അദ്വൈതിന്റെ മരണം വിഷം അകത്തുചെന്ന് മാതാവും ഇളയമ്മയും ഗുരുതര നിലയിൽ

കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്തെ നാലര വയസ്സുകാരൻ അദ്വൈതിന്റെ മരണം വിഷം അകത്തുചെന്നാണെന്ന് പോലീസ് ഉറപ്പിച്ചു.  കുട്ടിയുടെ മാതാവ് വർഷയെയും 28, വർഷയുടെ സഹോദരി ദൃശ്യയെയും 19, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷം അകത്തുചെന്നാണ് വർഷയേയും ദൃശ്യയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 11 വ്യാഴാഴ്ച രാത്രി ഛർദ്ദി അനുഭവപ്പെട്ട അദ്വൈതിനെ വെള്ളിയാഴ്ച രാവിലെ 9 മണിയോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും, ഒന്നര മണിക്കൂറിന് ശേഷം 10-30 മണിയോടെ അദ്വൈത് ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു.

കുട്ടിയുടെ മരണകാരണത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലാണ് പോസ്റ്റ്മോർട്ടം ചെയ്തത്. പോലീസ് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ള നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ശ്വാസകോശത്തിൽ ഛർദ്ദിക്കിടെയുണ്ടായ ഭക്ഷണാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. കുട്ടിക്ക് ന്യൂമോണിയയും പനിയുമുണ്ടായിരുന്നതായാണ് ഡോ. ഗോപാലകൃഷ്ണപിള്ള പോലീസിനെ അറിയിച്ചത്.  ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് നാട്ടുകാർ സംശയിച്ചിരുന്നുവെങ്കിലും, പോസ്റ്റ്മോർട്ടത്തിൽ വിഷാംശങ്ങൾ കണ്ടെത്താൻ കഴിഞ്ഞതുമില്ല. ഇതേതുടർന്ന് സൂക്ഷ്മ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിൽ നിന്നും ശേഖരിച്ച വിസറ കോഴിക്കോട് റീജ്യണൽ ലബോറട്ടിക്ക് അയക്കുകയായിരുന്നു.

ലബോറട്ടറി പരിശോധനാഫലം പുറത്ത് വന്നില്ലെങ്കിലും, അദ്വൈതിന്റെ മരണം അബദ്ധത്തിൽ വിഷം അകത്തുചെന്നാണെന്ന് പോലീസ് ഉറപ്പാക്കി. ഇതു സംബന്ധിച്ച തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ലബോറട്ടറിയിലെ പരിശോധനാഫലം പെട്ടെന്ന് ലഭ്യമാക്കാൻ ലബോറട്ടറിയുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. അദ്വൈതിന്റെ മരണത്തിന് പിന്നാലെയാണ് മാതാവ് വർഷയെ കണ്ണൂർ മിംസ് ആശുപത്രിയിലും, ദൃശ്യയെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ അദ്വൈതിനൊപ്പം വർഷയും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെങ്കിലും, പ്രത്യക്ഷത്തിൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ, അന്നുതന്നെ വർഷ ആശുപത്രി വിട്ടു.  ചെറിയ നിലയിൽ ആരോഗ്യ പ്രശ്നമുണ്ടായ ദൃശ്യയെ വെള്ളിയാഴ്ച പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വീട്ടിൽ ആരോഗ്യസ്ഥിതി വഷളായ വർഷയെ ഉടൻ കണ്ണൂർ മിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 16-ന് മിംസ് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലുമെത്തി വർഷയിൽ നിന്നും ദൃശ്യയിൽ നിന്നും പോലീസ് ഇൻസ്പെക്ടർ പി.കെ. മണി മൊഴിയെടുത്തു. ഇരുവരെയും ചികിത്സിക്കുന്ന ഡോക്ടർമാരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇരുവരുടെയും ഉദരത്തിൽ എലിവിഷത്തിന്റെ അംശമുള്ളതായി ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. ഇരുവരിൽ ഒരാളുടെ ഉദരത്തിൽ അബദ്ധത്തിൽ വിഷമെത്തിയതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. അദ്വൈതിന്റെ മരണവും മാതാവും ഇളയമ്മയും ഗുരുതരാവസ്ഥയിലുമായ സംഭവത്തിന്റെ വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ പി.കെ. മണിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു.

LatestDaily

Read Previous

നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് മറിച്ച 3 കൗൺസിലർമാരെ ലീഗ് പരസ്യമായി താക്കീത് ചെയ്തു

Read Next

നഗരബജറ്റിനെതിരെ രൂക്ഷ വിമർശനവും ബഹളവും കൗൺസിൽ യോഗത്തിൽ യുഡിഎഫ് ഇറങ്ങിപ്പോയി, ബിജെപി അനുകൂലിച്ചു