കൗമാരപ്രായക്കാർ മയക്കുമരുന്ന് മാഫിയയുടെ ഇരകൾ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് വിതരണ സംഘങ്ങൾ പിടിമുറുക്കി. കർണ്ണാടകയിൽ നിന്നുമുൾപ്പെടെ വീര്യമേറിയ മയക്കുമരുന്നുകളെത്തിച്ച് വിൽപ്പന നടത്തുന്ന സംഘം സജീവമാണെങ്കിലും, സംഘത്തിനെതിരെ കാര്യമായ  പോലീസ് നടപടികളുണ്ടാവുന്നില്ല.  കൗമാരക്കാരെ ലക്ഷ്യമിട്ടാണ് കാഞ്ഞങ്ങാട് ലഹരിമരുന്നുകളെത്തിക്കുന്നത്.

കാസർകോട്ട് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി രണ്ട് തവണ പിടികൂടിയ വീര്യം കൂടിയ മയക്കുമരുന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് വിതരണത്തിന് കൊണ്ടുവരികയായിരുന്നുവെന്നാണ് സൂചന.  ബേക്കലിലും കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചും മാസങ്ങളായി ലഹരിവിൽപ്പന സജീവമാണ്. കഞ്ചാവിന്റെ വീര്യം പോരാതായി വന്നതോടെയാണ് കൗമാരക്കാർ എംഡിഎംഏ പോലുള്ള വീര്യമേറിയ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് മാറിയത്. ഒരു ഗ്രാം എംഡിഎംഏ മയക്കുമരുന്നിന് അന്താരാഷ്ട്ര മാർക്കറ്റിൽ 4000 ഇന്ത്യൻ രൂപ വിലയുണ്ടെന്നാണ് കണക്ക്.

ഇത്തരം ലഹരിക്ക് ആവശ്യക്കാർ വർദ്ധിച്ചതോടെയാണ് വിൽപ്പനക്കാരും ഇത് എത്തിക്കുന്ന ഇടനിലക്കാരുടെ എണ്ണവും വർദ്ധിച്ചത്. ലഹരികടത്തുകാർ തമ്മിലുള്ള കിട മത്സരം വർദ്ധിക്കുകയും, ഇവർ തമ്മിലുള്ള മത്സരം മൂലം വിവരം പോലീസിന് ചോർന്ന് കിട്ടുമ്പോൾ മാത്രമാണ് ലഹരിക്കടത്തുസംഘത്തിനുമേൽ പിടിവീഴുന്നത്.  വൻ നഗരങ്ങളെ വെല്ലുന്ന രീതിയിൽ കാസർകോട് ജില്ല ലഹരിക്കടത്തുകാരുടെയും  ഉപയോഗിക്കുന്നവരുടെയും വിഹാരകേന്ദ്രമായിരിക്കുകയുമാണ്.

LatestDaily

Read Previous

പൂക്കോയയെ പോലീസ് സംരക്ഷിക്കുന്നു: എം.സി ഖമറുദ്ദീൻ

Read Next

നൗഷീറയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്