വ്യാജരേഖ ചമച്ച് കെഎസ്എഫ്ഇയിൽ നിന്ന് 46 ലക്ഷം രൂപ തട്ടി മൂന്നു പേർക്കെതിരെ പോലീസ് കേസ്സ്

കാഞ്ഞങ്ങാട്: ഭൂമിയുടെ ആധാരവും, സ്കെച്ചും, പ്ലാനും മറ്റും വ്യാജമായുണ്ടാക്കി ചിട്ടി സ്ഥാപനമായ കേരള ഫിനാൻഷ്യൽ എന്റർപ്രൈസസ് കാഞ്ഞങ്ങാട് ശാഖയിൽ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്തു. ഈ തട്ടിപ്പു നടത്തിയ മൂന്ന് പേരെ പ്രതി ചേർത്ത് ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. ഉദുമ കുറുക്കൻകുന്ന് വീട്ടിൽ കണ്ണൻ മകൻ പുരുഷോത്തമൻ, കോഴിക്കോട് ചേളന്നൂർ കുന്നുങ്കര മോണോത്ത് വീട്ടിൽ അശോകന്റെ മകൻ ഹിരോഷ്, ചെറുവത്തൂർ കൈതക്കാട് മുഹമ്മദിന്റെ മകൻ ഹൈദരലി എന്നിവരാണ് കേസ്സിൽ ഒന്നു മുതൽ മൂന്നുവരെയുള്ള പ്രതികൾ.

പുല്ലൂർ- പെരിയ പഞ്ചായത്തിൽ പെരിയ വില്ലേജിന്റെ കിഴക്കേ അറ്റത്ത് കിടക്കുന്ന തരിശുഭമൂ പെരിയ കേന്ദ്രസർവ്വകലാശാലയ്ക്കടുത്തുള്ള കണ്ണായ ഭൂമിയാണെന്ന് വരുത്തി ആധാരവും സൈറ്റ് പ്ലാനും, ഭൂമിയുടെ സ്കെച്ചും മറ്റും വ്യാജമായി നിർമ്മിച്ച ശേഷം കെഎസ്എഫ്ഇ കാഞ്ഞങ്ങാട് ശാഖയിൽ നിന്ന് 2018 മുതൽ വൻതുകയ്ക്കുള്ള ചിട്ടിയിൽ ചേരുകയും, ചിട്ടി വിളിക്കുകയും പണം കൈപ്പറ്റിയശേഷം മുങ്ങുകയും ചെയ്ത സംഭവത്തിലാണ് കേസ്സ്. ഈ ഭൂമിയുടെ വ്യാജ നികുതി രസീതിയടക്കം പ്രതികൾ കൃത്രിമമായുണ്ടാക്കുകയും, കെഎസ്എഫ്ഇ ശാഖയിൽ സമർപ്പിച്ചുമാണ് 46 ലക്ഷം രൂപ തട്ടിയെടുത്തത്.

പെരിയ വില്ലേജിൽ റീ. സർവ്വെ നമ്പർ 12/2 ലുള്ള സ്ഥലമായിട്ടാണ് ഭൂമിയുടെ മുഴുവൻ രേഖകളും കെഎസ്എഫ്ഇയിൽ സമർപ്പിച്ചുള്ളതെങ്കിലും, 3 വർഷത്തിന് ശേഷം ആധാരവും അനുബന്ധ രേഖകളും പരിശോധിച്ചപ്പോഴാണ് ഈ രേഖകളത്രയും വ്യാജമാണെന്ന് കണ്ടെത്തിയത്. കേസ്സിൽ 2018-ൽ കെഎസ്എഫ്ഇ കാഞ്ഞങ്ങാട് ശാഖയിൽ ജോലി നോക്കിയ മാനേജർമാരുടെ അറിവില്ലാതെ ഇത്രയും വ്യാജ രേഖകൾ സമർപ്പിച്ച് പണം തട്ടിയെടുക്കാൻ ഒരിക്കലും പ്രതികൾക്ക് കഴിയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കെഎസ്എഫ്ഇ കാഞ്ഞങ്ങാട് ശാഖാ മാനേജർ കരിവെള്ളൂർ സ്വദേശി വൽസന്റെ പരാതിയിലാണ് കേസ്സ്. ഇന്ത്യൻ ശിക്ഷാ നിയമം 420, ചതി, വഞ്ചന റെഡ് വിത് 37 വകുപ്പും ചേർത്താണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

LatestDaily

Read Previous

റംല ചോദിച്ചയുടൻ ജ്വല്ലറിയുടമ 2 ലക്ഷം കൊടുത്തു

Read Next

കൊവ്വൽപ്പള്ളി വാഹനാപകടം: തമ്പാന്റെ സംസ്കാരം നാളെ