സുകുമാരൻ പൂച്ചക്കാടിനെതിരെയുള്ള നടപടി കെപിസിസി പിൻവലിച്ചേക്കും

നടപടി പിൻവലിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

കാഞ്ഞങ്ങാട്: കോൺഗ്രസ്സിൽ നിന്നും പുറത്താക്കൽ നടപടിക്ക് വിധേയനായ ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സിക്രട്ടറി സുകുമാരൻ പൂച്ചക്കാടിനെതിരെയുള്ള നടപടി കെപിസിസി പിൻവലിക്കും. കെപിസിസി ജനറൽ സിക്രട്ടറി ധന്യ സുരേഷിനെതിരെ വാട്സ്ആപ്പിൽ മോശമായി പദപ്രയോഗം നടത്തിയതായുള്ള പരാതിയിൽ അച്ചടക്ക നടപടിക്ക് വിധേയനായ സുകുമാരനെതിരെയുള്ള സസ്പെൻഷൻ നടപടി വൈകാതെ പിൻവലിക്കണമെന്ന് ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളുടെ അടിയന്തിര യോഗം ഐക്യ കണ്ഠേന കെപിസിസി പ്രസിഡണ്ടിനയച്ച കത്തിൽ ആവശ്യപ്പെട്ടു.

മികച്ച സംഘാടകനായ സുകുമാരനെപ്പോലുള്ള പ്രവർത്തകർക്കെതിരെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ നടപടിയെടുത്തത് അന്വേഷണം പോലും ആവശ്യപ്പെടാതെയായിരുന്നുവെന്ന് ബ്ലോക്ക് കമ്മിറ്റിയോഗം വിലയിരുത്തി. സുകുമാരൻ പൂച്ചക്കാട് അയച്ച വാട്സ്ആപ് സന്ദേശം ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലടക്കമുള്ള നേതാക്കൾ പരിശോധിച്ചു.

പരാതിക്കാരിയായ മഹിളാ നേതാവിന്റെ പേര് സന്ദേശത്തിൽ ഒരിടത്തും പരാമർശിച്ചിട്ടില്ലെന്ന് നേതാക്കൾക്ക് വ്യക്തമായ സാഹചര്യത്തിൽ കൂടിയാണ് സുകുമാരനെതിരെ അന്വേഷണം നടത്താതെയെടുത്ത നടപടി പിൻവലിക്കാൻ കോൺഗ്രസ്സ് നേതാക്കളിൽ നിന്നും ആവശ്യമുയർന്നത്.

പരാതിക്കാരിയുടെ വാദം മാത്രം കേട്ട കെപിസിസി ജനറൽ സിക്രട്ടറി വി. ഏ. നാരായണൻ സുകുമാരനോട് കൂടി കാര്യമന്വേഷിച്ചിരുന്നുവെങ്കിൽ തെറ്റിദ്ധാരണ ഒഴിവാക്കാമായിരുന്നുവെന്നാണ് കോൺഗ്രസ്സ് നേതാക്കൾ വ്യക്തമാക്കുന്നത്. കോൺഗ്രസ്സ് നേതാക്കൾ മാത്രം അംഗങ്ങളായിട്ടുള്ള 42 പേരുള്ള ചാരിറ്റി ഗ്രൂപ്പിലിട്ട സുകുമാരന്റെ പോസ്റ്റിലാണ് കെപിസിസി പ്രസിഡണ്ടിന്റെ നടപടിയുണ്ടായത്.

ധന്യാ സുരേഷിന്റെ പേരോ, ധന്യയെക്കുറിച്ചുള്ള സൂചനകളോ ഒന്നുമില്ലാത്ത വാട്സ്ആപ് പോസ്റ്റിന്റെ പേരിലാണ് കെപിസിസി പ്രസിഡണ്ട് സുകുമാരൻ പൂച്ചക്കാടിനെതിരെ കടുത്ത നടപടി സ്വീകരിച്ചതെന്ന് ഡിസിസി തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് സുകുമാരനെതിരെ സ്വീകരിച്ച നടപടി പിൻവലിക്കുന്നത് ആലോചിക്കാൻ കെപിസിസി പ്രസിഡണ്ട് നിർബ്ബന്ധിതനായത്.

പ്രോഗ്രസ്സീവ് ചാരിറ്റി എന്ന പേരിൽ ചുരുങ്ങിയ നാളുകൾക്ക് മുമ്പാണ് വാട്സാപ്പ് ഗ്രൂപ്പുകൾ രൂപം കൊണ്ടത്. ഭക്ഷ്യധാന്യങ്ങളും മരുന്നുകളുമടക്കം നിരവധി കാരുണ്യപ്രവർത്തനവും പെരിയയിൽ നിർധന കുടുംബത്തിന് വീട് വെച്ച് നൽകിയതടക്കം ഒട്ട നവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ വാട്സ്ആപ്പ് കൂട്ടായ്മ നേതൃത്വം നൽകിയതിൽ സുകുമാരൻ പൂച്ചക്കാട് മുൻപന്തിയിലുണ്ട്.

LatestDaily

Read Previous

കുഞ്ഞാലിക്കുട്ടി ഭീഷണിപ്പെടുത്തിയെന്ന് യുവാവ്: പരാതിയിൽ നടപടിയില്ല

Read Next

ഖമറുദ്ദീൻെറ നിക്ഷേപത്തട്ടിപ്പ് രാഷ്ട്രീയ ആയുധമാക്കാൻ സിപിഎമ്മിന് കഴിഞ്ഞില്ല