മയക്കുമരുന്ന് ശേഖരവുമായി കാഞ്ഞങ്ങാട് സ്വദേശികൾ ഉളിയത്തടുക്കയിൽ അറസ്റ്റിൽ

പിടികൂടിയത് എംഡിഎംഏ മയക്കുമരുന്ന് ∙ കാറും 3 പേരും പിടിയിൽ

കാഞ്ഞങ്ങാട്: എംഡിഎംഏ മയക്കുമരുന്നുമായി രണ്ട് കാഞ്ഞങ്ങാട് സ്വദേശികളുൾപ്പെടെ മൂന്ന് പേരെ ഉളിയത്തടുക്കയിൽ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് മുറിയനാവിയിലെ മൊയ്തുവിന്റെ മകൻ റാഷിദ് 32, മുറിയനാവിയിലെ അബൂബക്കറിന്റെ മകൻ നിസാം 32, ഉളിയത്തടുക്കയിലെ ജാബിർ എന്നിവരെയാണ് ബദിയടുക്ക പോലീസ് ഇന്ന് രാവിലെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്. ലക്ഷങ്ങൾ വില വരുന്ന 150 ഗ്രാം എംഡിഎംഏ മയക്കുമരുന്ന് ഇവരുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തു. മയക്കുമരുന്നുമായി പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലാണ്.

പ്രതികളെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്. മംഗളൂരു ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടേയ്ക്ക് കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉളിയത്തടുത്ത റോഡിൽ കാർ തടഞ്ഞാണ് പോലീസ് പ്രതികളെ പിടികൂടിയത്. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് എംഡിഎംഏ മയക്കുമരുന്ന് വിതരണം നടക്കുന്നതായി ആഴ്ചകൾക്ക് മുമ്പ് ലേറ്റസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. പോലീസ് ഇന്ന് പിടികൂടിയ മയക്കുമരുന്നിന് 5 ലക്ഷത്തിലേറെ രൂപ വില വരും.

പോലീസ് കൈ കാണിച്ചുവെങ്കിലും, കാർ നിർത്താൻ പ്രതികൾ ആദ്യം തയ്യാറായില്ല. പോലീസ് കാറിനെ പിന്തുടർന്ന് തടഞ്ഞപ്പോഴാണ് പ്രതികൾ വാഹനം നിർത്താൻ തയ്യാറായത്. കാർ പരിശോധിച്ചപ്പോൾ, മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിലായിരുന്നു പരിശോധന.

LatestDaily

Read Previous

കാണിയൂർ പാതയിൽ ചെന്നിത്തലയുടെ മറ്റൊരു നനഞ്ഞ പൂക്കുറ്റി

Read Next

രോഗത്തിൽ മനം നൊന്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു