ഉമ്മയെ കാണാനും പൂക്കോയ വന്നില്ല

ചന്തേര: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുകേസ്സിലെ മുഖ്യപ്രതി ടി. കെ. പൂക്കോയ ഇന്നലെ മരണമടഞ്ഞ സ്വന്തം മാതാവിനെ അവസാനമായി ഒരു നോക്ക് കാണാനുമെത്തിയില്ല. വാർദ്ധക്യസഹജമായ അവശതയെ തുടർന്ന് ദീർഘനാളായി കിടപ്പിലായിരുന്ന, ടി. കെ. പൂക്കോയയുടെ മാതാവ് ടി. കെ. സൈനബ ഇന്നലെയാണ് മരണപ്പെട്ടത്. വഞ്ചനാക്കേസ്സുകളിലകപ്പെട്ട് ഒളിവിലുള്ള പൂക്കോയ മാതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും, മാതാവിന്റെ ശവസംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനോ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാനോ പൂക്കോയ നാട്ടിലെത്തിയില്ല.

പോലീസ് അറസ്റ്റിനെ ഭയന്നാണ് ഇദ്ദേഹം നാട്ടിലെത്താതിരുന്നത്. ഇന്നലെ രാവിലെ 10 മണിക്കാണ് പൂക്കോയയുടെ മാതാവ് നിര്യാതയായത്. ഇന്നലെ വൈകുന്നേരത്തോടെ മൃതദേഹം ചന്തേര വലിയ പള്ളി ഖബർ സ്ഥാനിൽ മറവ് െചയ്തു. പൂക്കോയ നാട്ടിലെത്തുമെന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് വീടിന് പരിസരത്ത് പോലീസ് രഹസ്യനിരീക്ഷണമേർപ്പെടുത്തിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് പോലീസുദ്യോഗസ്ഥരടക്കം സ്ഥലത്ത് മഫ്തിയിൽ കാവലുണ്ടായിരുന്നു.

മാതാവിന്റെ മരണ സമയത്തും നാട്ടിലെത്താതിരുന്ന പൂക്കോയ വിദേശത്തേക്ക് കടന്നിരിക്കാനാണ് സാധ്യതയെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്. മൂന്ന് മാസത്തോളമായി ഒളിവിൽ കഴിയുന്ന പൂക്കോയ എവിടെയാണെന്നതിനെക്കുറിച്ച് പോലീസിന് യാതൊരു വിവരവുമില്ല.  ഇദ്ദേഹം ജൻമസ്ഥലമായ ലക്ഷദ്വീപിലുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നുവെങ്കിലും സംശയം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, ഇദ്ദേഹം ഈജിപ്തിലേക്ക് കടന്നതായും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ വിമാനത്താവളങ്ങളിൽ പൂക്കോയയ്ക്കുവേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

LatestDaily

Read Previous

വിദേശത്ത് വായ്പയെടുത്ത് മുങ്ങുന്നവർക്കെതിരെ കേരളത്തിൽ നിയമക്കുരുക്ക് മുറുക്കി

Read Next

ബല്ലാക്കടപ്പുറം പള്ളിയിൽ കാന്തപുരം അനുയായികൾക്ക് അയിത്തം