ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഏ. ഹമീദ് ഹാജിക്കും ബഷീർ വെള്ളിക്കോത്തിനുമൊപ്പം പ്രവർത്തിക്കാൻ കഴിയില്ല
കാഞ്ഞങ്ങാട്: മുസ്്ലീം ലീഗിന്റെ പോഷക സംഘടന കാഞ്ഞങ്ങാട്ടെ സി.എച്ച്. സെന്ററിന്റെ വൈസ് ചെയർമാൻ പദവിയിൽ നിന്ന് മുസ്്ലീം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സിക്രട്ടറിയും സംയുക്ത മുസ്്ലീം ജമാഅത്ത് ഖജാൻജിയുമായ ചിത്താരിയിലെ വൺഫോർ അബ്ദുറഹിമാൻ രാജി വെച്ചു. രാജിക്കത്ത് സെന്റർ ചെയർമാന് മറ്റൊരു ഭാരവാഹി മുഖാന്തിരം കൈമാറി. സി.എച്ച്. സെന്ററിന്റെ പ്രഥമ സംരംഭമായ ഡയാലിസിസ് സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം രണ്ടാഴ്ച്ച മുമ്പ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചിരുന്നു.
ലീഗ് തീരുമാനമനുസരിച്ച് ഹമീദ് ഹാജിയെയും ബഷീറിനെയും ഈ ചടങ്ങിൽ സംബന്ധിപ്പിച്ചിരുന്നില്ല. ലീഗ് സംസ്ഥാന അധ്യക്ഷനായ ഹൈദരലി ശിഹാബ് തങ്ങൾ ഹമീദ് ഹാജി കൺവീനറായ സ്ഥാപനത്തിലേക്ക് പോവുന്നതിലുള്ള പാർട്ടിയുടെ എതിർപ്പ് മാനിച്ച് കാഞ്ഞങ്ങാട് മണ്ഡലം മുസ്്ലീം ലീഗ് ഓഫീസായ മെട്രോ മുഹമ്മദ് ഹാജി സ്മാരക സൗധം ഉദ്ഘാടന വേദിയിലാണ് സിഎച്ച് സെന്റർ ഉദ്ഘാടനം ചെയ്തതായി ഹൈദരലി പ്രഖ്യാപിച്ചത്. തൽസമയം, ബഷീർ വെള്ളിക്കോത്ത്, സി.എച്ച് സെന്റർ വൈസ് ചെയർമാൻ സ്ഥാനം രാജി വെക്കുകയും, ഏ.ഹമീദ് ഹാജി സിഎച്ച് സെന്റർ കൺവീനർ സ്ഥാനം രാജി വെക്കാൻ സി.എച്ച്. സെന്റർ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
ഉദ്ഘാടനത്തിന് ശേഷം ചേർന്ന സി.എച്ച് സെന്റർ യോഗത്തിൽ ഹമീദ് ഹാജിയുടെയും ബഷീർ വെള്ളിക്കോത്തിന്റെയും രാജി സ്വീകരിക്കേണ്ടതില്ലെന്ന് ഭാരവാഹികൾ തീരുമാനമെടുത്തിരുന്നു. ഈ സാഹചര്യത്തിൽ ബശീറിന്റെ ശൃംഗാര ഫോൺ സന്ദേശ വിവാദ വിഷയത്തിൽ ആരോപണ വിധേയരായവർക്കൊപ്പം പ്രവർത്തിക്കാൻ പ്രയാസമുള്ളതിനാലാണ് വൺഫോർ അബ്ദുറഹിമാൻ സി.എച്ച്. സെന്റർ ഭാരവാഹിത്വം രാജിവെച്ചത്.