തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കൾ ഗുരുതരാവസ്ഥയിൽ

പയ്യന്നൂര്‍: പയ്യന്നൂരിന്റെ ഹൃദയ ഭാഗത്ത് വാടകകെട്ടിടത്തില്‍ താമസിക്കുന്ന യുവാവും കാമുകിയായ കോളേജ് വിദ്യാര്‍ഥിനിയും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല.  പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഇരുവരേയും പ്രവേശിപ്പിച്ചപ്പോള്‍ എന്നെ ചതിച്ചതാണെന്നാണ് യുവതി വെളിപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് പഴയ ബസ്റ്റാന്റിന് സമീപത്തെ വാടക കെട്ടിടത്തിൽ കമിതാക്കളുടെ ആത്മഹത്യാശ്രമമുണ്ടായത്.

ഇവിടെ താമസിക്കുന്ന വെസ്റ്റ് എളേരി നർക്കിലക്കാട് എളേരിത്തട്ടിലെ ‍ ടി.രവിയുടെ മകൻ വി.കെ.ശിവപ്രസാദ് 28, പയ്യന്നൂര്‍ കോളേജിലെ ഹിന്ദി ബിരുദ വിദ്യാര്‍ഥിനിയായ ഏഴിലോട് പുറച്ചേരിയിലെ പി.രാജന്റെ മകൾ എം.ഡി. ആര്യയെയുമാണ് 21, മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയിൽ പരിസരവാസികൾ കണ്ടത്. സാരമായി പൊള്ളലേറ്റ ഇരുവരെയും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് യുവതിയുടെ നില അതീവ ഗുരുതരമാണ്.

കുറച്ചു ദിവസമായി പയ്യന്നൂരിലെ സ്ഥാപനത്തിൽ ജോലിക്ക് പോകാതെ അവധിയിലായിരുന്ന ശിവപ്രസാദ് ഇന്നലെ ഹിന്ദി പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് മൂന്നരയോടെ പരീക്ഷാഹാളിൽ നിന്നും പുറത്തിറങ്ങിയ യുവതിയെ കാത്ത് പരിസരത്ത് സുഹൃത്തിന്റെ കാറുമായി നിന്നിരുന്നു.  ഈ കാറിലാണ് ശിവപ്രസാദ് യുവതിയെ പയ്യന്നൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പല വാഹനങ്ങളിലും തട്ടിയും ഉരസിയുമുള്ള യാത്രക്കിടയിൽ ആര്‍ടിഒ കൈകാണിച്ചിട്ടും നിര്‍ത്താതെ പയ്യന്നൂരിലെത്തിയ ശേഷമാണ് വാടക വീട്ടിലെ ആത്മഹത്യാശ്രമം. പാര്‍സല്‍ വാങ്ങിയ ബിരിയാണി കഴിക്കാനായി തുറന്നുവെച്ച നിലയിലായിരുന്നു.

മറ്റൊരു യുവാവുമായുള്ള യുവതിയുടെ വിവാഹ നിശ്ചയം നാളെ നടക്കാനിരിക്കെയാണ് സംഭവം നടന്നത്.  ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാല്‍ മരണത്തിലെങ്കിലും ഞങ്ങള്‍ ഒന്നിക്കട്ടെയെന്നും മൃതദേഹങ്ങള്‍ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ ഒരു കത്ത് സംഭവ സ്ഥലത്തുനിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശിവപ്രസാദ് എഴുതിയതെന്ന് കരുതുന്ന കത്തില്‍ ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ഞങ്ങളോട് എല്ലാവരും ക്ഷമിക്കണമെന്നും എഴുതിയാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

അത്യാസന്ന നിലയില്‍ കണ്ടെത്തിയ ഇരുവരേയും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ച ശേഷം അബോധാവസ്ഥയിലാകുന്നതിന് മുമ്പ് എന്നെ ചതിച്ചതാണെന്നാണ് യുവതി പറഞ്ഞത്.  ഇതോടെ ചതിയുടെ പിന്നിലാര് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പയ്യന്നൂർ പോലീസ്. വിവരമറിഞ്ഞയുടന്‍ ആശുപത്രിയിലെത്തി ഇരുവരുടേയും മൊഴി രേഖപ്പെടുത്താന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല

LatestDaily

Read Previous

കോടതി ഉത്തരവുണ്ടെന്ന വ്യാജേന മരം മുറിക്കാൻ ശ്രമം

Read Next

എലിവിഷം കലർത്തിയത് ഐസ്ക്രീമിൽ യുവതികൾ അപകടനില തരണം ചെയ്തില്ല