ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണെന്ന അവകാശവാദവുമായി നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി എം.സി. ഖമറുദ്ദീൻ എംഎൽഏ. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇന്നലെ ജയിൽമോചിതനായ ഖമറുദ്ദീൻ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ഇരവാദമുയർത്തി രക്ഷപ്പെടാൻ ശ്രമിച്ചത്.
97 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് എംഎൽഏ ഇന്നലെ ജയിൽമോചിതനായത്. 148 വഞ്ചനാക്കേസ്സുകളിലും കോടതി ജാമ്യമനുവദിച്ചതോടെയാണ് ഇദ്ദേഹത്തിന്റെ ജയിൽമോചനം സാധ്യമായത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു എംഎൽഏ നൂറ്റമ്പതോളം വഞ്ചനാക്കേസ്സുകളിൽ പ്രതിയായത്. ഒരു പക്ഷേ, ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ഇത്രയേറെ തട്ടിപ്പുക്കേസ്സുകളിൽ പ്രതിയായ ഒരു എഎൽഏ ഉണ്ടാകില്ല.
കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ഫലമായാണ് താൻ കേസ്സിലകപ്പെട്ട് ജയിലിലായതെന്നാണ് എം.സി. ഖമറുദ്ദീന്റെ അവകാശ വാദം. ഗൂഢാലോചന നടത്തിയവർ ആരൊക്കെയാണെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും ഇദ്ദേഹം പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും എംഎൽഏ പറഞ്ഞു. അതേസമയം, ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച് വഞ്ചിതരായവരെക്കുറിച്ച് എംഎൽഏ ഒരക്ഷരം മിണ്ടിയതുമില്ല.
നൂറ്റമ്പതോളം പേർ പോലീസിൽ നേരിട്ട് പരാതികൊടുത്തതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ഖമറുദ്ദീനും കൂട്ടാളികൾക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തത്. ഫാഷൻ ഗോൾഡ് തട്ടിപ്പിലകപ്പെട്ടവരിൽ ഭൂരിഭാഗവും ലീഗ് അനുയായികളാണ്. കേസ്സുകളുടെ എണ്ണം വർദ്ധിച്ചതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറിയത്. നൂറ്റമ്പത് കോടിയോളം രൂപയുടെ തട്ടിപ്പാണ് ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളുടെ മറവിൽ എംഎൽഏയും സംഘവും നടത്തിയത്.
രാഷ്ട്രീയവും ആത്മീയതയും കൂട്ടിക്കലർത്തി നടത്തിയ സാമ്പത്തിക തട്ടിപ്പിനെ ഗൂഢാലോചന വാദമുയർത്തി വെള്ളപൂശാനാണ് എംഎൽഏ ശ്രമിക്കുന്നത്. സംശുദ്ധ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള തന്നെ കേസ്സുകളിൽ കുടുക്കിയതാണെന്നാണ് എംഎൽഏയുടെ അവകാശ വാദം. വഖഫ് ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിലും, നൂറ്റമ്പത് കോടിയുടെ നിക്ഷേപത്തട്ടിപ്പിലും വിവാദ നായകനായ ലീഗ് എംഎൽഏയാണ് സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നത്.
ഭർത്താവുപേക്ഷിച്ച സ്ത്രീക്ക് ജീവനാംശമായി ലഭിച്ച തുക പോലും ജ്വല്ലറി നിക്ഷേപത്തിന്റെ പേരിൽ തട്ടിയെടുത്തവരാണ് എം.സി. ഖമറുദ്ദീനും, കൂട്ടാളിയായ ടി.കെ. പൂക്കോയയും. പണം നഷ്ടപ്പെട്ടവരെക്കുറിച്ച് ഒരുവാക്കുരിയാടാതെയാണ് എംഎൽഏ തന്റെ നിരപരാധിത്വത്തെക്കറിച്ച് സംസാരിച്ചത്. കേസ് റജിസ്റ്റർ ചെയ്യപ്പെട്ട പോലീസ് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കാൻ വിലക്കുള്ളതിനാൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയശേഷം മലയോര പാതവഴിയാണ് എംഎൽഏ ഇന്നലെ മഞ്ചേശ്വരം മണ്ഡലത്തിലെ തന്റെ താമസസ്ഥലത്തെത്തിയത്. എംഎൽഏയെ സ്വീകരിക്കാൻ ലീഗിലെ പ്രമുഖ നേതാക്കളൊന്നും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയിരുന്നില്ല.
പാർട്ടി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ, ഖമറുദ്ദീനെ ലീഗ് നേതൃത്വം മത്സര രംഗത്തിറക്കുമോയെന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. പാലാരിവട്ടം അഴിമതിക്കേസ്സിൽ പ്രതിയായ വി.കെ. ഇബ്രാഹിംകുഞ്ഞ്, പ്ലസ്ടു അഴിമതി കേസിലകപ്പെട്ട കെ.എം. ഷാജി എന്നിവർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുത്ത സാഹചര്യത്തിൽ, വഞ്ചനാക്കേസ് പ്രതിയായ ഖമറുദ്ദീനും ലീഗ് സ്ഥാനാർത്ഥിത്വം നൽകിയാൽ അതിശയിക്കാനില്ല.
ലേറ്റസ്റ്റാണ് ഖമറുദ്ദീന്റെ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് ആദ്യം പുറത്തുകൊണ്ടുവന്നത്. പ്രമുഖ മാധ്യമങ്ങൾ ഏറ്റെടുക്കാൻ മടിച്ച വിഷയം ലേറ്റസ്റ്റ് ഏറ്റെടുത്തതോടെ ലേറ്റസ്റ്റിന് നേരെ ലീഗ് അനുഭാവികളിൽ നിന്നും ഭീഷണി ഉയർന്നിരുന്നു. ഇതെല്ലാം തൃണവൽഗണിച്ചാണ് ലേറ്റസ്റ്റ് ജ്വല്ലറിത്തട്ടിപ്പ് വിഷയത്തിൽ തുടർച്ചയായി വാർത്തകൾ പ്രസിദ്ധീകരിച്ചത്.