൈദ മൻസിലിൽ എം. കെ. അബ്ബാസിന്റെ മകൻ പി. മുഹമ്മദ് അഷ്റഫിനെയാണ് ഭൂമി നൽകാമെന്ന് വിശ്വസിപ്പിച്ച് മാണിക്കോത്ത് പാലക്കി ഹൗസിലെ ഹുസൈൻ ഹാജിയുടെ മകൻ പി. നൗഫൽ വഞ്ചിച്ചത്. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ പി. അഷ്റഫിൽ നിന്നും 2012-ലാണ് നൗഫൽ സ്ഥലം നൽകാമെന്ന് വിശ്വസിപ്പിച്ച് 18 ലക്ഷം രൂപ വാങ്ങിയത്.
ഇഖ്ബാൽ ഹൈസ്കൂളിന് സമീപത്തെ പതിനൊന്നര സെന്റ് സ്ഥലത്തിനാണ് വില നിശ്ചയിച്ച് 18 ലക്ഷം രൂപ നൽകിയത്. വസ്തു ആധാരം ചെയ്ത് നൽകുന്നതിന് തീയ്യതി നിശ്ചയിച്ച് കരാറിൽ ഒപ്പിട്ടിരുന്നുവെങ്കിലും, നൗഫൽ വസ്തു ആധാരം ചെയ്തു നൽകിയില്ല. പറഞ്ഞ തീയ്യതിക്ക് ഭൂമിയുടെ രജിസ്ട്രേഷൻ നടക്കാതെ വന്നപ്പോൾ, അഷറഫ് വീണ്ടും നൗഫലിനെ സമീപിച്ചുവെങ്കിലും, അവധികൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു.
തുടർന്ന് അഷ്റഫ് ഹൊസ്ദുർഗ്ഗ് പോലീസിൽ നൽകിയ പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസ്സിൽ വിചാരണ ആരംഭിച്ചിട്ടില്ല. തർക്കം ഒത്തു തീർക്കാനായി കെപിസിസി സിക്രട്ടറി എം. അസിനാറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചകളും പരാജയപ്പെട്ടു.
പോലീസിൽ പരാതി നൽകിയതിന്റെ പേരിൽ നൗഫൽ നിരന്തരം തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് മുഹമ്മദ് അഷ്്റഫ് പരാതിപ്പെട്ടു. തന്നെ കൈയ്യേറ്റം ചെയ്യാൻ നൗഫൽ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയിരുന്നതായും ഇദ്ദേഹം പറഞ്ഞു. ഭീഷണിയെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലാതെ വന്നപ്പോൾ, മുഹമ്മദ് അഷ്്റഫ് മുഖ്യമന്ത്രി, ഡിജിപി, എന്നിവർക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതി തുടർ നടപടിക്കായി ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് അയച്ചിരുന്നുവെങ്കിലും, എതിർകക്ഷിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താൻ ബേക്കൽ പോലീസും തയ്യാറായില്ല.
മാസങ്ങൾക്ക് മുമ്പ് സ്വകാര്യാവശ്യത്തിനായി കാഞ്ഞങ്ങാട്ടെത്തിയ മുഹമ്മദ് അഷ്റഫിനെ കള്ളക്കേസ്സിൽ കുടുക്കാനും നൗഫൽ ശ്രമിച്ചു. അഷ്്റഫ് തന്റെ ഭാര്യയെ കയറിപ്പിടിച്ചെന്നാണ് നൗഫൽ ഹൊസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമെന്ന് തെളിഞ്ഞു. 18 ലക്ഷം രൂപ നഷ്ടമായതിന് പുറമെ നൗഫൽ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് അഷ്്റഫിന്റെ പരാതി. തന്റെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്തിക്കടക്കം പരാതി നൽകിയെങ്കിലും, പരാതിക്കാരന്റെ പ്രശ്നം പരിഹരിക്കാൻ പോലീസും ഇടപെട്ടില്ല.