ബ്ലേഡ് സുനിലിനെതിരെയുള്ള കേസന്വേഷണം പാതിവഴിയിൽ

കാഞ്ഞങ്ങാട്: മടിക്കൈ ബ്ലേഡ് ഇടപാടുകാരൻ കണ്ടംകുട്ടിച്ചാലിലെ സുനിൽ കടവത്ത് കാണാമറയത്ത്. മടിക്കൈയിലെ രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയുന്ന സുനിൽ കടവത്തിനെതിരെ നീലേശ്വരം പോലീസിലും ഹൊസ്ദുർഗ് പോലീസിലുമായി നിരവധി കേസ്സുകളും പരാതികളുമുണ്ട്. നീലേശ്വരം എസ്ഐ ആയിരുന്ന കെ.പി. സതീഷാണ് കോട്ടപ്പുറം വീട്ടമ്മയുടെ പരാതിയിൽ സുനിൽ കടവത്തിനെതിരെ കേസ്സെടുത്ത് അന്വേഷണം നടത്തിയത്.

പ്രതിയുടെ മടിക്കൈ കണ്ടംകുട്ടിച്ചാലിലെ വീട്ടിലും ബന്ധു വീടുകളിലും റെയ്ഡ് നടത്തി ആധാരമുൾപ്പെടെ നിരവധി രേഖകൾ എസ്ഐ, കെ.പി. സതീഷ് പിടികൂടിയിരുന്നു. സുനിൽ കടവത്തിനെ ഏത് വിധേനയും പിടികൂടാൻ അന്വേഷണം ശക്തമായിരിക്കെ, നിയമസഭാ തെരഞ്ഞെടുപ്പ് മുൻ നിർത്തി കെ.പി. സതീഷിനെ നീലേശ്വരത്ത് നിന്നും സ്ഥലം മാറ്റിയതോടെ, സുനിലിന്റെ അറസ്റ്റ് നീളുകയും അന്വേഷണം അനിശ്ചിതത്വത്തിലാവുകയും ചെയ്തു. കഴിഞ്ഞ ദിവസം നീലേശ്വരത്ത് എസ്ഐയായി ചുമതലയേറ്റ പി.കെ. സുമേഷ് ഈ ബ്ലേഡ് കേസ്സിന്റെ അന്വേഷണമേറ്റെടുത്തു.

കേസ്സിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം മാറിയതിനെത്തുടർന്ന് സാങ്കേതികമായി അന്വേഷണത്തിലുണ്ടായ തടസ്സം സുനിൽ കടവത്തിന് ആശ്വാസമായി.  അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തെത്തുടർന്ന് വീണുകിട്ടിയ ദിവസങ്ങൾ പോലീസിലെത്താൻ സാധ്യതയുള്ള കൂടുതൽ പരാതിക്കാരെ സ്വാധീനിക്കാൻ സുനിൽ കടവത്ത് ശ്രമിച്ചതായാണ് സൂചന. പരാതിക്കാരെ സ്വാധീനിക്കാൻ പ്രതി ശ്രമിക്കുന്നതായി പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ആധാരത്തിന്റെയും മറ്റ് വിലപിടിപ്പുള്ള രേഖകളുടെയും ബലത്തിൽ കൊള്ളപ്പലിശയ്ക്കാണ് സുനിൽ ലക്ഷക്കണക്കിന് രൂപ പലർക്കും വായ്പ നൽകിയിരുന്നത്.

LatestDaily

Read Previous

അദ്വൈതിന്റെ വിസറ പരിശോധനയ്ക്ക്

Read Next

നൗഷീറ മരണത്തിൽ പ്രേരണക്കുറ്റം ഭർത്താവ് പോലീസ് നിരീക്ഷണത്തിൽ