കാഞ്ഞങ്ങാട് അന്തർ സംസ്ഥാന ലഹരി മാഫിയയുടെ ഇടത്താവളം ഒരാഴ്ച്ചയ്ക്കിടെ പിടിയിലായത് 5 പേർ

 കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അന്തർ സംസ്ഥാന മയക്കു മരുന്ന് മാഫിയയുടെ ഇടത്താവളമായി മാറുന്നു. ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷനുകളിലായി തുടർച്ചയായി മാരക ലഹരി മരുന്ന് പിടികൂടുന്ന സംഭവങ്ങൾ പതിവായിട്ടുണ്ട്. ഇത്തരത്തിലുള്ള സംഘത്തിൽപ്പെട്ടവരാണ് കഴിഞ്ഞ ദിവസം ആദൂർ പോലീസിന്റെ പിടിയിലായത്. ജില്ലയിൽ ബേക്കൽ, ഹോസ്ദുർഗ്ഗ്, കാസർകോട് , കുമ്പള, മഞ്ചേശ്വരം, ആദൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും പലതവണയായി ലഹരി മരുന്നുകൾ പിടിച്ചെടുത്തിരുന്നു. കഞ്ചാവിന് പുറമെ മാരക രാസ ലഹരി മരുന്നായ എംഡിഎംഏയുടെ കള്ളക്കടത്തും അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സിഏ നഗറിൽ നിന്നും 45 ഗ്രാം എംഡിഎംഏ രാസ ലഹരി മരുന്നുമായി 4 കാഞ്ഞങ്ങാട് സ്വദേശികളെയാണ് പിടികൂടിയത്. ഫെബ്രുവരി 5 ന് ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 179.160 ഗ്രാം എംഡി എം ഏയുമായി 3 പെരെ ബദിയടുക്ക പോലീസ് പിടികൂടിയിരുന്നു. കാഞ്ഞങ്ങാട് മുറിയനാവി കണ്ടങ്കടവ് ഹൗസിലെ മോയ്തുവിന്റെ മകൻ ടി.പി. റാഷിദ് 32, അടക്കമുള്ള മൂന്നംഗ സംഘത്തെയാണ് ബദിയടുക്ക എസ് ഐ വി.കെ. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ബദിയടുക്ക മീത്തൽ ബസാറിൽ നിന്നും പിടികൂടിയത്.

മയക്കു മരുന്നുമായി ആദൂർ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയ സംഘത്തിലെ 4 പെരും കാഞ്ഞങ്ങാട് സ്വദേശികളാണ്. കർണ്ണാടകയിൽ ബംഗളൂരുവിൽ നിന്നും ജില്ലയിലേക്ക് കടത്തുന്ന എംഡിഎംഏ ലഹരി മരുന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിച്ച് വിതരണം ചെയ്യുന്നുണ്ട്. ചുരുങ്ങിയ അളവ് എംഡിഎംഏയ്ക്ക് വൻ തുക ലഭിക്കുമെന്നതിനാൽ മയക്കു മരുന്ന് മാഫിയ കഞ്ചാവ് കള്ളക്കടത്തിൽ നിന്നും ഒഴിവായി പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയിരിക്കുകയാണ്.

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിലായി എംഡിഎംഏ അടക്കമുള്ള ലഹരി മരുന്നുകളുടെ വിൽപ്പന നടക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ഏതാനും ദിവസം മുമ്പ് സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ അക്രമം നടന്ന നായിക്കുട്ടിപ്പാറയും പരിസരങ്ങളും മയക്കു മരുന്ന് മാഫിയയുടെ രഹസ്യകേന്ദ്രങ്ങളാണ്. നായിക്കുട്ടിപ്പാറയിലെ ആൾപ്പെരുമാറ്റം കുറഞ്ഞ പ്രദേശങ്ങളിൽ പ്രത്യേക ഏറുമാടം കെട്ടി ലഹരി പാർട്ടികൾ നടന്നു വരുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.

നായിക്കുട്ടിപ്പാറയിൽ ആളൊഴിഞ്ഞ പറമ്പിൽ തയ്യാറാക്കിയ ഏറുമാടത്തിന് കീഴിൽ നിന്ന് ലഹരി മരുന്ന് ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങൾ പരിസരവാസികൾ കണ്ടെത്തിയിരുന്നു. അമ്പലത്തറയിലും പരിസര പ്രദേശങ്ങളിലും മയക്കു മരുന്നെത്തുന്നത് കർണ്ണാടകത്തിൽ നിന്നാണെന്ന് നാട്ടുകാർ പറഞ്ഞു. മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിൽ ജില്ലയിലെ എക്സൈസ് വിഭാഗം തികഞ്ഞ പരാജയമാണെന്നാണ് സമീപകാല സംഭവങ്ങൾ വഴി വ്യക്തമാകുന്നത്.

എക്സൈസ് വകുപ്പിന്റെ കീഴിലുള്ള ഇന്റലിജൻസ് വിഭാഗമടക്കം സർക്കാരിൽ നിന്ന് ശമ്പളം പറ്റി മെയ്യനങ്ങാതെയിരിക്കുമ്പോൾ ജില്ലയിലെ പോലീസ് സംവിധാനമാണ് മയക്കു മരുന്ന് കള്ളക്കടത്ത് പിടികൂടുന്നത്.  ഒരാഴ്ചയ്ക്കുള്ളിൽ 7 പേരാണ് 5 പേരും കാഞ്ഞങ്ങാട് സ്വദേശികളാണ്. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ലഹരി മരുന്ന് മാഫിയയിലെ കണ്ണികളാണ് ഒരാഴ്ച്ചയ്ക്കുള്ളിൽ ജയിലിലായത്.

LatestDaily

Read Previous

സുനിലിന് സംരക്ഷണം പാർട്ടി യോഗങ്ങളിൽ ചോദ്യശരങ്ങൾ

Read Next

ലഹരിമരുന്ന് കള്ളക്കടത്ത്: കാഞ്ഞങ്ങാട് സ്വദേശികൾ റിമാന്റിൽ