കെ.എം.ഷാജി കാസർകോട്ടേക്കില്ല പിൻമാറ്റം കടുത്ത എതിർപ്പ് മൂലം

കാഞ്ഞങ്ങാട്: അഴീക്കോട് സീറ്റ് വിട്ട് സുരക്ഷിത സീറ്റായ കാസർകോട്ട് മത്സരിക്കാനുള്ള കെ.എം. ഷാജിയുടെ ശ്രമങ്ങളെ ജില്ലയിലെ ഒരു വിഭാഗം ലീഗ് പ്രവർത്തകരും, നേതാക്കളും, ശക്തമായി എതിർത്തു. ഇതോടെ കാസർകോട്ട് മത്സരിക്കാമെന്ന മോഹം കെ.എം.ഷാജി ഉപേക്ഷിച്ചു.  പ്ലസ്ടു കോഴക്കേസിൽ ആരോപണ വിധേയനായ ഷാജി കൂടുതൽ സുരക്ഷിത സ്ഥാനമെന്ന നിലയിലാണ് കാസർകോട്ട് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ എം.സി. ഖമറുദ്ദീൻ മഞ്ചേശ്വരത്ത് വീണ്ടും മത്സരിക്കാൻ അരയും, തലയും മുറുക്കി അണിയറയിൽ ചരടുവലികൾ നടത്തുന്നതിനിടെയാണ് പ്ലസ് ടു അഴിമതിക്കേസിലും, അനധികൃത സ്വത്ത് സമ്പാദനത്തിലും ആരോപണ വിധേയനായ കെ.എം. ഷാജി സ്ഥാനാർത്ഥി മോഹവുമായി കാസർകോട്ടേയ്ക്ക് വണ്ടി കയറാനൊരുങ്ങിയത്.  ജില്ലയിലെ മുസ്്ലീം ലീഗ് നേതൃത്വത്തിന് ഏറെ നാണക്കേടുണ്ടാക്കിയ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിന് പുറമെ ഷാജിയുടെ പേരിലുള്ള വിവാദങ്ങൾ കൂടി തലയിൽ വെക്കാൻ കഴിയില്ലെന്ന നിലപാടായിരുന്നു ലീഗ് അനുയായികൾക്കും നേതൃത്വത്തിലെ ഒരു വിഭാഗത്തിനും.

കെ.എം. ഷാജിയെ കാസർകോടിനും വേണ്ടാതായതോടെ അദ്ദേഹത്തെ മലപ്പുറം ജില്ലയിൽ മത്സരിപ്പിക്കാനാണ് ലീഗ് സംസ്ഥാന നേതൃത്വം ഒരുങ്ങുന്നത്. കാസർകോട് സീറ്റ് ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുള്ളയ്ക്ക് നൽകി എൻ.ഏ. നെല്ലിക്കുന്നിനെ മഞ്ചേശ്വരത്ത് മത്സരിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കെ.എം ഷാജിയെ തങ്ങൾക്ക് വേണ്ടെന്ന് ലീഗ് നേതാക്കൾ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ടറിയിച്ചു. മാർച്ച് 5- നാണ് ലീഗിന്റെ അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തു വിടുന്നത്.

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ് പ്രതി എം.സി. ഖമറുദ്ദീന് മഞ്ചേശ്വരം സീറ്റ് ലഭിക്കില്ലെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന ഏ.കെ. എം. അഷ്റഫിനെ മാറ്റി പകരം എൻ.ഏ നെല്ലിക്കുന്നിനെ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങളെ മണ്ഡലം എങ്ങിനെ സ്വീകരിക്കുമെന്നും പ്രവചിക്കാൻ കഴിയില്ല. ഖമറുദ്ദീനെ കുഞ്ഞാലിക്കുട്ടി കൂടി കയ്യൊഴിഞ്ഞതായാണ് വിവരം. ഉപതെരഞ്ഞടുപ്പിൽ ഏ.കെ.എം. അഷ്റഫിനെ വെട്ടിമാറ്റി എം.സി. ഖമറുദ്ദീന് സീറ്റ് നൽകിയത് പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയാണ്.

ഖമറുദ്ദീനെതിരെ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങിയ കണ്ണൂർ അബ്ദുള്ള മാസ്റ്ററെ നാമ നിർദ്ദേശപത്രിക പിൻവലിക്കാൻ നിർബന്ധിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടി നേരിട്ടെത്തിയായിരുന്നു. കണ്ണൂർ അബ്ദുള്ളയുടെ മകൻ മുഹമ്മദ് ഇർഷാദിൽ നിന്നും ലീഗ് എംഎൽഏ പാറയ്ക്ക്ൽ അബ്ദുള്ളയുടെ ബന്ധുവടങ്ങുന്ന സംഘം ഒന്നരക്കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പാറയ്ക്കൽ അബ്ദുള്ള നടത്തിയ മധ്യസ്ഥ ശ്രമങ്ങൾ എങ്ങുമെത്താതെ വന്നപ്പോഴാണ്, കണ്ണൂർ അബ്ദുള്ള മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ലീഗിന്റെ റിബൽ സ്ഥാനാർത്ഥിയായത്.

നോമിനേഷൻ പിൻവലിപ്പിക്കാൻ നേരിട്ടെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടിയും, പാറയ്ക്കൽ അബ്ദുള്ളയും കണ്ണൂർ അബ്ദുള്ള മാസ്റ്ററെയും , മകനെയും വഞ്ചിച്ചുവെന്നാണ് പുതിയ ആരോപണം. മകന് കിട്ടാനുള്ള പണം വാങ്ങി നൽകാൻ ഇടനിലക്കാരനാകാമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാഗ്ദാനം.  തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കുഞ്ഞാലിക്കുട്ടി വാഗ്ദാനത്തിൽ നിന്നും പിൻമാറി. എം.സി ഖമറുദ്ദീനെ ലീഗിനുള്ളിൽ സംരക്ഷിച്ച് നിർത്തിയത് പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു.

തട്ടിപ്പ് കേസിൽ പ്രതിയായ എംഎൽഏയ്ക്കെതിരെ പാർട്ടി നടപടി സ്വീകരിക്കാത്തതിന് പിന്നിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സമ്മർദ്ദമുണ്ടായിരുന്നു. നിക്ഷേപത്തട്ടിപ്പിനിരയായ ലീഗ് അനുഭാവികൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിൽ കണ്ട് പരാതി പറയാൻ ശ്രമിച്ചിരുന്നെങ്കിലും, ഈ നീക്കങ്ങളെ തടഞ്ഞത് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ കാസർകോട്ട് ലീഗിനുള്ളിൽ ആഭ്യന്തര കലഹങ്ങൾ മൂർച്ഛിച്ചു. നേതൃത്വത്തോട് കലഹിച്ച് ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗമായ സി.എൻ അബ്ദുൾ ഹമീദ് പാർട്ടി വിട്ടത് കഴിഞ്ഞ ദിവസമാണ്. മഞ്ചേശ്വരത്ത് ഇക്കുറി ഏ.കെ.എം അഷ്റഫിന് സീറ്റ് നൽകിയില്ലെങ്കിൽ മഞ്ചേശ്വരത്തും ലീഗിനുള്ളിൽ കലാപമുണ്ടാകാൻ സാധ്യതയുണ്ട്.

LatestDaily

Read Previous

റംല മുങ്ങിയത് കുടുംബ സമേതം

Read Next

നൗഷീറയുടെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ