വിഷം കലർത്തിയ ഐസ്ക്രീം കഴിച്ചുമരിച്ച കുട്ടിക്ക് പിന്നാലെ ഇളയമ്മയും മരിച്ചു

കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറം തീരപ്രദേശത്തെ കണ്ണീരിലാഴ്ത്തി, എലിവിഷം കലർന്ന ഐസ്ക്രീം കഴിച്ച യുവതി ദൃശ്യയും 19, മരണത്തിന് കീഴടങ്ങി. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ ദൃശ്യയുടെ മൃതദേഹം അജാനൂർ കടപ്പുറത്തെത്തിക്കും. കഴിഞ്ഞ രണ്ടാഴ്ചയായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ദൃശ്യ ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ 11- നാണ് ദൃശ്യയും നാലര വയസ്സുകാരൻ അദ്വൈതും, മാതാവ് വർഷയും 28, എലിവിഷം കലർന്ന ഐസ്ക്രീം കഴിച്ചത്.

കലശലായ ഛർദിയത്തുടർന്ന് പിറ്റേന്ന് രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ച് മണിക്കൂറുകൾക്കകം അദ്വൈത് മരണപ്പെടുകയായിരുന്നു. തൊട്ട് പിന്നാലെ വർഷയെ കോഴിക്കോട് സ്വകാര്യാശുപത്രിയിലും, ദൃശ്യയെ പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങിക്കഴിച്ച ബിരിയാണിയിൽ നിന്നുണ്ടായ ഭക്ഷ്യ വിഷബാധയാണ് അദ്വൈതിന്റെ മരണകാരണമെന്നായിരുന്നു ആദ്യം കരുതിയത്. ഹോസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തുകയും ദൃശ്യയിൽ നിന്നും, വർഷയിൽ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർ എലിവിഷം ഉദരത്തിലെത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്നാണ് ഐസ്ക്രീമിൽ കലർത്തിയ എലിവിഷം അകത്തു ചെന്നാണ് ഒരാഴ്ച്ച മുമ്പ് അദ്വൈതും, ഇന്നലെ ദൃശ്യയും മരണപ്പെട്ടത്.

മിംസിൽ ചികിത്സയിലായിരുന്ന വർഷ ആരോഗ്യ സ്ഥിതി വീണ്ടെടുത്തതിനെത്തുടർന്ന് രണ്ട് ദിവസം മുമ്പ് അജാനൂർ കടപ്പുറത്ത് തിരിച്ചെത്തിയെങ്കിലും, വർഷയെ ദൃശ്യയുടെ മരണത്തിന് പിന്നാലെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. ഐസ് ക്രൈം കഴിച്ച വർഷയുടെ രണ്ട് വയസ്സുള്ള കുട്ടി നിരീക്ഷണത്തിലാണ്. ഐസ്ക്രീമിൽ എലിവിഷം കലർത്തിയതും, ഇത് ആദ്യം കഴിച്ചതും വർഷയാണ്. എലിവിഷം കലർന്ന ഐസ്ക്രീമിൽ നിന്നും അൽപ്പം കഴിച്ച വർഷ കസേരയിലിരുന്ന് ഉറങ്ങിപ്പോയി. തുടർന്ന് അദ്വൈത് ഐസ്ക്രീം എടുത്തു കൊണ്ടു പോയി കഴിച്ചു. പിന്നീടാണ് ദൃശ്യയും, ഇളയ കുട്ടിയും, ഐസ്ക്രീം കഴിച്ചത്.
ഐസ്ക്രീം മേശപ്പുറത്ത് കാണാത്തതിനെത്തുടർന്ന് വീടിന്റെ പിൻഭാഗത്തേക്ക് വർഷ പോയപ്പോഴേക്കും, വിഷം കലർന്ന ഐസ്ക്രീം എല്ലാവരും കഴിച്ചിരുന്നു. എന്നാൽ തനിക്ക് കാര്യമായ പ്രശ്നങ്ങളില്ലെന്ന് കരുതിയ വർഷ സംഭവം മറച്ചു വെച്ചു.

അർദ്ധ രാത്രിയോടെ സഹോദരിയും മകനും, ഛർദിക്കാൻ തുടങ്ങി. രാവിലെയാണ് എല്ലാവരും ചികിത്സ തേടി ആശുപത്രിയിലെത്തിയത്. സമീപത്തെ ഹോട്ടലിൽനിന്നും വാങ്ങിയ ബിരിയാണിയിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റു എന്നാണ് എല്ലാവരും ആദ്യം കരുതിയത്. ഈ നിലയിലായിരുന്നു പോലീസ് അന്വേഷണവും. യാഥാർത്ഥ്യം വ്യക്തമായതോടെ അദ്വൈതിന്റെ മരണത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുമ്പോഴാണ് ദൃശ്യയും മരണത്തിന് കീഴടങ്ങിയത്. പരേതനായ വസന്തൻ-സാജിത ദമ്പതികളുടെ മകളാണ് ദൃശ്യ. ഹർഷ, വർഷ സഹോദരങ്ങൾ. അവിവാഹിതയാണ്.

LatestDaily

Read Previous

മന്ത്രി ഇ.ചന്ദ്രശേഖരന്റെ മൂന്നാമങ്കം സിപിഐയിൽ പ്രതിഷേധം കടുത്തു

Read Next

കൊവ്വൽപ്പള്ളി വാഹനാപകടം മറികടക്കുമ്പോഴല്ല