ലഹരിമരുന്ന് കള്ളക്കടത്ത്: കാഞ്ഞങ്ങാട് സ്വദേശികൾ റിമാന്റിൽ

ആദൂർ: മാരക രാസ ലഹരിമരുന്നായ എംഡിഎംഏയുമായി പോലീസ് പിടിയിലായ കാഞ്ഞങ്ങാട് സ്വദേശികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.  കാഞ്ഞങ്ങാട് ആവിയിലെ പി. ഫായിസ്, പടന്നക്കാട് ഏപിആർ റോഡിലെ ടി.എം. ഇബ്രാഹിം, മുണ്ടത്തോട് കല്ലൂരാവിയിലെ മുഹമ്മദ് അഷ്ക്കർ, മീനാപ്പീസിലെ ഇ. മുഹമ്മദ് ഫായിസ് എന്നിവരാണ് മയക്കുമരുന്ന് കേസ്സിൽ റിമാന്റിലായത്. ബംഗളൂരുവിൽ നിന്നും ഡസ്റ്റർ കാറിൽ കടത്തികൊണ്ടുവന്ന 4 ലക്ഷം രൂപ വില വരുന്ന എംഡിഎംഏ ലഹരി മരുന്നാണ് പോലീസിന്റെ ആന്റി നാർക്കോട്ടിക്ക് വിഭാഗം ആദൂർ സിഏ നഗറിൽ നിന്നും പിടികൂടിയത്.

കാസർകോട് ഡിവൈഎസ്പി, പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ ആന്റി നാർക്കോട്ടിക്ക് ഡിവൈഎസ്പി, ജെയ്സൺ.കെ. അബ്രഹാം, ഇൻസ്പെക്ടർ സി.ഏ. അബ്ദുൾ റഹീം, സ്ക്വാഡ് എസ്ഐമാരായ കെ. നാരായണൻ നായർ, സി.കെ. ബാലകൃഷ്ണൻ, ഏഎസ്ഐ അബൂബക്കർ കല്ലായി എന്നിവരടങ്ങുന്ന സംഘമാണ് 45 ഗ്രാം എംഡിഎംഏ പിടികൂടിയത്. അഞ്ച് ദിവസം മുമ്പ് ബദിയടുക്ക പോലീസ് 184 ഗ്രാം എംഡിഎംഏയുമായി മൂന്ന് പേരെ പിടികൂടിയിരുന്നു. ഇതേതുടർന്നാണ് ലഹരി മാഫിയയ്ക്കെതിരെ പോലീസ് നിരീക്ഷണം ശക്തമാക്കിയത്.

ബദിയടുക്ക പോലീസ് പിടികൂടിയ മൂന്നംഗ സംഘത്തിൽ കാഞ്ഞങ്ങാട് സ്വദേശിയും ഉൾപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ 230 ഗ്രാം എംഡിഎംഏ രാസലഹരി മരുന്നാണ് ബദിയടുക്ക ആദൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും പിടികൂടിയത്. കാസർകോട് ഡിവൈഎസ്പി, പി.പി. സദാനന്ദന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുമ്പള പോലീസ് സ്റ്റേഷൻ പിരിധിയിലെ സോങ്കാലിൽ നിന്നും 5 കിലോ കഞ്ചാവ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.  സോങ്കാലിലെ റഫീഖിന്റെ വീടിനുള്ളിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ട റഫീഖിന് വേണ്ടി കുമ്പള പോലീസ് തെരച്ചിലാരംഭിച്ചിട്ടുണ്ട്.

LatestDaily

Read Previous

കാഞ്ഞങ്ങാട് അന്തർ സംസ്ഥാന ലഹരി മാഫിയയുടെ ഇടത്താവളം ഒരാഴ്ച്ചയ്ക്കിടെ പിടിയിലായത് 5 പേർ

Read Next

മന്ത്രിമാർ പങ്കെടുത്ത അദാലത്തിൽ പോലീസുദ്യോഗസ്ഥർക്ക് മുഴുപ്പട്ടിണി