മന്ത്രി ചന്ദ്രശേഖരനെ ഉപയോഗിക്കാൻ സിപിഐക്കും കഴിഞ്ഞില്ല

കാഞ്ഞങ്ങാട്: മൂന്നരപ്പതിറ്റാണ്ടിന് ശേഷം കാസർകോട് ജില്ലയ്ക്ക് വീണുകിട്ടിയ സംസ്ഥാന മന്ത്രിയെ ജില്ലയുടെ സമഗ്രമായ വികസനത്തിന് ക്രിയാത്മകമായി ഉപയോഗിക്കാൻ സിപിഐ കാസർകോട് ജില്ലാക്കമ്മിറ്റിക്കും കഴിഞ്ഞില്ല. മൂന്നരപ്പതിറ്റാണ്ടുമുമ്പ് മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സിപിഐ നേതാവ് ഡോ. ഏ. സുബ്ബറാവുവാണ് കാസർകോട്  ജില്ലയിലെ ഒടുവിലത്തെ ഇടതു മന്ത്രി. 

2010-ൽ കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായ ഇ. ചന്ദ്രശേഖരൻ തിരഞ്ഞെടുക്കപ്പെടുകയും,  അദ്ദേഹം നിയമസഭയിൽ എംഎൽഏയായി 5 വർഷം പൂർത്തിയാക്കിയപ്പോഴൊന്നും, കാസർകോട് ജില്ലയിൽ സർക്കാർ മെഡിക്കൽ കോളേജ് എന്ന സർവ്വരുടെയും സ്വപ്നം സാക്ഷാൽക്കരിക്കാൻ ചന്ദ്രശേഖരന്റെ പാർട്ടിയുടെ  ജില്ലാക്കമ്മിറ്റി ഒന്നും ചെയ്തില്ല. 2015 മുതൽ 2020 കാലം വരെ ഇ. ചന്ദ്രശേഖരൻ രണ്ടാം തവണ കാഞ്ഞങ്ങാട്ട്  നിന്നു   നിയമസഭയിലെത്തുകയും സംസ്ഥാന റവന്യൂ- ഭവന നിർമ്മാണ വകുപ്പുമന്ത്രിയായി നീണ്ട അഞ്ചുവർഷക്കാലം ഭരണത്തിലിരുന്നപ്പോഴും, മന്ത്രിയെന്ന നിലയിൽ ചന്ദ്രശേഖരനെ ഉപയോഗിച്ച് ജില്ലയുടെ സമഗ്ര വികസനവും മെഡിക്കൽ കോളേജും, കാഞ്ഞങ്ങാട് കാണിയൂർ റെയിൽപ്പാതയും  യാഥാർത്ഥ്യമാക്കാനും സിപിഐ കാസർകോട് ജില്ലാക്കമ്മിറ്റിക്ക് കഴിഞ്ഞില്ല.

കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ പാർട്ടി ജില്ലാ സിക്രട്ടറിക്ക്  താഴെയാണ് മന്ത്രി എന്ന പാർട്ടി നിയമം ഒട്ടും അറിയാത്തവരല്ല കാസർകോട് ജില്ലയിലെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ. എന്നിരുന്നിട്ടും പാർട്ടി ജില്ലാ സിക്രട്ടറിയുടെ പദവിയിലിരുന്ന സിപിഐ നേതാക്കൾ മന്ത്രി ചന്ദ്രശേഖരന് തീർത്തും  താഴെയായിരുന്നു.  ഇ. ചന്ദ്രശേഖരൻ എംഎൽഏ ആയപ്പോൾ, കാസർകോട് ചെമ്മനാട് സ്വദേശി ടി. കൃഷ്ണനായിരുന്നു സിപിഐ ജില്ലാ സിക്രട്ടറി. പിന്നീട്  ചന്ദ്രശേഖരൻ മന്ത്രിയായ അഞ്ച് വർഷക്കാലം അജാനൂർ രാവണേശ്വരത്തെ ഗോവിന്ദൻ പള്ളിക്കാപ്പിലായിരുന്നു സിപിഐ ജില്ലാ സിക്രട്ടറി.

അഞ്ചു വർഷക്കാലം പിണറായി മന്ത്രിസഭയിൽ ചുവന്ന സ്റ്റേറ്റ് കാർ ബോർഡു കൊണ്ട് മാത്രം രണ്ടാമനായിരുന്ന ചന്ദ്രശേഖരനെ സർക്കാർ മെഡിക്കൽ കോളേജും കാണിയൂർ റെയിൽപാതയും യാഥാർത്ഥ്യമാക്കുന്നതിൽ ക്രിയാത്മകമായി ഉപയോഗിക്കുന്നതിൽ സിപിഐ ജില്ലാ കമ്മിറ്റി പരാജയപ്പെട്ടതിന്റെ ഫലമാണ് മന്ത്രിയെന്ന നിലയിൽ ഇ. ചന്ദ്രശേഖരന് ജില്ലയിലെ ജനങ്ങളിൽ ഇപ്പോൾ ഒന്നും ചൂണ്ടിക്കാണിക്കാനില്ലാതെ പോയത്. കാസർകോട് ജില്ലയിലെ വില്ലേജ് ഓഫീസുകൾക്ക് കെട്ടിടം പണിതത് വലിയ നേട്ടമായിട്ടാണ് മന്ത്രി ചന്ദ്രശേഖരന്റെ അനുയായികൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

സ്വന്തമായി കെട്ടിടമില്ലെങ്കിലും ഭൂമിയുടെ നികുതി പട്ടേലരുടെ വീട്ടിലെത്തിയിട്ടായാലും കൃത്യമായി അടക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ.  കാരണം നികുതി റസീത് ജുഡീഷ്യൽ കോടതികളിൽ പ്രതികളുടെ ജാമ്യ വ്യവസ്ഥകളിൽ നിർബ്ബന്ധമായതിനാൽ ഏതൊരു നികുതിയും സർക്കാറിലേക്ക് അടച്ചില്ലെങ്കിൽ ഭൂനികുതി കൃത്യമായി വില്ലേജാപ്പീസുകളിൽ എത്തിച്ചേരുക തന്നെ ചെയ്യുന്ന സാഹചര്യത്തിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫീസുകൾ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയെന്നത് ഒരു സംസ്ഥാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ എടുത്തു പറയേണ്ട നേട്ടമേയല്ല.

നാലു പതിറ്റാണ്ട് മുമ്പ് ഉദുമ നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച്   കേരള നിയമസഭയിലെത്തിയ പഴയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് നീലേശ്വരത്തെ എൻ. കെ. ബാലകൃഷ്ണൻ ആരോഗ്യമന്ത്രിയായിരുന്നപ്പോൾ 40 വർഷം മുമ്പ് കാഞ്ഞങ്ങാട് ധർമ്മാശു പത്രിക്ക് അന്ന് 50 കിടക്കകളുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടം യാഥാർത്ഥ്യമാക്കിയിരുന്നു. അത്ര പോലും മന്ത്രി ഇ. ചന്ദ്രശേഖരന് അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലത്തിൽ ചൂണ്ടിക്കാണിക്കാൻ  ഇന്ന് ഒന്നുമില്ല.

രണ്ടാമൻ ചുവന്ന ബോഡിൽ മാത്രം 

കേരള മന്ത്രിസഭയിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ രണ്ടാമനെന്ന പദവി ചന്ദ്രശേഖരൻ സഞ്ചരിക്കുന്ന സർക്കാർ വാഹനത്തിന്റെ ചുവന്ന ബോഡിൽ മാത്രം ഒതുങ്ങി നിന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാമനായപ്പോൾ രണ്ടാമനെന്ന പേരിൽ യാതൊരു പരിഗണനയും സിപിഐ മന്ത്രിയായ ചന്ദ്രശേഖരന് ലഭിച്ചില്ല. സിപിഐക്ക് ന്യായമായും  ലഭിക്കേണ്ട ഭൂരിഭാഗം ആവശ്യങ്ങളിലും ഒന്നാമൻ മുഖ്യമന്ത്രി രണ്ടാമനെ തീർത്തും തഴയുകയായിരുന്നു. കാഞ്ഞങ്ങാട്ട് മന്ത്രിയുടെ ഓഫീസിന് കല്ലെറിഞ്ഞ സംഭവത്തിൽ കാഴ്ചക്കാരനായി നിന്ന ഹൊസ്ദുർഗ്ഗ് പോലീസ് ഐപിയെ സ്ഥലം മാറ്റാൻ പോലും ചന്ദ്രശേഖരന് ഒരു മാസക്കാലം മുഖ്യമന്ത്രിയുടെ പിറകെ നടക്കേണ്ട അവസ്ഥയായിരുന്നു.  

LatestDaily

Read Previous

പാണത്തൂർ അതിർത്തി കടന്നും കാഞ്ഞങ്ങാട്ടേയ്ക്ക് മയക്കുമരുന്ന് ഒഴുകുന്നു

Read Next

വിഷം കഴിച്ചത് ഭർത്താവ് ഏൽപ്പിച്ച പണം ചിലവായ സങ്കടത്തിൽ