ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മഞ്ചേശ്വരം: പോലീസിന്റെ നീക്കം മണത്തറിയുന്ന ചൂതാട്ട സംഘത്തെ പിടികൂടാൻ ഒടുവിൽ പോലീസിന് പർദ്ദയണിയേണ്ടി വന്നു. പർദ്ദയിട്ടെത്തിയ എസ്ഐ ചൂതാട്ടക്കാരെ പിടികൂടിയത് സിനിമാ സ്റ്റൈലിൽ. കുഞ്ചത്തൂർ ലക്കിനപാലിൽ നടന്നുവന്നിരുന്ന ചൂതാട്ട സംഘത്തെയാണ് മഞ്ചേശ്വരം എസ്ഐ, എൻ.പി. രാഘവൻ പർദ്ദയണിഞ്ഞെത്തി കുടുക്കിയത്. ലക്കിനപാലിൽ പതിവായി വൻതുകവെച്ച് ചീട്ടുകളിക്കുകയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസ് വേഷത്തിൽ ചീട്ടുകളിക്കാരെ പിടികൂടാൻ ചെന്നാൽ വിവരം ചൂതാട്ടക്കാർ മണത്തറിയുമെന്ന് പോലീസിനറിയാം. ഇതോടെയാണ് പോലീസ് വേഷം മാറ്റി പ്രതികളെ പിടികൂടാൻ തീരുമാനിച്ചത്.
സ്ഥലത്തെ പരിചയക്കാരന്റെ വീട്ടിൽ നിന്നും പർദ്ദ സംഘടിപ്പിച്ച എസ്ഐ, രാഘവൻ പർദ്ദ ധരിച്ചു. ചൂതാട്ടം നടക്കുന്ന സ്ഥലത്തെ വാടക മുറി ലക്ഷ്യമാക്കി പർദ്ദ ധരിച്ച് നടന്നടുത്ത എസ്ഐ പെട്ടെന്ന് മുറിക്കകത്ത് ഓടിക്കയറി പിറക് വശത്തെ വാതിലിന്റെ കുറ്റിയിട്ടു. രംഗം പന്തിയല്ലെന്നു കണ്ട ചൂതാട്ടക്കാരിൽ ചിലർ ഇതിനിടയിൽ മുൻവശം വാതിലിലൂടെ പുറത്തേക്ക് ചാടി. തൊട്ടപ്പുറത്ത് ഒളിച്ചിരിക്കുകയായിരുന്ന മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനും പോലീസുകാരനും മുറി വളഞ്ഞു. ചൂതാട്ട കേന്ദ്രത്തിൽ നിന്നും 11 പേർ ഓടി രക്ഷപ്പെട്ടുവെങ്കിലും, 4 പേർ അറസ്റ്റിലായി. കടമ്പാർ ദുർഗാപ്പള്ളയിലെ വരുൺ നായക് 34, ശാന്തിപ്പള്ള ബദരിയ നഗറിലെ യു. നിസാം 36, കുഞ്ചത്തൂർ മല്ലികേശ്വരയിലെ സന്തോഷ് 31, അഡയാരക്കണ്ണൂരിലെ അബ്ദുൾ റഹ്മാൻ 37, എന്നിവരാണ് അറസ്റ്റിലായത്. കളിക്കളത്തിൽ നിന്നും 35000 രൂപ പിടിച്ചെടുത്തു.