സുനിലിന്റെ ജീവൻ അപകടത്തിൽ

നീലേശ്വരം: ബ്ലേഡ് കേസ്സിലകപ്പെട്ട് മടിക്കൈയിൽ ഒളിവിൽ കഴിയുന്ന കണ്ടംകുട്ടിച്ചാലിലെ സുനിൽ കടവത്തിന്റെ 46, ജീവൻ അപകടത്തിൽ. ഹൊസ്ദുർഗ്ഗ് – നീലേശ്വരം പോലീസ് സ്റ്റേഷനുകളിൽ, 2 കേസ്സുകളാണ് സുനിലിനെ പ്രതി ചേർത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടു കേസ്സുകളിലും സ്ത്രീകളാണ് പരാതിക്കാർ. അറസ്റ്റ് ചെയ്യപ്പെട്ടാൽ പ്രതിക്ക് കീഴ്ക്കോടതിക്ക് ജാമ്യം നൽകാൻ അധികാരമില്ലാത്ത ഇന്ത്യൻ ശിക്ഷാ നിയമം 420, ചതിയും വഞ്ചനയും വകുപ്പുകളാണ് പോലീസ് സുനിലിനെതിരെ ചുമത്തിയിട്ടുള്ളത്.

പോലീസിന് പിടികൊടുക്കാതെ പ്രതി സുനിൽ മടിക്കൈയിൽ തന്നെയുള്ള രഹസ്യകേന്ദ്രത്തിൽ ഒളിവിലാണ്. തൽസമയം പകൽ നേരങ്ങളിൽ സുനിൽ മടിക്കൈയിലും, ബങ്കളത്തും കാറിൽ സഞ്ചരിക്കുന്നത് കണ്ടവരുണ്ട്. സുനിലിന് കോടികളുടെ നിക്ഷേപമാണ് ബാങ്കിലുള്ളത്. 3 കോടിയോളം രൂപ മടിക്കൈ ബാങ്കിൽ സുനിലിന് സ്ഥിരം നിക്ഷേപമുണ്ട്. സുനിലിന്റെ കൈയ്യിലുള്ള പണം മടിക്കൈയിലെ ഏതാനും രാഷ്ട്രീയ പ്രമുഖരുടെ കണക്കിൽപ്പെടാത്ത പണമാണെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സുനിലിനെ മടിക്കൈ പ്രദേശത്ത് പ്രമുഖർ സംരക്ഷിച്ചുനിർത്തിയിരിക്കുന്നത്.

സുനിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ കോടികളുടെ നിക്ഷേപത്തിന് ഉടമകൾ ആരാണെന്ന് പ്രതിക്ക് പോലീസിനോട് പറയേണ്ടിവരും. മാത്രമല്ല, കണക്കിൽപ്പെടാത്ത പണത്തിന്റെ ഉറവിടം സുനിൽ വ്യക്തമാക്കേണ്ടിയും വരും. സുനിലിന്റെ അറസ്റ്റ് മടിക്കൈയിൽ പലരുടെയും കൊട്ടാരങ്ങൾ ഇടിഞ്ഞു വീഴുന്നതിലേക്കും മുഖംമൂടി തുറന്നു കാട്ടുന്നതിലേക്കും എത്തിച്ചേരാനിടവരും. ഇതുകൊണ്ടുതന്നെ സുനിലിന്റെ ജീവൻ അപകടത്തിലാണ്. മടിക്കൈ ബാങ്ക് രാത്രി കാവൽക്കാരൻ മടിക്കൈയിലെ പൊളിയപ്രം നാരായണൻ നായരെ 1987-ൽ തലക്കടിച്ചുകൊന്ന കേസ്സിൽ ഇനിയും പ്രതികളെ കണ്ടെത്താനായിട്ടില്ല.

സിപിഎം മടിക്കൈ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു നാരായണൻ നായർ. ചില പ്രമുഖർക്ക് മടിക്കൈ ബാങ്കുമായുണ്ടായിരുന്ന രഹസ്യ ഇടപാടുകൾ നാരായണൻ നായർക്കറിയാമായിരുന്നു. ഈ ഇടപാടുകളെക്കുറിച്ച് പാർട്ടിയിൽ സൂചന നൽകിയ നാരായണൻ നായർ ഒരു രാത്രി സ്വന്തം വീട്ടിൽ നിന്ന് ബാങ്കിൽ കാവൽ കിടക്കാൻ നടന്നു വരുമ്പോൾ ബാങ്കിന്റെ നൂറു മീറ്റർ തൊട്ടടുത്താണ് തലക്കടിയേറ്റ് കൊല്ലപ്പെട്ടത്. ഈ കേസ്സിൽ അന്നത്തെ സർക്കിൾ ഇൻസ്പെക്ടർ ഹക്കീം ബത്തേരി, മടിക്കൈയിലെ പാർട്ടി അംഗങ്ങളായ കെ. വി. കുമാരനെയും, മടത്തനാട്ട് രാജനെയും അറസ്റ്റ് ചെയ്യുകയും , ഇരുവരും റിമാന്റിൽ കിടക്കുകയും ചെയ്തിരുന്നു.

പിന്നീട് ഈ കേസ്സ് തേഞ്ഞുമാഞ്ഞുപോവുകയും, നാരായണൻ നായരുടെ ഭാര്യ കേരള ഹൈക്കോടതിയിൽ റിട്ട് ഹരജി ബോധിപ്പിച്ചതിനെ തുടർന്ന് കേസ്സിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുെലങ്കിലും സിബിഐ അന്വേഷണവും ഫലം കണ്ടില്ല. കൊലക്കേസ്സിൽ അറസ്റ്റിലായ കെ. വി. കുമാരൻ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ടും, പിന്നീട് മടിക്കൈ ബാങ്ക് പ്രസിഡണ്ടുമായിരുന്നു.

Read Previous

ഉദുമയിൽ പത്മാവതിക്ക് മുൻതൂക്കം

Read Next

ഖമറുദ്ദീന് ഇനി ഒരു കേസ്സിൽ മാത്രം ജാമ്യം 83 കേസ്സുകളിൽ ജാമ്യം അനുവദിച്ചു