അമ്മയും കുഞ്ഞും ആശുപത്രി പുതിയകോട്ടയുടെ നഷ്ടപ്രതാപം വീണ്ടെടുക്കും

കാഞ്ഞങ്ങാട്: പുതിയകോട്ടയിലുണ്ടായിരുന്ന ജില്ലാ ആശുപത്രി ചെമ്മട്ടംവയലിലേക്ക് മാറ്റിയതോടെ പുതിയകോട്ടയ്ക്ക് നഷ്ടമായ പ്രതാപം അമ്മയും കുഞ്ഞും ആശുപത്രിയിലൂടെ വീണ്ടെടുക്കാനൊരുങ്ങുന്നു. പഴയ ജില്ലാആശുപത്രിയുടെ സ്ഥാനത്ത് ഒമ്പതുകോടി നാൽപ്പത് ലക്ഷം രൂപ ചെലവിൽ പണിത മൂന്ന് നിലക്കെട്ടിടമായ അമ്മയും കുഞ്ഞും ആശുപത്രി തുറക്കുന്നതോടെയാണ് പുതിയകോട്ടയുടെ നഷ്ടപ്രതാപം തിരിച്ച് വരുന്നത്. സദാ സമയം തിരക്ക് പിടിച്ച സാഹചര്യമായിരുന്നു ജില്ലാ ആശുപത്രിയായിരിക്കെ പുതിയകോട്ടയിലുണ്ടായിരുന്നത്. അമ്മയും കുഞ്ഞും ആശുപത്രി തുറക്കുമ്പോൾ, നിലവിൽ ജില്ലാ ആശുപത്രിയിലെ പ്രസവ ശ്രുശൂഷ വിഭാഗവും കുട്ടികളുടെ ചികിത്സാ വിഭാഗവും പൂർണ്ണ സജ്ജമായി പുതിയ കോട്ടയിൽ കേന്ദ്രീകരിക്കും.

മൂന്ന് നിലകളിലായി 140 കിടക്കകളുള്ള ആശുപത്രിയാണ് പുതിയകോട്ടയിൽ ഒരുങ്ങിയിട്ടുള്ളത്.  കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂർത്തിയായി. കെട്ടിടത്തിന് മാത്രമായി ആറ് കോടി രൂപയാണ് ചെലവായത്. വൈദ്യുതീകരണം, ലിഫ്റ്റ്, അഗ്നിസുരക്ഷ, ശീതീകരണ സംവിധാനങ്ങൾക്കായാണ് ബാക്കി തുക ചെലവഴിക്കുന്നത്. ആരോഗ്യമന്ത്രി കെ. കെ. ശൈലജയും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും തിങ്കളാഴ്ച കാഞ്ഞങ്ങാട്ട് നടത്തുന്ന സാന്ത്വന സ്പർശം അദാലത്തിനായി എത്തുന്നുണ്ട്. അന്നേ ദിവസം തന്നെ അമ്മയും കുഞ്ഞും ആശുപത്രി ഉദ്ഘാടനം ചെയ്യുന്നതിനുള്ള അടിയന്തിര നിർദ്ദേശമാണ് ഇന്നലെ ബന്ധപ്പെട്ടവർക്ക് ലഭ്യമായത്.

LatestDaily

Read Previous

ഒരേ കിടപ്പിൽ ദുരിതമനുഭവിച്ച വൃദ്ധയ്ക്ക് ആശ്വാസം: ചികിത്സ ഒരുക്കാൻ സബ് കലക്ടറുടെ നിർദ്ദേശം

Read Next

ദുസ്വഭാവികളെ സംയുക്ത ജമാഅത്ത് നേതൃസ്ഥാനത്ത് നിന്നൊഴിവാക്കണം