പൂക്കോയയുടെ വീട്ടിലേക്ക് വീണ്ടും പ്രതിഷേധമാർച്ച്, പൂക്കോയയെ ക്രൈംബ്രാഞ്ച് സംരക്ഷിക്കുന്നതായി ആരോപണം

ചന്തേര:  ഫാഷൻഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ  പ്രതി ടി.കെ. പൂക്കോയയെ ക്രൈംബ്രാഞ്ച്  സംരക്ഷിക്കുകയാണെന്നാരോപിച്ച് നിക്ഷേപകർ ടി.കെ. പൂക്കോയയുടെ ചന്തേരയിലെ വീട്ടിലേക്ക് മാർച്ച് നടത്തി.  മരണപ്പെട്ട മാതാവിനെക്കാണാൻ പർദ്ദ ധരിച്ച്  ടി.കെ. പൂക്കോയ ചന്തേര യിലെ വീട്ടിലെത്തിയിരുന്ന  വിവരം പുറത്തായതോടെയാണ് സ്ത്രീകളടങ്ങുന്ന സംഘം പൂക്കോയയുടെ ചന്തേരയിലെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. ക്രൈംബ്രാഞ്ചിനെതിരെയും, സിപിഎമ്മിനെതിരെയും മുദ്രാവാക്യം മുഴക്കിയെത്തിയ സംഘത്തെ പൂക്കോയയുടെ വീടിന് മുന്നിൽ  ചന്തേര എസ്ഐ, പി.സി സഞ്ജയ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. വീടിനകത്ത് കയറി പൂക്കോയയുടെ ബന്ധുക്കളുമായി സംസാരിക്കണമെന്നായിരുന്നു നിക്ഷേപത്തട്ടിപ്പിനിരയായ സ്ത്രീകളുടെ ആവശ്യം.

പൂക്കോയയുടെ മാതാവ് മരിച്ചതിനെത്തുടർന്ന് ഇദ്ദേഹം പർദ്ദ ധരിച്ച് വിട്ടിലെത്തിയിരുന്നതായി സംശയമുണ്ട്. അസുഖബാധിതയായി കിടപ്പിലായിരുന്ന മാതാവിനെ കാണാൻ പൂക്കോയ രണ്ട് തവണ ചന്തേരയിലെ വീട്ടിലെത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്. ക്രൈംബ്രാഞ്ച് അറിയാതെ പൂക്കോയക്ക് ചന്തേരയിലെത്താൻ കഴിയില്ലെന്നാണ് നിക്ഷേപകർ പറയുന്നത്.  ടി. കെ. പൂക്കോയയെ അറസ്റ്റ്  ചെയ്യാൻ കഴിയാത്തത് ക്രൈംബ്രാഞ്ചിന്റെ പരാജയമാണെന്നും പൂക്കോയയെ സംരക്ഷിക്കുന്നത് ക്രൈംബ്രാഞ്ചും സിപിഎമ്മുമാണെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്.

സർക്കാരിനും ക്രൈംബ്രാഞ്ചിനുമെതിരെയാണ് പ്രതിഷേധ ജാഥയിൽ മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. പൂക്കോയയുടെ ബന്ധുക്കളുമായി സംസാരിച്ച് തുടർ നടപടികൾ സ്വീകരിക്കാമെന്ന പോലീസിന്റെ ഉറപ്പിലാണ് പ്രതിഷേധത്തിനെത്തിയവർ പിരിഞ്ഞുപോയത്. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിലെ മുഖ്യപ്രതിയും മാനേജിംഗ് ഡയറക്ടറുമായ ചന്തേരയിലെ ടി. കെ. പൂക്കോയയെ കാണാതായിട്ട് മൂന്ന് മാസത്തിലേറെയായെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം കാര്യമായ ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല.

ഒരു തവണ ഇദ്ദേഹത്തെ അന്വേഷിച്ച് ക്രൈംബ്രാഞ്ച് കർണ്ണാടകയിൽ പരിശോധന നടത്തിയതൊഴിച്ചാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയും ഉണ്ടായില്ല. പൂക്കോയയെ സിപിഎം സംരക്ഷിക്കുകയാണെന്ന നിക്ഷേപകരുടെ ആരോപണങ്ങൾ ശരിവെക്കുന്ന വിധത്തിലാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നടക്കുന്നത്. തെരഞ്ഞടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതോടെ നിക്ഷേപത്തട്ടിപ്പ് കേസ്സിന്റെ അന്വേഷണവും അനിശ്ചിതത്വത്തിലായി. പൂക്കോയ കേരളത്തിൽത്തന്നെയുണ്ടെന്നാണ് നിക്ഷേപകർ സംശയിക്കുന്നത്. ഇദ്ദേഹത്തെ ആരോ സംരക്ഷിക്കുന്നുണ്ടെന്നും ഇവർ സംശയിക്കുന്നു. ഈ സംശയങ്ങൾക്ക് ഉത്തരം നൽകാതെ സിപിഎം ഒഴിഞ്ഞുമാറുകയാണ്. 

LatestDaily

Read Previous

ശൃഗാര ശബ്ദ രേഖയുടെ ഉറവിടം തേടുന്നു, ലീഗ് അഞ്ചംഗ സമിതിയെ നിയോഗിച്ചു

Read Next

എംഎൽഏക്കെതിരെ കൊലവിളി മുദ്രാവാക്യം ജില്ല കലാപ ഭീതിയിൽ