ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പുതുതായി ആരംഭിക്കുന്ന മെമു ട്രെയിൻ സർവ്വീസ് കണ്ണൂർ വരെയാക്കി ചുരുക്കി ഭരണാധികാരികൾ കാസർകോട് ജില്ലയോടുള്ള അവഗണന ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. ഷോർണൂരിൽ നിന്നാരംഭിക്കുന്ന മെമു സർവ്വീസിൻെറ പരീക്ഷണ ഒാട്ടം കഴിഞ്ഞതോടെ സർവ്വീസ് ആരംഭിക്കുന്നതിൻെറ പ്രാരംഭ നടപടികൾ പൂർത്തിയായിരിക്കുകയാണ്.
ഷൊർണ്ണൂരിൽ നിന്നാരംഭിച്ച് കണ്ണൂരിൽ അവസാനിക്കുന്ന ട്രെയിൻ സർവ്വീസ് എട്ട് മണിക്കൂറോളം റെയിൽവേ സ്റ്റേഷനിൽ വെറുതെ കിടക്കുന്ന അവസ്ഥയിലായിട്ടും സർവ്വീസ് കാസർകോട് വരെയെങ്കിലും നീട്ടാത്തതിൽ ജില്ലയിലെ ജന പ്രതിനിധികളുടെ അനാസ്ഥ കൂടിയുണ്ട്. വടക്കൻ മേഖലയോട് പ്രത്യേകിച്ച് കാസർകോട് ജില്ലയോട് റെയിവേ വകുപ്പ് കാണിക്കുന്ന കടുത്ത അവഗണനയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് മെമു സർവ്വീസ് കണ്ണൂരിലവസാനിപ്പിച്ച നടപടി. നിലവിൽ ജനശതാബ്തി എക്സ്പ്രസ്, എക്സിക്യൂട്ടീവ് എക്സ്പ്രസ് എന്നീ ട്രെയിനുകൾ കണ്ണൂരിൽ യാത്രയവസാനിപ്പിച്ച് മണിക്കൂറുകൾ സ്റ്റേഷനിൽ വെറുതെ കിടക്കുമ്പോഴും പ്രസ്തുത സർവ്വീസുകൾ കാസർകോട് വരെയെങ്കിലും നീട്ടി ജില്ലയുടെ യാത്രാക്ലേശം പരിഹരിച്ച് നൽകാൻ റെയിൽവേ വകുപ്പ് തയ്യാറായിട്ടില്ല.
റെയിൽവേ വികസനത്തിൻെറ കാര്യം വരുമ്പോൾ കാസർകോട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറത്തുള്ള സ്ഥലമാണെന്ന രീതിയിലാണ് റെയിൽവേ വകുപ്പും ഇന്ദ്രപ്രസ്ഥം വാഴുന്ന റെയിൽവേ മന്ത്രാലയവും പെരുമാറുന്നത്. കാസർകോട് ജില്ല വഴി കടന്നു പോകുന്ന ദീർഘ ദൂര ട്രെയിൻ സർവ്വീസുകൾക്ക് ജില്ലയിൽ സ്റ്റോപ്പനുവദിക്കാൻ പോലും തയ്യാറാകാതെ റെയിൽവേ വകുപ്പ് കാസർകോട് ജില്ലയെ തീർത്തും അവഗണിച്ചിരിക്കുകയാണെന്നാണ് യാഥാർത്ഥ്യം. ജില്ലയ്ക്ക് സ്വന്തമായൊരു മന്ത്രിയുണ്ടായിട്ട് പോലും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ റെയിൽവേ വികസനത്തിൻെറ കാര്യത്തിൽ ജില്ലയ്ക്ക് കാര്യമായൊന്നും കിട്ടിയിട്ടില്ല.
പാസഞ്ചർ ട്രെയിൻ സർവ്വീസുകൾ നിർത്തലാക്കിയിട്ട് ഒരു വർഷം തികയുകയാണ്. സാധാരണക്കാരായ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുപകരിച്ചിരുന്ന പാസഞ്ചർ ട്രെയിൻ സർവ്വീസുകൾ പതിയെ നിർത്തലാക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ വകുപ്പ് , ഈ സാഹചര്യത്തിലാണ് പുതുതായി സർവ്വീസ് ആരംഭിക്കുന്ന മെമു സർവ്വീസ് കാസർകോട് വരെയെങ്കിലും നീട്ടണമെന്ന ആവശ്യത്തിന് പ്രസക്തിയേറുന്നത്. മെമു സർവീസ് കാസർകോട് വരെയെങ്കിലും നീട്ടാൻ റെയിൽവേ തയ്യാറാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
അത്യുത്തര കേരളത്തോടുള്ള റെയിൽവേ അവഗണന പതിറ്റാണ്ടുകളായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ നിന്ന് പൊതുജനം തെരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികൾ എന്ത് ചെയ്യുകയാണെന്ന ചോദ്യം ഉയരേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നു. റെയിൽവേ വികസന മേഖലയിൽ കുമ്പിളിൽ പോലും കഞ്ഞി ലഭിക്കാത്ത കോരൻമാരായി കാസർകോടൻ ജനതയെ മാറ്റിയതിന് പൂർണ്ണമായ ഉത്തരവാദിത്തം ജില്ലയിലെ ജനപ്രതിനിധികൾക്ക് തന്നെയാണ്. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നാണ് ചൊല്ലെങ്കിലും ജില്ലയിലെ ജനപ്രതിനിധികൾ റെയിൽവേ വികസനത്തിന് വേണ്ടി ദുർബലമായ ശബ്ദങ്ങൾ പോലും ഉയർത്തിയില്ലെന്നതാണ് യാഥാർത്ഥ്യം.
കാസർകോടിൻെറ എംപി റെയിൽവേയുടെ ഒൗദ്യോഗിക കമ്മിറ്റിയിൽ അംഗമായിട്ടും മെമു സർവ്വീസ് കാസർകോട് ജില്ലയിലേക്ക് നീട്ടുന്ന വിഷയത്തിൽ കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന് വേണം കരുതാൻ ഇന്ത്യയിൽ മറ്റ് പ്രദേശങ്ങൾക്കുള്ള എല്ലാ അവകാശങ്ങളും റെയിൽവേ വികസനത്തിൽ കാസർകോടിനുമുണ്ടെന്ന സത്യം ജനപ്രതിനിധികൾ മറക്കരുത്. കാസർകോട് ജില്ല ഇന്ത്യൻ റിപ്പബ്ളിക്കിലുൾപ്പെട്ട പ്രദേശം തന്നെയാണെന്ന തിരിച്ചറിവ് റെയിൽവേ വകുപ്പിനുമുണ്ടാകണം.
കണ്ണൂരിലവസാനിക്കുന്ന തരത്തിൽ മെമു സർവ്വീസ് ക്രമീകരിച്ച റെയിൽവേ നടപടി പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടത് തന്നെയാണ്. കണ്ണൂർ ജില്ലയ്ക്ക് വടക്കോട്ടുള്ളവരും മനുഷ്യരാണെന്ന യാഥാർത്ഥ്യം തിരിച്ചറിയാൻ റെയിൽവേ മന്ത്രാലയവും കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളും തയ്യാറാകണം. മെമു സർവ്വീസ് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ചതിന് പിന്നിലെ അവഗണന അധികാര കേന്ദ്രങ്ങളിലെത്തിക്കാൻ കൂട്ടായ ശ്രമങ്ങൾ തന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു.