കാണിയൂർ പാതയ്ക്ക് സൗജന്യ ഭൂമി നൽകുമോയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ വർഷം 2 കഴിഞ്ഞിട്ടും മിണ്ടിയില്ല

കാഞ്ഞങ്ങാട്: യാഥാർത്ഥ്യമായിരുന്നുവെങ്കിൽ, നൂറ്റിയമ്പതു രൂപയുടെ ടിക്കറ്റിൽ വെറും 4 മണിക്കൂർ കൊണ്ട് കാഞ്ഞങ്ങാട്ട് നിന്ന് കർണ്ണാടകയുടെ തലസ്ഥാനമായ പൂക്കളുടെ നഗരമായ ബംഗളൂരുവിലെത്താൻ സാധിക്കുമായിരുന്ന കാഞ്ഞങ്ങാട്- കാണിയൂർ റെയിൽപാത കടന്നു പോകുന്ന ഭൂമി സൗജന്യമായി കേരള സർക്കാർ നൽകുമോയെന്ന് റെയിൽവേ ചോദിച്ച കത്തിന്, കാസർകോടിന്റെ മന്ത്രി രണ്ടാമൻ ഇ. ചന്ദ്രശേഖരൻ ഉൾപ്പെടുന്ന കേരള സർക്കാർ നീണ്ട രണ്ടു വർഷം കഴിഞ്ഞിട്ടും ഒരു മറുപടിപോലും നൽകിയില്ല.

ചന്ദ്രശേഖരൻ ഒരുനാലുവരിക്കത്ത് 2018-ൽ ദക്ഷിണറെയിൽവെ അധികാരികൾക്ക് അയച്ചിരുന്നുവെങ്കിൽ, കാണിയൂർ റെയിൽപ്പാതയിൽ ഇന്ന് ബംഗളൂരുവിലേക്ക് ട്രെയിൻ ഓടുമായിരുന്നു.  ദക്ഷിണ റെയിൽവേ ചെന്നൈ എഗ്്മോർ ആസ്ഥാനത്ത് നിന്ന് മേൽക്കാര്യം വ്യക്തമാക്കാൻ ആവശ്യപ്പെട്ട് 2018 നവംബർ 13- ന് സംസ്ഥാന സർക്കാറിന്റെ ഗതാഗത ചുമതലയുള്ള പ്രിൻസിപ്പൽ സിക്രട്ടറിക്കയച്ച കത്ത് നീണ്ട 2 വർഷക്കാലം മന്ത്രി ചന്ദ്രശേഖരന്റെ ഓഫീസ് ഫയലിൽ ഉറങ്ങിക്കിടക്കുകയായിരുന്നു.

2009 ജനുവരി 24-ന് റെയിൽവെ ചീഫ് അഡ്മിനിസ്ട്രേഷൻ ഓഫീസർ എ.സി. അശോക്കുമാർ കേരള മുഖ്യമന്ത്രിക്കയച്ച കത്തിലുള്ള അവ്യക്തത കാണിയൂർ പാതയുടെ ഭൂമി ഏറ്റെടുക്കൽ വിഷയം തന്നെയായിരുന്നു. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള തുകയാണോ പാതയുടെ പദ്ധതിക്ക് കണക്കാക്കിയ 1400 കോടി രൂപയെന്ന് വീണ്ടും, വീണ്ടും റെയിൽവെ ആസ്ഥാനം കേരള സർക്കാരിനോട് ചോദിച്ചിട്ടും, ഏറ്റവുമൊടുവിൽ 2018 നവംബർ 13-ന് റെയിൽവേ വർക്ക് കൺസ്ട്രക്ഷൻ ചീഫ് അഡ്മിനിസ്ട്രേഷൻ ഓഫീസർ എഴുതിച്ചോദിച്ച കത്ത് ചന്ദ്രശേഖരനടക്കമുള്ള കേരള സർക്കാർ 2 വർഷം പൂഴ്ത്തി വെക്കുകയായിരുന്നു.

പദ്ധതി ചിലവായ 1400 കോടി രൂപയിൽ കേന്ദ്ര വിഹിതം 50 ശതമാനവും, ഇരുസ്ഥാനങ്ങളുടെയും വിഹിതം 50 ശതമാനവുമാണെന്ന് വ്യക്തമാക്കിയതല്ലാതെ, പാതയുടെ ഭൂമിക്ക് നൽകേണ്ട തുക ഈ 1400 കോടിയിൽ ഉൾപ്പെടുന്നുണ്ടോയെന്ന് വ്യക്തമാക്കാൻ കഴിയാത്ത പരിതാപകരമായ അവസ്ഥയാണ് കേരള സർക്കാറിനും, മന്ത്രി ഇ. ചന്ദ്രശേഖരനും കാണിയൂർ പാതയോട് കാണിച്ച കൊടുംചതി.  പാതയുടെ തുടർ നടപടിക്ക് അനിവാര്യമായിരുന്ന ഈ വിശദീകരണം അന്ന് ഇ. ചന്ദ്രശേഖരൻ നൽകിയിരുന്നുവെങ്കിൽ, കാസർകോട് ജില്ലയിലെ പാണത്തൂർ കാനനപാതയിലെ തണൽ വഴി ഇന്ന് ബംഗ്ളൂരുവിലേക്കും മൈസൂർ പട്ടണത്തിലേക്കും ട്രെയിൻ ഓടുമായിരുന്നു.

കേന്ദ്രം എഴുതിച്ചോദിച്ച അവ്യക്തത നീക്കണം, നീക്കണമെന്ന് പറയുന്ന മന്ത്രിയോടു തന്നെയാണ് രണ്ട് കൊല്ലം മുമ്പ് റെയിൽവെ ഈ അവ്യക്തത നീക്കാൻ രേഖാമൂലം ആവശ്യപ്പെട്ടത്. 2018 നവംബർ 13-ന് കേരള സർക്കാരിനോട് റെയിൽ ആസ്ഥാനം ചോദിച്ച അവ്യക്തത നീക്കേണ്ട ബാധ്യത കാസർകോടിന്റെ ചുമതലയുള്ള രണ്ടാമൻ മന്ത്രിക്ക് തന്നെയായിരുന്നിട്ടും, ഒരു 4 വരി മറുപടിയിൽ തീരുമായിരുന്ന ഈ അവ്യക്തത തീർക്കാൻ മന്ത്രി മെനക്കെട്ടില്ല.  ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിന് ഇലക്ഷൻ കമ്മീഷന്റെ വിജ്ഞാപനം പുറത്തു വരാൻ വെറും പത്തു ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ, കാണിയൂർ പാതയുടെ അവ്യക്തത നീക്കണമെന്ന് മന്ത്രി തന്നെ മാധ്യമങ്ങളോട് പറഞ്ഞ കാര്യം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി കാണിക്കുന്ന തെരുവു ജാലവിദ്യ ക്കാരന്റെ പൊടിക്കൈ മാത്രമാണ്.

LatestDaily

Read Previous

കാമുകിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാമുകനെതിരെ കേസ്സ്

Read Next

ഉദുമയിൽ പത്മാവതിക്ക് മുൻതൂക്കം