റംല കേസ്സ് ഒതുക്കാൻ പോലീസും ഇടനിലക്കാരും

കാഞ്ഞങ്ങാട്: പണയ സ്വർണ്ണമെടുക്കാനെന്ന വ്യാജേന അജാനൂർ തെക്കേപ്പുറം അർബ്ബൻ ബാങ്കിൽ കയറിയ തട്ടിപ്പുകാരി ബല്ലാക്കടപ്പുറത്തെ ഏ. കെ. റംലയെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടുത്താൻ പോലീസ് തന്നെ മധ്യസ്ഥം വഹിക്കുന്നു. റംലയുടെ ഒരു ബന്ധു ദിവസങ്ങളായി കാഞ്ഞങ്ങാട്ടെ പോലീസ് ഉദ്യോഗസ്ഥന്റെ ഓഫീസിൽ കയറിയിറങ്ങുകയാണ്.

ചെറുവത്തൂർ എസ്.ആർ. ഗോൾഡിൽ നിന്ന് തട്ടിയെടുത്ത 2 ലക്ഷം രൂപ ജ്വല്ലറിയുടമയ്ക്ക് തിരിച്ചുനൽകാനും, കേസ്സിൽ അറസ്റ്റ് ഒഴിവാക്കാനുമുള്ള ഗൂഢ നീക്കങ്ങൾ കർട്ടന് പിന്നിൽ നടന്നുവരുന്നതിനാലാണ്, വെറും 3 മണിക്കൂർ ഓടിയെത്താവുന്ന ദൂരത്തിലുള്ള കുടകിൽ ഒളിവിലുള്ള റംലയെ തൊടാൻ പോലീസ് മടികാണിക്കുന്നത്. ഈ പണം തട്ടൽ കേസ്സിന്റെ ആരംഭത്തിൽ തന്നെ പോലീസ് “കള്ളനും പോലീസും” കളിക്കുകയാണ്.

ഈ സംഭവം ഒരു സാധാരണ പണം തട്ടലല്ല. മറിച്ച് ഒരു സ്ത്രീ മുഖം മൂടി ധരിച്ച് പട്ടാപ്പകൽ അതി വിദഗ്ധമായി നടത്തിയ തട്ടിപ്പാണ്. പണം തട്ടലിന് പിന്നിൽ അതിവിദഗ്ധമായ ഒരു തിരക്കഥ പ്രതികൾ ഒരുക്കിയിരുന്നു. ഇംഗ്ലീഷ് സിനിമയെ വെല്ലുംവിധത്തിലുള്ള ഈ പണം തട്ടലിന് പിന്നിൽ പക്കാ ക്രിമിനലുകളായ മറ്റു രണ്ടുപേരുടെ കുബുദ്ധിയും ഉപയോഗിച്ചിട്ടുണ്ട്.  ഇതിനെല്ലാം പുറമെ ഏ.കെ. റംലയുടെ ക്രിമിനൽ പശ്ചാത്തലം റംലയെ അറിയാവുന്ന തീരദേശവാസികൾ ഇതിനകം ഉറപ്പിച്ചതാണ്.

പണം തട്ടാൻ തിരക്കഥ ഒരുക്കിയിട്ടുള്ള സമീർ ഈ ചിത്രത്തിലെ നായകനാണ്. സമീർ വലിയ ക്രിമിനൽ പശ്ചാത്തലമുള്ള യുവാവാണ്.സമീറും പോലീസിന് കൈയ്യെത്താവുന്ന ദൂരത്തിലുണ്ടായിട്ടും, തൊടുന്നില്ല. അതിനിടെ 2 ലക്ഷം രൂപ ജ്വല്ലറിയുടമയ്ക്ക് നൽകി കേസ്സ് ഒതുക്കാനുള്ള നീക്കവുമായി കാഞ്ഞങ്ങാട്ടെ ഒരു വക്കീൽ ഇന്നലെ പോലീസിലെത്തിയത് മറ്റൊരു അദ്ഭുതമായി മാറിയിട്ടുണ്ട്.

റംല തട്ടിയെടുത്ത 2 ലക്ഷം രൂപ തരാമെന്ന് പറഞ്ഞ് ഈ പണം തട്ടൽ പുറത്തുവന്ന് മൂന്നാം ദിവസം ജ്വല്ലറിയുടമ സജ്ഞയനെ ഒരാൾ ഫോണിൽ വിളിച്ചിരുന്നു. ഈ കോൾ വിളിച്ച ആളെയും പോലീസ് തിരിച്ചറിഞ്ഞിട്ടും, റംലയും സമീറും പോലീസിന് ഇപ്പോഴും കൈയ്യെത്താ ദൂരത്താണ്. പ്രതികളും പോലീസും തമ്മിലുള്ള പരസ്പര ധാരണയാണ് ഈ പണംതട്ടൽ കേസ്സിൽ ഇപ്പോൾ നടന്നുവരുന്നത്.

LatestDaily

Read Previous

പീഡനത്തിനിരയായ വിദ്യാർത്ഥിനിയും 23—കാരനും ഗോവയിൽ ആത്മഹത്യയ്ക്ക് തുനിഞ്ഞു

Read Next

പരപ്പയിൽ കോൺഗ്രസ്സ് പ്രവർത്തകർക്ക് കുത്തേറ്റു കോൺഗ്രസ്സ് ഓഫീസിന് പ്രതി പൂട്ടിട്ടു