ഇരകൾക്ക് നീതി വേണം

സംസ്ഥാനത്തെ ഞെട്ടിച്ച ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസുകളിൽ ഗൂഢാലോചന വാദവുമായി കേസിലെ മുഖ്യ പ്രതിയായ എംഎൽഏ രംഗത്തെത്തിയത് നൂറ്റമ്പത് കോടിയുടെ നിക്ഷേപത്തട്ടിപ്പിനെ ലഘൂകരിക്കാനാണെന്ന് വ്യക്തം. കേരളത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത വിധത്തിലാണ് ഒരു എംഎൽഏ നൂറ്റമ്പതോളം വഞ്ചനാക്കേസുകളിൽ പ്രതിയായിരിക്കുന്നത്.

ആകർഷകമായ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും പണം സ്വീകരിച്ച ശേഷം നിക്ഷേപത്തുക തിരിച്ചു നൽകാത്ത സംഭവത്തിന്റെ പേരിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ എന്തുതരം ഗൂഢാലോചനയാണ് നടന്നതെന്ന് വ്യക്തമാക്കേണ്ടത് എംഎൽഏ തന്നെയാണ്. പ്രവാസികളുടെയടക്കം പണം സ്വീകരിച്ചാണ് എംഎൽഏ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജ്വല്ലറി സാമ്രാജ്യം കെട്ടിപ്പടുത്തതെന്ന് പകൽപോലെ വ്യക്തമാണ്. പകൽ വെളിച്ചം പോലെ യാഥാർത്ഥ്യമായ വസ്തുതകളെ വക്രീകരിക്കാൻ ശ്രമിക്കുന്നതിന് പകരം നിക്ഷേപകരുടെ ആശങ്കകൾക്ക് പരിഹാരമുണ്ടാക്കാനാണ് എംഎൽഏ ശ്രമിക്കേണ്ടത്.

നിക്ഷേപത്തട്ടിപ്പ് കേസുകളിലെ അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലായ സാഹചര്യത്തിൽ നിക്ഷേപത്തട്ടിപ്പിനിരയായവർ ഏറെ ആശങ്കയിലാണ്. ഈ ആശങ്കകൾ പരിഹരിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനും ആഭ്യന്തര വകുപ്പിനുമാണ്. നിക്ഷേപത്തട്ടിപ്പ് കേസുകളന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റിയ സാഹചര്യത്തിൽ പകരം ഉദ്യോഗസ്ഥരെ അടിയന്തിരമായി നിയോഗിക്കാൻ സർക്കാർ തയ്യാറാകണം. നിക്ഷേപത്തട്ടിപ്പ് കേസിൽ എംഎൽഏ അറസ്റ്റിലായതിന് പിന്നാലെ ഒളിവിൽപ്പോയ കൂട്ടുപ്രതികളെ ഇത്ര നാളായിട്ടും പിടികൂടാൻ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ ഉദാസീനതയും പോലീസിന്റെ കഴിവുകേടും മൂലമാണ്.

അറേബ്യൻ മണലാരണ്യങ്ങളിൽ പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് പ്രവാസികൾ സ്വരുക്കൂട്ടിയ സമ്പാദ്യം മെച്ചപ്പെട്ട ലാഭവിഹിതം പ്രതീക്ഷിച്ചാണ് ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളിൽ നിക്ഷേപിച്ചത്. ഇതിന് പുറമെ ഉറുമ്പ് സ്വരുക്കൂട്ടുന്നതുപോലെ ചെറിയ തുകകൾ സ്വരൂപിച്ച് ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച വീട്ടമ്മമാരുമുണ്ട്. നിക്ഷേപകരിൽ ആരും തന്നെ ശതകോടീശ്വരന്മാരുമല്ല. ഇവരുടെയെല്ലാം സ്വപ്നങ്ങളുടെ മേൽ കരി തേച്ചാണ് ഫാഷൻഗോൾഡ് നിക്ഷേപത്തട്ടിപ്പ് അരങ്ങേറിയതെന്നത് യാഥാർത്ഥ്യമാണ്. ഇവരുടെ സങ്കടങ്ങൾക്ക് നേരെ നിയമ സംവിധാനങ്ങൾ കണ്ണടയ്ക്കുകയുമരുത്.

നിക്ഷേപത്തട്ടിപ്പിനിരയായവർ പരിദേവനങ്ങളുമായി പലതവണ അധികാര കേന്ദ്രങ്ങളുടെ പടിവാതിലിൽ മുട്ടിവിളിച്ചിട്ടും ഇവരുടെ രോദനങ്ങൾ വനരോദനമായിത്തീർന്നിരിക്കുകയാണെന്ന് പറയേണ്ടി വരും. ജ്വല്ലറിയിൽ പണം നിക്ഷേപിച്ച് വഞ്ചിതരായവർക്ക് നീതി ലഭിക്കാനാവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാൻ സർക്കാർ തയ്യാറാകുകയാണ് വേണ്ടത്. വൈകി ലഭിക്കുന്ന നീതി നീതിനിഷേധത്തിന് തുല്യം തന്നെയാണ്.

കുറ്റവാളികൾ ഒരിക്കലും കുറ്റം സമ്മതിച്ചെന്ന് വരില്ല. കുറ്റകൃത്യത്തെ ന്യായീകരിക്കാൻ ഇരവാദമുയർത്തുന്നതും ഇതിന്റെ ഭാഗമായാണ്. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിലെ നെല്ലും പതിരും വേർതിരിച്ച് പരാതിക്കാർക്ക് നീതി ലഭ്യമാക്കേണ്ട ബാധ്യത സർക്കാരിനാണ്. തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി തട്ടിപ്പിനിരയായവർക്ക് വീതിച്ചു നൽകേണ്ട ബാധ്യത സർക്കാർ ഏറ്റെടുക്കുക തന്നെ വേണം. ഒളിവിലുള്ള പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്ന ആരോപണമുയർന്ന സാഹചര്യത്തിൽ ആരോപണത്തിന്റെ സത്യാവസ്ഥയും വെളിപ്പെടേണ്ടതാണ്. സംസ്ഥാനത്ത് നടന്ന നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകൾക്കുണ്ടായ ദുർവിധി ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസുകൾക്കും ഉണ്ടാകാതിരിക്കട്ടെ.

LatestDaily

Read Previous

ഔഫ് കുടുംബസഹായഫണ്ട് കൈമാറി

Read Next

രമേശന് ഓടാനറിയാം, പിന്നെ ചാടാനും ബേബിയും സുജാതയും പടിക്ക് പുറത്ത്