ഷാർജയിൽ 83 കോടി തട്ടിയെടുത്ത തൃക്കരിപ്പൂർ സ്വദേശിക്കെതിരെ കേസ്

തൃക്കരിപ്പൂർ: ഷാർജയിലെ ബാങ്കിൽ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ തൃക്കരിപ്പൂർ സ്വദേശിക്കെതിരെ ചന്തേര പോലീസിൽ ലഭിച്ച പരാതിയിൽ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. തൃക്കരിപ്പൂർ മട്ടമ്മൽ ചേനോത്ത് തുരുത്തുമ്മൽ അബ്ദുൾ അസീസിന്റെ മകൻ അബ്ദുൾ റഹ്മാനാണ് ഷാർജയിലെ ഇൻവെസ്റ്റ് ബാങ്കിൽ നിന്നും 83.65 കോടി രൂപ കടമെടുത്ത് ബാങ്കിനെ കബളിപ്പിച്ച് നാട്ടിലേക്ക് മുങ്ങിയത്.

2017-ൽ ഈ ബാങ്കിൽ നിന്നും കടമെടുത്ത അബ്ദുറഹ്മാൻ 2018 ലാണ് ബാങ്കിനെ കബളിപ്പിച്ച് നാട്ടിലേക്ക് മുങ്ങിയത്.  ബിസിനസ് ആവശ്യത്തിനായി 2017 -ൽ 68.159 മില്യൺ ദിർഹമാണ് ഇദ്ദേഹം ഷാർജ ഇൻവെസ്റ്റ് ബാങ്കിൽ നിന്നും കടമെടുത്തത്. ഇതിൽ 42.8 മില്യൺ ദിർഹം അടച്ചു തീർത്തിരുന്നു. 83,65,65,507 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണ് അബ്ദുറഹ്മാൻ ബാങ്കിൽ തിരിച്ചടക്കേണ്ടത്. ഷാർജയിലെ ഹെക്സാ ഓയിൽ ആന്റ് ഗ്യാസ് എൽസിസി കമ്പനിയുടെ പേരിലാണ് ബിസിനസ് ആവശ്യം കാണിച്ച് ബാങ്ക് വായ്പ സംഘടിപ്പിച്ചത്. 

വായ്പയെടുത്ത തുക ബിനാമി ബിസിനസുകളിൽ നിക്ഷേപിച്ച അബ്ദുറഹ്മാൻ ബാക്കി തുക തിരിച്ചടക്കാതെ ബാങ്കിനെ വഞ്ചിച്ച് ഇന്ത്യയിലേക്ക് മുങ്ങുകയായിരുന്നു. ഷാർജ ഇൻവെസ്റ്റ് ബാങ്കിന്റെ പവർ ഓഫ് അറ്റോർണിയായ എറണാകുളത്തെ എക്സ്ട്രീം കൺസൾട്ടൻസിയാണ് അബ്ദുറഹ്മാനെതിരെ ചന്തേര പോലീസിൽ പരാതി നൽകിയത്. സ്ഥാപനത്തിലെ ജീവനക്കാരനായ തൃശ്ശൂർ കൈപ്പമംഗലത്തെ പി.എസ് അസിനാണ് പരാതിക്കാരൻ. അബ്ദുറഹ്മാൻ എറണാകുളത്ത് ബിസിനസ് നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

LatestDaily

Read Previous

പത്തുകോടി ചെലവിൽ നിർമ്മിച്ച ചന്തേര- ഒളവറ റോഡിൽ വിജിലൻസ് അന്വേഷണം

Read Next

യുഏഇ ബാങ്കിൽ നിന്ന് 2.70 കോടി തട്ടിയെടുത്ത വെള്ളിക്കോത്ത് സ്വദേശിക്കെതിരെ കേസ്