നൗഷീറയ്ക്ക് ബന്ധുവീട്ടിലും കാറിലും ക്രൂര മർദ്ദനമേറ്റു ആത്മഹത്യ ചെയ്ത അമ്പലത്തറയിലെ വീട് പോലീസ് സർജൻ പരിശോധിച്ചു

പോലീസ് നായയെ ഉപയോഗിച്ചും തെളിവെടുപ്പ്

കാഞ്ഞങ്ങാട്: ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത അമ്പലത്തറ പാറപ്പള്ളിയിലെ യുവ ഭർതൃമതി നൗഷീറയ്ക്ക് 25, മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ക്രൂര മർദ്ദനമേറ്റു. ഭർത്താവ് റസാഖിന്റെ ഒഴിഞ്ഞവളപ്പിലെ ബന്ധുവീട്ടിലും, ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയുമാണ് നൗഷീറയ്ക്ക് മർദ്ദനമേറ്റത്. വ്യാഴാഴ്ച പുലർച്ചെ കണ്ണൂർ മിംസ് ആശുപത്രിയിലാണ് നൗഷീറ മരണപ്പെടുന്നത്.  ബുധനാഴ്ച പകൽ നൗഷീറയും ഭർത്താവ് റസാഖും രണ്ട് മക്കൾക്കൊപ്പം ഒഴിഞ്ഞവളപ്പിലെ ബന്ധുവീട്ടിൽ നടന്ന സത്ക്കാരത്തിൽ പങ്കെടുത്തിരുന്നു. പുലർച്ചെ 1.30 മണിയോടെ ഒഴിഞ്ഞവളപ്പിൽ നിന്നും മടങ്ങി പാറപ്പള്ളിയിലെ വീട്ടിലെത്തിയ ശേഷം, നൗഷീറ വീടിന്റെ മുകൾ നിലയിലെ കിടപ്പ് മുറിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ആത്മഹത്യ ചെയ്യാനുപയോഗിച്ച ഷാളറുത്ത് നൗഷീറയെ രക്ഷപ്പെടുത്തിയെങ്കിലും, ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. സൽക്കാരം നടന്ന ഒഴിഞ്ഞവളപ്പിലെ വീട്ടിൽ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാകുകയും, മറ്റുള്ളവർക്ക് മുന്നിൽവെച്ച് നൗഷീറയെ റസാഖ് മർദ്ദിക്കുകയും ചെയ്തതായി പോലീസിന് വിവരം ലഭിച്ചു. ഒഴിഞ്ഞവളപ്പിലെ ബന്ധുവീട്ടിൽ ഭർത്താവ് കഴുത്തിന് പിടിച്ച് ചുമരിനോട് ചേർത്ത് നിർത്തി മർദ്ദിച്ചതായി നൗഷീറ സ്വന്തം ജേഷ്ഠത്തിയെ വാട്സാപ്പിലൂടെ രാത്രി തന്നെ അറിയിച്ചിരുന്നു.

ആളുകൾക്ക് മുന്നിൽ മർദ്ദനമേറ്റ് അപമാനിതയായതിൽ മനംനൊന്താവാം യുവതി ജീവിതമവസാനിപ്പിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. റാസി എന്നെ ആളുകൾക്ക് മുന്നിൽ വെച്ച് മർദ്ദിച്ചപ്പോഴും, ഞാൻ ആളുകൾക്ക് മുന്നിൽ നാണക്കേടോർത്ത് മിണ്ടാതിരുന്നു. ഒഴിഞ്ഞവളപ്പിലെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങുന്നുണ്ടെന്നുമുൾപ്പെടെ നിരവധി കാര്യങ്ങൾ നൗഷീറ സഹോദരിയോട് വാട്സാപ്പിലൂടെ പറഞ്ഞിരുന്നു.  യുവതിക്ക് ഭർത്താവിനെ പല കാര്യത്തിലും സംശയമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. നൗഷീറയുടെ മരണത്തിൽ സംശയമുള്ളതായി ബന്ധുക്കൾ അമ്പലത്തറ പോലീസിനെ അറിയിച്ചു. അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രാജീവൻ വലിയപൊയിലിന്റെ നേതൃത്വത്തിൽ റസാഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ പോലീസ് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ള യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച പാറപ്പള്ളിയിലെ വീട്ടിലെത്തി തെളിവെടുത്തു. പോലീസ് നായയെ സ്ഥലത്തെത്തിച്ച് അന്വേഷണം നടത്തിയെങ്കിലും, കാര്യമായൊന്നും കണ്ടെത്താനായില്ല. പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി വിട്ടുകിട്ടിയ മൃതദേഹം പാണത്തൂരിലെത്തിച്ച് ഇന്നലെ വൈകീട്ട് പാണത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്തു.

LatestDaily

Read Previous

തലശ്ശേരിയിൽ സ്ത്രീ ഓട്ടോയിൽ നിന്നും വീണു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

Read Next

ഖമറുദ്ദീന് മഞ്ചേശ്വരം സീറ്റ് ലഭിക്കില്ല