കാണിയൂർ പാതയിൽ മന്ത്രി ചന്ദ്രശേഖരൻ പറയുന്ന അവ്യക്തത 2018-ൽ കേരള സർക്കാർ നീക്കിയിരുന്നു

കാഞ്ഞങ്ങാട്: കാണിയൂർ റെയിൽ പാത യാഥാർത്ഥ്യമായിരുന്നുവെങ്കിൽ കാഞ്ഞങ്ങാട്ട് നിന്ന് വെറും 150 രൂപയ്ക്ക് 4 മണിക്കൂർ കൊണ്ട് ഐടി നഗരമായ ബംഗളൂരുവിൽ എത്തിച്ചേരാൻ കഴിയുമായിരുന്ന പാത നിർമ്മാണത്തിൽ കേന്ദ്ര സർക്കാറിനുള്ള അവ്യക്തത 2018-ൽ തന്നെ കേരള സർക്കാർ രേഖാമൂലം നീക്കിയിരുന്നു.

പാത യാഥാർത്ഥ്യമാക്കാൻ മൊത്തം പദ്ധതി ചിലവ് വെറും 1400 കോടി രൂപയാണ്. ഈ തുകയിൽ 350 കോടി കേരളവും, 350 കോടി കർണ്ണാടകയും വഹിക്കാമെന്ന് 2015-ൽ ഈ പദ്ധതിയുടെ സർവ്വെ തുടങ്ങും മുമ്പ് തന്നെ പദ്ധതിരേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്. പകുതി തുക 700 കോടി രൂപ കേന്ദ്ര സർക്കാർ വഹിക്കണമെന്നും പദ്ധതിയിലുണ്ട്.

കാണിയൂർ പാത കടന്നുപോകുന്ന കാഞ്ഞങ്ങാട് മുതൽ കേരള അതിർത്തിയായ പാണത്തൂർ വരെയുള്ള 25 കിലോമീറ്റർ പ്രദേശത്തും, പാണത്തൂർ മുതൽ കാണിയൂർ വരെയുള്ള വെറും 30 കി. മീറ്റർ ദൂരത്തിലുമുള്ള ഭൂമി ഏറ്റെടുക്കുമ്പോൾ, ഭൂമി വിട്ടുകൊടുക്കുന്നവർക്ക് ന്യായമായും നൽകേണ്ട പണമടക്കമുള്ള തുകയാണ് 1400 കോടി രൂപയുടെ പദ്ധതി ചിലവ്. പാണത്തൂർ മുതൽ 30 കി. മീറ്റർ കാണിയൂരിലേക്ക് പാത കടന്നുപോകുന്ന വഴിയിൽ 15 കി. മീറ്റർ കർണ്ണാടക വനമാണ്.

1400 കോടി മൊത്തം പദ്ധതി ചിലവിൽ 750 കോടി രൂപ കേന്ദ്രസർക്കാർ തരാമെന്ന് മോദി സർക്കാരിലെ റെയിൽമന്ത്രി ഗോവയിൽ നിന്നുള്ള സുരേഷ് പ്രഭു കാഞ്ഞങ്ങാട്ട് നിന്ന് ദൽഹിയിലെത്തിയ കാണിയൂർ പാത കർമ്മസമിതി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ നേരിട്ട് പറഞ്ഞത് അന്നത്തെ പാർലിമെന്റംഗം പി. കരുണാകരനോടാണ്. അന്നത്തെ എംപി ഏ. സമ്പത്തും കേന്ദ്രമന്തര്രരിയുടെ ഈ വെളിപ്പെടുത്തലിന് സാക്ഷിയാണ്.  പക്ഷെ, കാഞ്ഞങ്ങാട്ട് നിന്ന് ആരംഭിക്കാൻ സർവ്വെ പ്രഖ്യാപിച്ച പാത കോട്ടിക്കുളത്ത് നിന്ന് ആരംഭിക്കണമെന്ന് പി. കരുണാകരൻ അന്നത്തെ റെയിൽമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് റെയിൽമന്ത്രിയുടെ ഓഫീസ് ജീവനക്കാരാണ്.

പാതയുടെ സർവ്വെ കാഞ്ഞങ്ങാട്ട് നിന്ന് ആരംഭിച്ചതോടെ എന്തുകൊണ്ടോ, കാസർകോടിന്റെ എംപി, പി. കരുണാകരൻ, കാസർകോടിന്റെ മുഖച്ഛായ തന്നെ മാറ്റുമായിരുന്ന കാണിയൂർ പാതയോട് പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു. ഇപ്പോൾ കേരള സർക്കാരിലെ രണ്ടാമനായ മന്ത്രി ഇ. ചന്ദ്രശേഖരൻ സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ മാത്രം മാധ്യമങ്ങളോട് പറഞ്ഞുകഴിഞ്ഞ പാത വിഷയത്തിൽ കേരള സർക്കാരും കേന്ദ്രസർക്കാരുമായുള്ള അവ്യക്തത കേരള സർക്കാർ കത്തു നമ്പർ 243/ D2/ 16-10- 2018 അനുസരിച്ച് അന്നത്തെ കേരള അഡീഷണൽ സിക്രട്ടറി എസ്. മലാത്തി ദക്ഷിണ റെയിൽവെയുടെ ചെന്നൈ എഗ്്മോർ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കയച്ച കത്തിൽ 50: 50 കേരളവും കേന്ദ്രവും വഹിക്കുമെന്ന് കാണിച്ച് എഴുതിയ കത്തിൽ അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്.

1400 കോടി രൂപയിൽ 750 കോടി കേന്ദ്ര സർക്കാരും, 750 കോടി കേരള സർക്കാരും വഹിക്കുമെന്നാണ് സംസ്ഥാന പ്രിൻസിപ്പൽ സിക്രട്ടറിക്ക് വേണ്ടി അഡീഷണൽ സിക്രട്ടറി എസ്. മലാത്തി അയച്ച കത്തിന്റെ രത്നചുരുക്കം. കത്തിന്റെ രണ്ടാമത്തെ വരിയിൽ കാണിയൂർ പദ്ധതിക്കുള്ള ഭൂമിയടക്കം അക്വയർ ചെയ്ത് കൈമാറാനുള്ള പദ്ധതിയെന്ന് കേരളസർക്കാർ അടിവരയിട്ട് റെയിൽവെ ഉന്നതാധികാരിയെ ഉണർത്തിയിട്ടും, മന്ത്രി ചന്ദ്രശേഖരൻ ഇപ്പോഴും പറയുന്നത് പാതയ്ക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ പ്രതിഫലം ആരുവഹിക്കുമെന്നാണ് കേന്ദ്രം ചോദിക്കുന്നത് എന്നാണ്.

മന്ത്രി ഇ. ചന്ദ്രശേഖരനടക്കമുള്ള മന്ത്രിസഭയുടെ പ്രിൻസിപ്പൽ സിക്രട്ടറി ഇത്രയും വ്യക്തമായി 2018 ഒക്ടോബർ 6-ന് റെയിൽ ഉന്നതാധികാരിയെ രേഖാമൂലം അറിയിച്ചിട്ടും, മന്ത്രി ചന്ദ്രശേഖരന് മാത്രമാണ്, തന്റെ സ്വന്തം മണ്ഡലത്തിൽ അഞ്ചു കൊല്ലം കഴിഞ്ഞിട്ടും, നടപ്പാക്കാൻ കഴിയാതെ പോയ വെറും 1400 കോടി രൂപയുടെ റെയിൽപാതയെക്കുറിച്ച് ഇന്നും അവ്യക്തത മാറാത്തത്. വീണിടത്ത് നിന്ന് ഉരുളുകയാണ് മന്ത്രി ചന്ദ്രശേഖരൻ ഇപ്പോൾ ചെയ്തുവരുന്നത്.

LatestDaily

Read Previous

മഞ്ഞംപൊതിക്കുന്നിൽ ഇക്കോ ടൂറിസം യാഥാർത്ഥ്യമാകുന്നു

Read Next

സുനിലിന് പാർട്ടി സംരക്ഷണം സുനിൽ മടിക്കൈയിൽ തന്നെയുണ്ട്