ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ലീഗ് ഇക്കുറി വെള്ളം കുടിക്കുമെന്ന് മണ്ഡലത്തിൽ നിന്നുള്ള സൂചനകൾ. ഇത്തവണ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിന് പുറമെ നിന്നുള്ള സ്ഥാനാർത്ഥികൾ വേണ്ടെന്ന ഉറച്ച നിലപാടിലാണ് മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗ് പ്രവർത്തകർ. എൻ.ഏ നെല്ലിക്കുന്നിനെ മഞ്ചേശ്വരത്ത് മത്സരിപ്പിക്കാനുള്ള നീക്കങ്ങൾക്ക് ഇത് തിരിച്ചടിയാകും. മഞ്ചേശ്വരം മണ്ഡലത്തിൽ പുറമെ നിന്നുള്ള സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ മണ്ഡലത്തിലെ ലീഗ് പ്രവർത്തകർക്കിടയിൽ കടുത്ത അമർഷമുണ്ട്. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് ചർച്ചകളും സജീവമാണ്.
ബിജെപി സ്ഥാനാർത്ഥി ജയിച്ചാലും, പുറമെ നിന്നുള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യില്ലെന്നാണ് മണ്ഡലത്തിലെ ഒരു വിഭാഗം ലീഗ് പ്രവർത്തകരുടെ നിലപാട്.
യൂത്ത് ലീഗ് നേതാവ് ഏ.കെ.എം. അഷ്റഫിനെ മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുന്നതൊഴിച്ച് മറ്റൊരു ചർച്ചയ്ക്കും ലീഗ് അനുഭാവികൾ തയ്യാറല്ല. കാസർകോട് എം.എൽഏ എൻ.ഏ നെല്ലിക്കുന്നിനെ മഞ്ചേശ്വരത്ത് മത്സരിപ്പിക്കാനുള്ള ശ്രമങ്ങളെയും ഒരു വിഭാഗം എതിർക്കുന്നു. മണ്ഡലത്തിനകത്ത് തന്നെ അർഹരായ സ്ഥാനാർത്ഥികളുള്ളപ്പോൾ ഇറക്കുമതി സ്ഥാനാർത്ഥിക്കു വേണ്ടി കൊടി പിടിക്കാനും, മുദ്രാവാക്യം വിളിക്കാനും തങ്ങൾ തയ്യാറല്ലെന്നാണ് ലീഗണികൾ പറയുന്നത്.
സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി മണ്ഡലത്തിനുള്ളിൽ നടക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ, മഞ്ചേശ്വരത്ത് ബി.ജെ.പി സ്ഥാനാർത്ഥി നിഷ്പ്രയാസം വിജയിക്കും. മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥിയേയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തുള്ള സിപിഎമ്മിന് ഇവിടെ നിന്നും ജയിച്ചുകയറുകയെന്നത് എളുപ്പമല്ല. ഉപതെരഞ്ഞെടുപ്പിൽ എം.സി. ഖമറുദ്ദീന് വേണ്ടി തഴയപ്പെട്ട ഏ.കെ.എം അഷ്റഫിന് ഇക്കുറി സ്ഥാനാർത്ഥിത്വം നൽകിയില്ലെങ്കിൽ ലീഗ് അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. ഉറച്ച സീറ്റ് കൈവിട്ടുകൊണ്ടുള്ള കളിക്ക് ലീഗ് സംസ്ഥാന നേതൃത്വം തയ്യാറാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
യുഡിഎഫിന്റെ രാഷ്ട്രീയമായ നില നിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിയമസഭാതെരഞ്ഞെടുപ്പാണിത്. ഇക്കുറി അധികാരത്തിൽ തിരിച്ചു വരാൻ കഴിഞ്ഞില്ലെങ്കിൽ യുഡിഎഫിന് രാഷ്ട്രീയ വനവാസമായിരിക്കും വിധി. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മുസ്്ലീം ലീഗിന് ബിജെപിയുടെ സഹായം ലഭിച്ചിരുന്നുവെങ്കിലും, നിയമസഭാതെരഞ്ഞെടുപ്പിൽ ഈ സഹായം ലഭിക്കാൻ സാധ്യതയില്ല. അതിനാൽ വിയർത്ത് പണിയെടുത്താൽ മാത്രമേ, യുഡിഎഫിന് മണ്ഡലം നിലനിർത്താനാകുകയുള്ളു.
കഴിഞ്ഞ തവണ പി.ബി. അബ്ദുൾ റസാഖ് 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഞ്ചേശ്വരത്ത് തെരഞ്ഞെടുക്കപ്പെട്ടത്. ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം ഉയർന്നെങ്കിലും ഇതിന് പിന്നിൽ ബിജെപിയുടെ സഹായമുണ്ടായിരുന്നു. ബിജെപി സ്ഥാനാർത്ഥിയായിരുന്ന രവീശ തന്ത്രി കുണ്ടാറിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകൾ എം.സി ഖമറുദ്ദീന് ലഭിച്ചതാണ് അദ്ദേഹത്തിന് ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കൂടാൻ കാരണമായത്.