പള്ളിയുടെ പേരിൽ വ്യാജ വിവാഹ രേഖയുണ്ടാക്കിയെന്ന് പരാതി

fake red grunge square vintage rubber stamp

കാഞ്ഞങ്ങാട്: മാവുങ്കാൽ മുഹ്്യുദീൻ ജുമാമസ്ജിദിൻെറ പേരിൽ വ്യാജ രേഖ നിർമ്മിച്ച് വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കിയ ദമ്പതികൾക്കെതിരെ പള്ളി ഭാരവാഹികൾ പോലീസിൽ പരാതി നൽകി. കൊയിലാണ്ടി വയലാടിലെ വി. എം. മുർഷിദും, പെരിയ നവോദയ നഗരറിലെ യുവതിയും വിവാഹം കഴിച്ചതായി മാവുങ്കാൽ പള്ളിയുടെ പേരിൽ രേഖയുണ്ടാക്കിയതായാണ് പള്ളി സെക്രട്ടറി അബുസാലി ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയത്.

50 രൂപ മുദ്ര പേപ്പറിൽ പള്ളിയുടെയും, പള്ളി സെക്രട്ടറിയുടെയും വ്യാജ സീലുകളുണ്ടാക്കിയാണ് രേഖ ചമച്ചത്. മാവുങ്കാൽ പള്ളി ഖത്തീബ് വിവാഹം നടത്തിയതായുള്ള രേഖ മുർഷിദ് വയലാട് ജമാഅത്ത് ഭാരവാഹികൾക്ക് കൈമാറിയിരുന്നു. രേഖ പരിശോധിച്ചതിൽ സംശയം തോന്നി വയലാട് ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ മാവുങ്കാൽ പള്ളി കമ്മിറ്റിയുമായി ബന്ധപ്പെട്ടപ്പോഴാണ് രേഖ വ്യാജമാണെന്ന് വ്യക്തമായത്.

2020 ആഗസ്റ്റ് 15 ന് ദമ്പതികൾ വിവാഹിതരായതായി 2021 ഫെബ്രുവരി 16–ാം തീയ്യതി രേഖപ്പെടുത്തിയതാണ് വിവാഹ രേഖ. വിവാഹം കഴിഞ്ഞതിനുള്ള രേഖ നൽകണമെന്നാവശ്യപ്പെട്ട് നേരത്തെ ചിലർ മാവുങ്കാൽ പള്ളി ഭാരവാഹികളെ സമീപിച്ചിരുന്നുവെങ്കിലും നടക്കാത്ത വിവാഹത്തിന് രേഖ നൽകാൻ പള്ളിക്കമ്മിറ്റി തയ്യാറായില്ല. തുടർന്നാണ് വ്യാജ വിവാഹ രേഖയുണ്ടാക്കി കൊയിലാണ്ടി പള്ളിയിൽ ഹാജരാക്കിയത്.

Read Previous

പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Read Next

തമിഴ്നാട് യുവതിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനായില്ല