തൃക്കരിപ്പൂർ ഉദുമ കാഞ്ഞങ്ങാട് ഇത്തവണ ഇടതിന് എളുപ്പമല്ല

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ ഉദുമ, തൃക്കരിപ്പൂർ,കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളിൽ വിജയിച്ചു കയറാൻ ഇക്കുറി ഇടതുമുന്നണിക്ക് അത്ര എളുപ്പമല്ല. ഇരു നിയമസഭാ മണ്ഡലങ്ങളേയും അഞ്ചു വർഷവും പത്തു വർഷവും പ്രതിനിധികരിച്ച എംഎൽഏമാർക്ക് മണ്ഡലത്തിൽ ചൂണ്ടിക്കാണിക്കാൻ കഴിയുന്ന നേട്ടങ്ങൾ ഒന്നും തന്നെയില്ലെന്നാണ് ഇടതു പാർട്ടികളിലെ യുവതല വോട്ടർമാരുടെ മുഖ്യ ആരോപണം. റോഡുകളും പാലങ്ങളും രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തു കാണിച്ചാൽ അത് വൻ വികസനമാണെന്ന് കാസർകോട് ജില്ലയിലെ എംഎൽഏമാർ തെറ്റിദ്ധരിച്ചു വെച്ചിരിക്കുകയാണ്.

ഇതിൻെറ കനത്ത പ്രത്യാഘാതമായി, ഉദുമ– തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ ഇത്തവണ ഇടതു യുവ നേതൃ നിരയിൽ നിന്നു തന്നെ വോട്ടുകളിൽ അടിയൊഴുക്കുകളുണ്ടാകും.  പാർട്ടി വോട്ടുകളിൽ ഒരിക്കലും ചോർച്ചയുണ്ടാവില്ലെന്ന തെറ്റായ ബോധം ജില്ലയിലെ സിപിഎം നേതൃത്വം വ്യഥാ വെച്ചു പുലർത്തിയതിനുള്ള തെളിവാണ് ലോക് സഭയിലേക്ക് ആദ്യ തവണ ജയിച്ച പി. കരുണാകരൻെറ ഭൂരിപക്ഷം രണ്ടാം തവണ കുത്തനെ ഇടിഞ്ഞതും, മൂന്നാം തവണ ഭൂരിപക്ഷം വെറും 7500 വോട്ടുകളിലേക്ക് ചുരുങ്ങിപ്പോയതും.

എന്തിനധികം പറയുന്നു 15 വർഷക്കാലം അങ്ങ് ദൽഹിയിൽ കാസർകോട് മണ്ഡലത്തെ പ്രതിനിധീകരിച്ച കരുണാകരന്, പതിനാലാം വർഷം നീലേശ്വരം റെയിൽ മേൽപ്പാലം യാഥാർത്ഥ്യമാക്കാൻ നീലേശ്വരത്ത് സത്യാഗ്രഹമിരിക്കേണ്ടി വന്ന ദയനീയാവസ്ഥ കാസർകോട് ജില്ലയിലെ വോട്ടർമാർ അനുഭവിച്ചറിഞ്ഞതുകൊണ്ടായിരിക്കാം, ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ. പി. സതീഷ്ചന്ദ്രനെ ലോക്സഭയിലെത്തിക്കാതെ വോട്ടർമാർ വീട്ടിലിരുത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം കേരളത്തിൽ മുഴങ്ങിക്കഴിഞ്ഞപ്പോൾ, ഉദുമയിലും തൃക്കരിപ്പൂരിലും, കാഞ്ഞങ്ങാട്ടും വിജയശ്രീലാളിതരായി നീണ്ട പത്തു വർഷക്കാലം നിയമസഭയിലിരുന്ന ഇടതു എംഎൽഏമാർക്ക് അവരുടെ മണ്ഡലങ്ങളിൽ ചൂണ്ടിക്കാണിക്കാനുള്ളത് രണ്ട് പാലങ്ങളും ഒാരോ റോഡുമാണ്.
ഈ അതിർത്തി ദേശത്തെ ജനങ്ങൾ ഇന്നനുഭവിക്കുന്ന യാതനയും വേദനയും തൊഴിലില്ലായ്മയാണ്. ഏകെജിയുടെ കാലം തൊട്ട് ഇ.കെ. നായനാരുടെ കാലം വരെ കാസർകോട്– കണ്ണൂർ ജില്ലകളിൽ ബീഡി തെറുത്താണ് തൊഴിലാളി കുടുംബങ്ങളുടെ കൂരകളിൽ തീ പുകഞ്ഞിരുന്നത്.

പയ്യന്നൂരിലും കരിവെള്ളൂരിലും നെയ്ത്തു ശാലകളുണ്ടായിരുന്നുവെങ്കിലും, കാലം സൂപ്പർ സോണിക്ക് യുഗത്തിലേക്ക് കുതിച്ചതോടെ ബീഡി നിർമ്മാണ ശാലകളും നെയ്ത്തു തറികളും പാടെ വീടു വിട്ടുപോയപ്പോഴും, പയ്യന്നൂർ മുതൽ തലപ്പാടി വരെയുള്ള നിർദ്ധന കുടുംബങ്ങളിൽ ഒരു വീട്ടിൽ ഒരാൾക്കെങ്കിലും പ്രതിമാസം നാലക്ക ശമ്പളമെങ്കിലുമുള്ള പണി കിട്ടുന്ന ഒരു നിർമ്മാണ ശാലയെങ്കിലും, സ്ഥാപിക്കാൻ കാസർകോട്ട് നിന്നുള്ള ഒരു എംപിക്കും, എംഎൽഏയ്ക്കും നാളിതുവരെ കഴിഞ്ഞില്ല.

ഇടതുപക്ഷത്ത് നാലുപതിറ്റാണ്ടുകൾക്ക് ശേഷം കാഞ്ഞങ്ങാട്ടു നിന്ന് ഒരു മന്ത്രിയെ ജനങ്ങൾ പ്രതീക്ഷയോടെ നിയമ നിർമ്മാണ സഭയിലേക്കയച്ചുവെങ്കിലും, സ്വന്തം മണ്ഡലത്തിലും, ജില്ലയിലും അഞ്ഞൂറ് പേർക്കെങ്കിലും പണി കിട്ടുന്ന ഒരു ചെറു നിർമ്മാണ തൊഴിൽ ശാല പോലും പ്രാവർത്തികമാക്കാൻ ആ മന്ത്രിക്കും കഴിഞ്ഞില്ല. കേരളത്തിൽ കണ്ണൂർ അടക്കമുള്ള ജില്ലകളിലെല്ലാം അഞ്ഞൂറ് മുതൽ ആയിരം പേർ തൊഴിൽ ചെയ്യുന്ന ചെറുതും വലുതുമായ നിർമ്മാണ ശാലകൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്.

അവിടങ്ങളിലെല്ലാം തൊഴിൽ ശാലകൾ നിലനിർത്തിക്കൊണ്ട് തന്നെ തൊഴിലാളികളുടെ സംഘടനാ ബലവും, വർദ്ധിതമായ പോരാട്ടങ്ങളും നടക്കുന്നുണ്ട്. കാസർകോട് ജില്ലയിലെ അഭ്യസ്തവിദ്യരും അല്ലാത്തവരുമായ യുവ ജനങ്ങളുടെ വോട്ടുകൾ വേണ്ടെന്ന് ഇൗ ജില്ലയെ പ്രതിനീധികരിച്ചവരും വീണ്ടും മൂന്നാം അങ്കത്തിന് ഒരുങ്ങി നിൽക്കുന്നവർക്കും പറയാൻ കഴിയില്ല.

ഉദുമ, തൃക്കരിപ്പൂർ, കാസർകോട്, മഞ്ചേശ്വരം, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ വോട്ടുകൾ വാങ്ങി നിയമസഭയിൽ വെറുതെ വന്നും പോയുമിരുന്നവർ തെക്കൻ ജില്ലകളിൽ സ്വന്തം മണ്ഡലങ്ങളിൽ എംഎൽഏമാർ നടത്തിയ വികസനങ്ങൾ ഒന്ന് നേരിട്ടു കണ്ടുനോക്കണം. അതുകൊണ്ടാണ് കഴിവും, ചങ്കൂറ്റവും, ഇച്ഛാശക്തിയുള്ളവരെ മാത്രം ജനങ്ങൾ ഇക്കുറി നിയമസഭയിലെത്തിക്കണമെന്ന് കക്ഷിരാഷ്ട്രീയമില്ലാത്ത ബഹുഭൂരിഭാഗം അമ്മമാരും മക്കളും സഹോദരിമാരും പണിയില്ലാത്ത ആണുങ്ങളും ഒരേ സ്വരത്തിൽ ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങി നിൽക്കുന്നത്.

തങ്ങൾക്ക് കാഞ്ഞങ്ങാട് മണ്ഡലത്തിലെ മടിക്കൈയിൽ മാത്രം 40 ശതമാനം പൊളിറ്റിക്കൽ വോട്ടുകളുണ്ടെന്നും അതുമാത്രം മതി വിജയം ഉറപ്പി ക്കാനെന്നും ഇത്തവണ ഏതെങ്കിലും സ്ഥാനാർത്ഥി കണക്ക് കൂട്ടുന്നുണ്ടെങ്കിൽ, പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിക്കുന്ന ഏകെജിയെ ലോക്സഭയിലെത്തിച്ച കാസർകോട് മണ്ഡലത്തിലാണ് കമ്മ്യൂണിസ്റ്റായ കെ. പി. സതീഷ്ചന്ദ്രൻ പതിനൊന്നു മാസം മുമ്പ് പരാജയത്തിൻെറ കൈയ്പ്പ് രുചിച്ചതെന്ന് കൂടി മനസ്സിൽ കുറിച്ചിടുന്നത് നല്ലതാണ്.

LatestDaily

Read Previous

ഡോക്ടർമാരുടെ കൈപ്പിഴ അരക്കോടി രൂപയ്ക്ക് വക്കീൽ നോട്ടീസ്

Read Next

ഡോക്ടർക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്