കോട്ടച്ചേരി മേൽപ്പാലം ഗർഡറുകൾ സ്ഥാപിക്കാനുള്ള അപേക്ഷ റെയിൽ സുരക്ഷാ കമ്മീഷൻ മടക്കി

കാഞ്ഞങ്ങാട്: തൊണ്ണൂറ് ശതമാനം പണി പൂർത്തിയായ കോട്ടച്ചേരി റെയിൽ  മേൽപ്പാലത്തിന്റെ  റെയിൽപ്പാളത്തിന് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച അപേക്ഷ  ബംഗളൂരുവിലെ സുരക്ഷാ  കമ്മീഷൻ ആസ്ഥാനത്ത് നിന്ന് മടക്കി. പാളത്തിന് മുകളിൽ ഗർഡറുകൾ സ്ഥാപിക്കേണ്ടതിന്  സുരക്ഷ കമ്മീഷന്റെ അനുമതിയാവശ്യമാണ്. 

ഗർഡറുകൾ വെക്കുമ്പോൾ സുരക്ഷ കമ്മീഷന്റെ മേൽനോട്ടവും നിയന്ത്രണവും വേണം. ഇതിനാണ് റെയിൽവെ അധികൃതർ ബംഗളൂരുവിൽ അപേക്ഷ സമർപ്പിച്ചത്. മൂന്നാഴ്ച മുമ്പ് അയച്ച അപേക്ഷയാണ് ആവശ്യമായ രേഖകളില്ലെന്ന കാരണത്താൽ മടക്കിയത്.

പുതിയ അപേക്ഷ ഉടൻ സമർപ്പിക്കുമെന്ന് കോഴിക്കോട് റെയിൽവെ പൊതുമാരാമത്ത് മേഖല ഓഫീസിൽ നിന്നറിയിച്ചു. പാലത്തിന്റെ തൂണുകൾ ഉൾപ്പെടെയുള്ള മറ്റു പണികൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. സമീപന റോഡിന്റെ പണി അന്തിമ ഘട്ടത്തിലാണ്. പാളത്തിന് മുകളിൽ ഗർഡറുകൾ സ്ഥാപിക്കാനുള്ള അനുമതി കിട്ടിയാൽ പണി തുടങ്ങുന്നതിനനുസരിച്ച് പൂർത്തിയാവാൻ ചുരുങ്ങിയത് രണ്ട് മാസമെങ്കിലുമെടുക്കുമെന്നാണ് ബന്ധപ്പെട്ടവർ പറുന്നത്.

LatestDaily

Read Previous

ആകാശപ്പാതയിലെ ആശങ്കകൾ

Read Next

തീപ്പൊള്ളലേറ്റ കമിതാക്കൾ മരിച്ചു