ഉദുമ ഉറപ്പിക്കാൻ രമേശന്റെ കരുനീക്കം നാലു നാൾ തിരുവനന്തപുരത്ത് തമ്പടിച്ചു

കാഞ്ഞങ്ങാട്: ഉദുമ നിയമസഭാ മണ്ഡലത്തിൽ ഇത്തവണ ഇടതുമുന്നണി സ്ഥാനാർതഥിയായി സീറ്റുറപ്പിക്കാൻ മുൻ നഗരസഭാ ചെയർമാൻ വി. വി. രമേശൻ കരുക്കൾ നീക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി രമേശൻ നാലുനാൾ തിരുവനന്തപുരത്ത് തമ്പടിക്കുകയും, മൂന്ന് ദിവസം മുമ്പ് കാഞ്ഞങ്ങാട്ട് തിരിച്ചെത്തുകയും ചെയ്തു. തലസ്ഥാനത്ത് നാലുദിവസവും രമേശൻ ചിലവഴിച്ചത് രമേശന്റെ എല്ലാമായ മന്ത്രി, ഇ. പി. ജയരാജന്റെ ഓഫീസിലും, വീട്ടിലുമാണ്.

പാർട്ടി കേന്ദ്ര കമ്മറ്റി അംഗമായ ഇ. പി. ജയരാജൻ രമേശന് വേണ്ടി പാർട്ടിയുടെ ഏതാനും സംസ്ഥാന സമിതി അംഗങ്ങളുമായി രമേശന്റെ സീറ്റ് വിഷയം ചർച്ച ചെയ്തുവെങ്കിലും, രമേശനെ നിയമസഭ സ്ഥാനാർത്ഥിയാക്കുന്നതിനോട് ഒരു സംസ്ഥാന കമ്മിറ്റി അംഗവും താൽപ്പര്യം പ്രകടിപ്പിച്ചില്ല. വലിയ തുക മുടക്കിയിട്ടാണെങ്കിലും, ഉദുമയിൽ സ്ഥാനാർത്ഥിയാകാനുള്ള സകല വഴികളും രമേശൻ ഇതിനകം തേടിക്കഴിഞ്ഞുെവങ്കിലും , ഉദുമയിൽ ഇക്കുറി മൂന്ന് സ്ഥാനാർത്ഥികളാണ് പാർട്ടിക്ക് മുന്നിലുള്ളത്. മുൻ എംഎൽഏ സി. എച്ച്. കുഞ്ഞമ്പുവും, മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ഇ. പത്മാവതിയുമാണ് അന്തിമ പട്ടികയിലുള്ളത്.

കുഞ്ഞമ്പു നിലവിൽ പാർട്ടി സംസ്ഥാന സമിതി അംഗമാണ്. മഞ്ചേശ്വരം മുൻ എംഎൽഏയും അഭിഭാഷകനുമാണ്. മുൻ വർഷം മഞ്ചേശ്വരത്ത് മുസ്ലീം ലീഗിലെ പി. ബി. അബ്ദുൾ റസാഖിനോട് പരാജയപ്പെടുകയായിരുന്നു. കുഞ്ഞമ്പുവിനെ ഇത്തവണ മഞ്ചേശ്വരം മണ്ഡലത്തിൽ വീണ്ടും പരീക്ഷിക്കാനും, പത്മാവതിക്ക് ഉദുമ നൽകാനുമുള്ള ആലോചനകളും പാർട്ടി അണിയറയിൽ നടക്കുമ്പോൾ, ഉദുമ മണ്ഡലത്തിൽ നിർണ്ണായക ഘടകമായ യാദവ (മണിയാണി) വോട്ടുകൾ തനിക്ക് അനുകൂലമായിത്തീരുമെന്നാണ് വി. വി. രമേശൻ മന്ത്രി ജയരാജന് മുന്നിൽ മുന്നോട്ടുവെച്ചിട്ടുള്ള പൊടിക്കൈ. രമേശന്റെ സ്ഥാനാർത്ഥിത്വത്തെ ഉദുമ മണ്ഡലത്തിലെ ബഹുഭൂരിഭാഗംസിപിഎം അണികളും അംഗീകരിക്കുന്നില്ല. അവസാന നിമിഷത്തിൽ ഉദുമയിൽ സി. എച്ച്. കുഞ്ഞമ്പുവിന് നറുക്ക് വീഴാനിടയുണ്ട്. പാർട്ടി ജില്ലാ സിക്രട്ടറി എം. വി. ബാലകൃഷ്ണൻ മാഷും ഇത്തവണ നിമയസഭയിൽ മൽസരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിനുള്ള സാധ്യതയ്ക്കും മങ്ങലേറ്റു.

LatestDaily

Read Previous

മന്ത്രി ചന്ദ്രശേഖരന്റെ 3-ാം ഘട്ടം സിപിഐയിൽ മുറുമുറുപ്പ്

Read Next

ഒാൺലൈൻ നിക്ഷേപ തട്ടിപ്പിൽ കാഞ്ഞങ്ങാട് സ്വദേശികൾക്ക് മൂന്നരക്കോടി നഷ്ടപ്പെട്ടു