നിയമസഭാ തെരഞ്ഞെടുപ്പ് ഇടതിലും വലതിലും വിശ്വസിക്കാൻ കഴിയാതെ മുസ്ലീം സമൂഹം

കാഞ്ഞങ്ങാട്: പടിവാതിക്കലെത്തി നിൽക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു വലതു മുന്നണികളിൽ ആർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ വ്യക്തമായ ദിശ കണ്ടെത്താൻ കഴിയാതെ സംസ്ഥാനത്തെ മുസ്ലീം സമൂഹം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുസ്ലീം സമൂഹം, കോൺഗ്രസ്സാണ് ബിജെപി ക്ക് ബദലെന്ന് കരുതിക്കൊണ്ട് തന്നെ യുഡിഎഫി ന് വോട്ട് ചെയ്തു.20 സീറ്റിൽ 19 ലോക്സഭാ സീറ്റുകളിലും യുഡിഎഫ് വൻ വിജയം നേടിയത് മുസ്ലീം സമുദായത്തിലെ രാഷ്ട്രീയത്തിനതീതരായവരുടെ വോട്ടുകൾ മുഴുവൻ അനുകൂലമായതു കൊണ്ടാണെന്ന് സിപിഎം തന്നെ സമ്മതിച്ചിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചിത്രമാകെ മാറി. കോൺഗ്രസ്സിനേക്കാളും മുസ്ലീം ലീഗിനെ അപേക്ഷിച്ചും ഇടതു പക്ഷമാണ് ശരിയെന്ന് കരുതിയ വലിയൊരു വിഭാഗം മുസ്ലീം സമുദായ അംഗങ്ങളും വിവിധ സംഘടനകളും ഇടതിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിനെത്തുടർന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈവരിച്ച യുഡിഎഫ് ആധിപത്യമവസാനിപ്പിച്ച് യുഡിഎഫ് കോട്ടകളെ ഇളക്കി ഇടതുപക്ഷം ചരിത്ര വിജയം നേടി. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ മാത്രമെ ആയിട്ടുള്ളുവെങ്കിലും കേരളത്തിലെ രാഷ്ട്രീയ ചിത്രങ്ങളാകെയിപ്പോൾ വീണ്ടും മാറി. ലോക്സഭാ തദ്ദശ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ ചിത്രമല്ല മുസ്ലീം സമുദായത്തിന് മുന്നിൽ ഇപ്പോഴുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പ് വേള വരെ ഇടതു പക്ഷമാണ് യുഡിഎഫ് മുന്നണിയെക്കാളും സമുദായത്തിന് ഗുണകരമെന്ന് കരുതിയ മുസ്ലീം സമുദായത്തിലെ ഭൂരിഭാഗവും ഇടതു പക്ഷത്തിന് വോട്ട് ചെയ്തു. ബിജെപി അടങ്ങുന്ന എൻഡിഎ യെ കേരളത്തിൻെറ മുഖ്യ ധാരയിലേക്ക് കടന്നു വരുന്നതിന് സഹായകരമാവും വിധം ബിജെപിയുമായി ഇടതു കേന്ദ്രങ്ങൾ രഹസ്യ വോട്ട് കച്ചവടം നടത്തിയെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തു വന്നതാണ് മുസ്ലീം സമുദായത്തിലിപ്പോൾ മാറ്റി ചിന്തിപ്പിച്ചിരിക്കുന്നത്.

യുഡിഎഫിനെ വിജയിപ്പിച്ചാൽ അവരെ ബിജെപിയിലേക്ക് വാങ്ങുമെന്ന പ്രചരണം മറുപക്ഷത്തുണ്ട്. ബിജെപിയെ ചെറുക്കാൻ എന്ത് കൊണ്ടും യുഡിഎഫിനെക്കാൾ ഇടതു പക്ഷമെന്ന ധാരണയിലെത്തിയിരുന്ന വലിയൊരു വിഭാഗം മുസ്ലീം വിഭാഗം, ഇടതു  ബിജെപി ബാന്ധവ വാർത്ത പുറത്തു വന്നതിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എന്ത് നിലപാടെടുക്കുമെന്നറിയാൻ കാത്തിരിക്കേണ്ടി വരും. ഇടതു വലതു മുന്നണികളിൽ വിശ്വാസം നഷ്ടപ്പെട്ട സമുദായത്തിലെ പ്രബല വിഭാഗത്തിലേക്ക് ചുവടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എസ്ഡിപിഐ. സ്വന്തം നിലയിൽ നൂറോളം നിയമസഭാ മണ്ഡലങ്ങളിൽ എസ്ഡിപിഐ മത്സരിക്കുമെന്നാണ് വാർത്ത.

LatestDaily

Read Previous

പരപ്പയിൽ കോൺഗ്രസ്സ് പ്രവർത്തകർക്ക് കുത്തേറ്റു കോൺഗ്രസ്സ് ഓഫീസിന് പ്രതി പൂട്ടിട്ടു

Read Next

കാസർകോടും ഇന്ത്യയിലാണ്