സുനിലിന് ബാങ്കിൽ ദല്ലാൾ സംഘം 25000 രൂപയുടെ കടക്കാരനെ 1 ലക്ഷത്തിന്റെ കടക്കാരനാക്കി മാറ്റുന്ന മടിക്കൈ സൂത്രം

കാഞ്ഞങ്ങാട് : ബ്ലേഡ് നടത്തിപ്പുകാരൻ മടിക്കൈ കണ്ടംകുട്ടിച്ചാലിലെ സുനിൽ കടവത്തിന് മടിക്കൈ പ്രദേശത്തെ ഒരു ബാങ്കിൽ ദല്ലാൾ സംഘം. ബാങ്കിൽ നിന്ന് കാൽ ലക്ഷം രൂപ വായ്പ വാങ്ങിയ ആൾക്ക് യഥാസമയം തിരിച്ചടക്കാൻ കഴിയാതെ വരുമ്പോൾ, പലിശയും പിഴപ്പലിശയും പെരുകി, കടം അമ്പതിനായിരത്തിലെത്തിയാൽ, ബാങ്ക് ഉടൻ കടക്കാരന് ജപ്തി നോട്ടീസ്സയക്കും.

ജപ്തി നോട്ടീസ് കൈയ്യിൽക്കിട്ടി തലയിലെ കല്ലിളകി നിൽക്കുന്ന കടക്കാരനെ ബാങ്കിന്റെ ദല്ലാൾമാർ സൂത്രത്തിലും നയത്തിലും സുനിലിന്റെ അടുത്തേക്കയക്കും. ബാങ്കിലടക്കാനുള്ള അരലക്ഷം രൂപ സുനിൽ ഉടൻ അടച്ച് ബാങ്കിന്റെ കടം തീർക്കും. കടക്കാരനോട് ഒരു ലക്ഷം രൂപയുടെ പുതിയ വായ്പ വാങ്ങാൻ ബാങ്ക് ദല്ലാൾ സൂത്രം പറഞ്ഞു കൊടുക്കും. പുതിയ വായ്പ അപേക്ഷ ബാങ്കിൽ ലഭിച്ചു കഴിഞ്ഞാൽ അടുത്ത വായ്പ പാസ്സാക്കുന്ന സമിതി ചേരാൻ ഒരു മാസമെടുക്കുെമന്ന് അപേക്ഷകനോട് ദല്ലാൾ ഉപദേശിക്കും.

അടുത്ത ബാങ്ക് സമിതി ചേർന്നാൽ ഒരു ലക്ഷം രൂപ ഈ അപേക്ഷകന് വീണ്ടും ബാങ്ക് വായ്പ പാസ്സാക്കി നൽകും. ഈ ഒരു ലക്ഷത്തിൽ മുക്കാൽ ലക്ഷം രൂപ ഉടൻ സുനിൽ കൈപ്പറ്റി പഴയ കടം വീട്ടും. വായ്പാ അപേക്ഷകന്റെ കൈയ്യിൽ അവശേഷിക്കുന്ന കാൽലക്ഷം രൂപ സുനിലിന്റെ മുക്കാൽ ലക്ഷം രൂപ അടക്കാനെടുത്ത ഒരു മാസത്തെ പലിശ ഇനത്തിൽ ഉൾപ്പെടുത്തി ഈ പണം ഉടൻ സുനിലും, ബാങ്ക് ദല്ലാളും വീതിച്ചെടുക്കും.

ഫലത്തിൽ കാൽ ലക്ഷം രൂപ ബാങ്കിൽ നിന്ന് വായ്പ വാങ്ങിയ ആൾ ഈ ബാങ്കിൽ പുതിയ ഒരു ലക്ഷം രൂപയുടെ കടക്കാരനായി മാറുന്ന ദയനീയ ചിത്രമാണ് മടിക്കൈ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.  ഈ ഒരു ലക്ഷം രൂപയുടെ മുകളിൽ പലിശയും വട്ടിപ്പലിശയും പിടിമുറുക്കുമ്പോൾ, കടക്കാരൻ ഒന്നുകിൽ നാടുവിടുന്നു. അതല്ലെങ്കിൽ ആത്മഹത്യയിൽ അഭയം തേടുന്നു. ഈ ബാങ്കിനകത്തു തന്നെ സുനിലിന് അഗ്രഗണ്യരായ ദല്ലാൾ സംഘം പ്രവർത്തിക്കുന്നുണ്ട്.

Read Previous

കാണിയൂർ പാത; മന്ത്രി കള്ളം പറയുന്നു

Read Next

പോലീസിന്റെ പേരിൽ വ്യാജ പണപ്പിരിവ് യുവാവിനെതിരെ ഡിവൈഎസ്പിക്ക് പരാതി