ഇരു മുന്നണികളിലും സ്ഥാനാർത്ഥി നിർണ്ണയ ചർച്ച തീരുമാനം രണ്ട് ദിവസത്തിനകം

കാഞ്ഞങ്ങാട്: ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയം അന്തിമമാക്കാൻ തിരക്കിട്ട നീക്കവുമായി ഇടതു- വലതു മുന്നണികളും ബിജെപിയും. രണ്ട് ദിവസത്തിനകം അഞ്ച് മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികൾ സംബന്ധിച്ച് അന്തിമ പ്രഖ്യാപനമുണ്ടാകും. ഉദുമ മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി യെ സംബന്ധിച്ച് അവ്യക്തത തുടരുമ്പോൾ, ഉദുമയിൽ സിപിഎം സ്ഥാനാർത്ഥിയെ സംബന്ധിച്ച് ധാരണയിലെത്തി.

സിപിഎം ജില്ലാ സിക്രട്ടറി എം.വി. ബാലകൃഷ്ണന്റെ പേരിന് ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ സിപിഎം പ്രഥമ പരിഗണന നൽകുന്നുണ്ട്. ഏതെങ്കിലുമൊരു സീറ്റീൽ ബാലകൃഷ്ണൻ മൽസര രംഗത്തുണ്ടാവുമെന്നുറപ്പായിട്ടുണ്ട്. തൃക്കരിപ്പൂർ, ഉദുമ മണ്ഡലങ്ങളിൽ ഏത് മണ്ഡലത്തിൽ മത്സരിക്കണമെന്നത് സംബന്ധിച്ച് മാത്രമേ തീരുമാനമാകാനുള്ളു. തൃക്കരിപ്പൂരിൽ നിലവിലുള്ള എംഎൽഏ, എം. രാജഗോപാലന് ഒരവസരം കൂടി നൽകണമെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്. രാജഗോപാലന്റെ ജനകീയ മുഖം, ജില്ലയിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളിൽ കൂടി മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് പാർട്ടിയിലുയർന്ന അഭിപ്രായമെങ്കിലും, രാജഗോപാലനെ ജില്ലാ സിക്രട്ടറി പദവിയിലെത്തിച്ച് പകരം എം.വി. ബാലകൃഷ്ണനെ മത്സരിപ്പിക്കുന്നതിനാണ് സാധ്യത.

ഉദുമയിൽ മത്സരിക്കുന്നതിനേക്കാൾ ബാലകൃഷ്ണന് സ്വന്തം നാടായ തൃക്കരിപ്പൂരിൽ മത്സരിക്കാനാണ് താൽപ്പര്യം. തൃക്കരിപ്പൂരിൽ ബാലകൃഷ്ണൻ ഉറപ്പിച്ചാൽ, ഉദുമയിൽ സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്. കുഞ്ഞമ്പു, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇ. പത്മാവതി എന്നിവരിൽ ഒരാൾ മൽസരരംഗത്തുണ്ടാവും. കാസർകോട്ടെ ഒരു മണ്ഡലത്തിൽ വനിത മൽസരിക്കട്ടെയെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്താൽ, പത്മാവതിക്ക് നറുക്ക് വീഴും. കാസർകോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ സിപിഎം മൂന്ന് മണ്ഡലങ്ങളിലാണ് മൽസരിക്കുന്നത്.

ഇതിൽ ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ മാത്രമാണ് സിപിഎം കഴിഞ്ഞ തവണ വിജയിച്ചത്. ഈയൊരു സാഹചര്യത്തിൽ ജില്ലയിൽ വനിതാ സ്ഥാനാർത്ഥി വേണ്ടെന്ന പ്രഖ്യാപനമുണ്ടായാൽ, സി.എച്ച്. കുഞ്ഞമ്പു മൽസര രംഗത്തെത്തും. കാസർകോട് മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് തവണയും ഐഎൻഎലാണ് മൽസരിച്ചത്. ഇത്തവണയും ഐഎൻഎൽ സ്ഥാനാർത്ഥിയാവും കാസർകോട് മണ്ഡലത്തിൽ മൽസരിക്കുക. മഞ്ചേശ്വരത്ത് കന്നഡ ആഭിമുഖ്യമുള്ള പേരിനാണ് സിപിഎം പ്രഥമ പരിഗണന നൽകുന്നത്.

ഇവിടെ മുസ്്ലീം ലീഗ് സ്ഥാനാർത്ഥി ആരാകുമെന്നതിൽ അവ്യക്തത തുടരുകയാണ്. കാസർകോട് മണ്ഡലത്തിലെ മുസ്്ലീം ലീഗ് സ്ഥാനാർത്ഥിയുടെ പേര് അടുത്ത ദിവസം പ്രഖ്യാപിക്കും. കാഞ്ഞങ്ങാട് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പി. പ്രദീപ്കുമാറിന്റെ പേരിനാണ് കോൺഗ്രസ്സ് പ്രഥമ പരിഗണന നൽകുന്നത്. സിപിഐയുടെ മണ്ഡലമായ കാഞ്ഞങ്ങാട് ഇ. ചന്ദ്രശേഖരൻ ഇടതുമുന്നണിയിൽ നിന്നും മൂന്നാമങ്കത്തിനിറങ്ങുമെന്നുറപ്പായി. അഞ്ചിനകം സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ.

LatestDaily

Read Previous

ആഴക്കടലിൽപ്പെട്ട തോണിയിൽ അള്ളിപ്പിടിച്ച് അഞ്ച് പേർ; രക്ഷയായത് ഹാം റേഡിയോ

Read Next

ഏടിഎം തകർത്ത് 24 ലക്ഷം തട്ടിയ പ്രതികൾ അറസ്റ്റിൽ