ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പാണത്തൂർ സ്വദേശിനി നൗഫീറ അമ്പലത്തറയിലെ ഭർതൃവീട്ടിൽ അനുഭവിച്ചത് കടുത്ത മാനസിക പീഡനമെന്ന് രക്ഷിതാക്കളുടെ വെളിപ്പെടുത്തൽ. അമ്പലത്തറ പാറപ്പള്ളിയിലെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നൗഫീറയുടെ പിതാവ് ഏരത്ത് മുഹമ്മദ് കുഞ്ഞിയാണ് മകൾ ഭർതൃഗൃഹത്തിൽ അനുഭവിച്ച ദുരിതങ്ങൾ ലേറ്റസ്റ്റുമായി പങ്കുവെച്ചത്.
ഫെബ്രുവരി 11-ന് പുലർച്ചെയാണ് നൗഫീറയെ ഭർത്താവായ പാറപ്പള്ളിയിലെ അബ്ദുൾ റസാഖിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ മരിച്ച വിവരം ഒളിച്ചുവെക്കാൻ റസാഖിന്റെ ബന്ധുക്കൾ ശ്രമിച്ചിരുന്നതായി മുഹമ്മദ്കുഞ്ഞി ആരോപിച്ചു. റസാഖിന്റെ ഉപദ്രവം സഹിക്കാതെ ജനുവരി അവസാന വാരത്തിൽ മുഹമ്മദ്കുഞ്ഞി മകളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു.
ഭർത്താവ് ക്രൂരമായി മർദ്ദിച്ച വിവരം നൗഫീറ മാതാവിനെ വിളിച്ചറിയിച്ചതിനെത്തുടർന്നാണ് മുഹമ്മദ് കുഞ്ഞി പാറപ്പള്ളിയിലെത്തി മകളെ പാണത്തൂരിലെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. റസാഖ് കരണത്തടിച്ചതിനെത്തുടർന്ന് സാരമായി പരിക്കേറ്റ നിലയിലാണ് നൗഫീറ ജനുവരിയിൽ സ്വന്തം വീട്ടിലെത്തിയത്. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് റസാഖ് നൗഫീറയെ തിരികെ പാറപ്പള്ളിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. റസാഖ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന സംശയം മകൾ താനുമായി പങ്കുവെച്ചിരുന്നെന്ന് മുഹമ്മദ്കുഞ്ഞി പറഞ്ഞു. അർധ രാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന റസാഖ് പുലർച്ചെയാണ് വീട്ടിൽ തിരിച്ചെത്താറുള്ളത്. മയക്കുമരുന്ന് ഉപയോഗിക്കാൻ വേണ്ടിയാണ് റസാഖ് അർധ രാത്രി വീടിന് പുറത്തേക്ക് പോയിരുന്നതെന്നും, നൗഫീറ പിതാവിനോട് വെളിപ്പെടുത്തിയിരുന്നു.
ഭർത്താവ് തന്നെ പലതവണ പരസ്യമായി അപമാനിച്ച വിവരം നൗഫീറ രക്ഷിതാക്കളെ അറിയിച്ചിരുന്നു. ബന്ധുക്കളുടെ മുന്നിലും, പൊതു സ്ഥലങ്ങളിലും , ഹോട്ടലുകളിലും നൗഫീറ പലതവണ പരസ്യമായി അപമാനിക്കപ്പെട്ടിരുന്നു. മറ്റുള്ളവരുടെ മുന്നിൽ ഭാര്യയെ മർദ്ദിക്കുന്നതും റസാഖിന്റെ വിനോദമായിരുന്നു. 2017 ഏപ്രിൽ 22-നാണ് നൗഫീറയെ അബ്ദുൾ റസാഖ് വിവാഹം കഴിച്ചത്. നൗഫീറയെ പ്രണയക്കെണിയിൽ വീഴ്ത്തിയാണ് റസാഖ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് നൗഫീറ ഭർത്താവിന്റെ അസാൻമാർഗിക നടപടികൾ തിരിച്ചറിഞ്ഞത്.
റസാഖിന് പരസ്ത്രീ ബന്ധമുള്ളതായും നൗഫീറ കണ്ടെത്തിയിരുന്നു. ഭർത്താവിന്റെ വഴിവിട്ട പോക്കിനെ മകൾ എതിർത്തിരുന്നതായും മുഹമ്മദ്കുഞ്ഞി വ്യക്തമാക്കി. നൗഫീറ ആത്മഹത്യ ചെയ്തതിന്റെ തലേ ദിവസം സഹോദരി നിലോഫറിന് അയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ ഭർത്താവ് തന്റെ കഴുത്തിന് പിടിച്ച് ഞെരിച്ചതായി വ്യക്തമാക്കിയിരുന്നു.
തന്റെ മകൾ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് മുഹമ്മദ്കുഞ്ഞി പറയുന്നത്. നൗഫീറയുടെ ആത്മഹത്യാ വിവരം തന്നെ അറിയിക്കാൻ വൈകിയതിൽ ദുരൂഹതയുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. കെട്ടിത്തൂങ്ങിയ നൗഫീറയെ ആശുപത്രിയിലെത്തിച്ചവർ മകൾ ഗുളിക മാറിക്കഴിച്ചുവെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചത്. യഥാർത്ഥ വിവരം, മറച്ചുവെച്ചത് മകളുടെ ജീവൻ രക്ഷിക്കുന്നതിന് തടസ്സമായെന്നും ഇദ്ദേഹം വിശ്വസിക്കുന്നു