ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ 2015-20 വർഷം അന്നത്തെ ചെയർമാൻ വി.വി. രമേശൻ നടത്തിയ നടുക്കുന്ന അഴിമതികൾ പ്രതിപക്ഷമായ മുസ്്ലീം ലീഗും ബിജെപിയും കാതും കണ്ണുമടച്ച് നോക്കിനിൽക്കുകയായിരുന്നു. പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് 50 സൈക്കിളുകൾ നൽകാൻ നഗരസഭ കൊണ്ടുവന്ന പദ്ധതിയിൽ രമേശൻ ഭരണത്തിൽ 2.5 ലക്ഷം രൂപയുടെ അഴിമതിയാണ് നടന്നത്. 2017-18 വർഷം നഗരസഭയിലെ വരണ്ട പ്രദേശങ്ങളിൽ കുടിനീർ വിതരണം ചെയ്ത പദ്ധതിയുടെ മറവിൽ രമേശന്റെ ബിനാമിയായ കരാറുകാരനെ ഇടത്തട്ടുകാരനാക്കി 6.5 ലക്ഷം രൂപയുടെ പട്ടാപ്പകൽ അഴിമതി നടന്നു.
പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ നൽകിയ പദ്ധതിയിലും വൻ അഴിമതി നടന്നു. പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ നൽകാനുള്ള ടെണ്ടർ അംഗീകരിച്ചു നൽകിയത് കാഞ്ഞങ്ങാട്ട് ഇല്ലാത്ത തും, കോട്ടയത്ത് മാത്രമുള്ളതുമായ കറന്റ്സ് ബുക്സ് എന്ന പുസ്തകക്കടയ്ക്കാണ്. 50 സൈക്കിളുകൾക്ക് കൂടിയ നിരക്ക് രേഖപ്പെടുത്തി ടെണ്ടർ നൽകിയ കറന്റ് ബുക്സ് എന്ന അദൃശ്യ സ്ഥാപനത്തിന് സൈക്കിൾ വിതരണം ചെയ്യാൻ ടെണ്ടർ നൽകിയപ്പോൾ, ഒരു സൈക്കിളിന് 800 രൂപയോളം കുറഞ്ഞ ടെണ്ടർ തുക രേഖപ്പെടുത്തിയ കാഞ്ഞങ്ങാട്ടെ ഹിറാ ട്രേഡിംഗ് അംഗീകൃത സൈക്കിൾ വിതരണ സ്ഥാപനത്തിന്റെ ടെണ്ടർ ചവറ്റുകുട്ടയിൽ തള്ളിയ രമേശന്റെ പട്ടാപ്പകൽ അഴിമതിക്ക് എതിരെ അന്നും ഇന്നും നഗരഭരണത്തിൽ പ്രധാന പ്രതിപക്ഷമായ മുസ്്ലീം ലീഗ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ഒരക്ഷരം മിണ്ടിയിരുന്നില്ല.
കേവലം 56,000 ( അമ്പത്തി ആറായിരം) രൂപയ്ക്ക് വിതരണം ചെയ്യാവുന്ന കുടിനീരിന് രമേശൻ ഭരണസമിതി നൽകിയ ടെണ്ടർ തുക 6.5 ലക്ഷം രൂപയാണ്. 6 ലക്ഷം രൂപയുടെ അഴിമതിയാണ് കുടിനീരിൽ നടന്നിട്ടുള്ളത്. പട്ടിക വിഭാഗം കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ വാങ്ങിയ 50 സൈക്കിളുകളിൽ 20 സൈക്കിളുകൾ ഇന്നും കുട്ടികളുടെ കൈകളിലെത്തിയിട്ടില്ല. പേരിന് മാത്രം വാങ്ങിയ 12 പുതുപുത്തൻ സൈക്കിളുകൾ ചെമ്മട്ടം വയൽ സയൻസ് പാർക്കിന്റെ ഒന്നാം നിലയിൽ ആരും കാണാത്ത ഒരു മുറിയിൽ കഴിഞ്ഞ 2 വർഷമായി അടച്ചുപൂട്ടിവെച്ചിരിക്കുന്നത് മറ്റൊരു നഗ്നസത്യമാണ്.
തന്റെ ഭരണത്തിൽ അഴിമതി നടന്നിട്ടില്ലെന്നും, അഴിമതി വാർത്ത ലേറ്റസ്റ്റ് പത്രത്തിന്റെ സൃഷ്ടിയാണെന്നുമാണ് ഈ വൻ പണം തട്ടലിനെക്കുറിച്ചുള്ള വി.വി. രമേശന്റെ മൈതാനപ്രസംഗം. അഴിമതി സംബന്ധിച്ച് രമേശൻ പാർട്ടി നേതൃത്തോട് വെളിപ്പെടുത്തിയതും അഴിമതി നടത്തിയിട്ടില്ലെന്നാണ്. സർക്കാറിന്റെ പണം ഉപയോഗിച്ച് വാങ്ങിയ 12 സൈക്കിളുകൾ പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് കൈമാറാതെ 2018 മുതൽ സയൻസ് പാർക്കിൽ ആരുടെയും ശ്രദ്ധ പതിയാതെ ഒളിപ്പിച്ചുവെച്ച സംഭവം മാത്രമെടുത്താൽ സൈക്കിൾ വിതരണത്തിൽ നടന്ന അഴിമതി പകൽപോലെ വ്യക്തമാകും.
രണ്ട് അംഗീകൃത സൈക്കിൾ സ്ഥാപനങ്ങൾ കാഞ്ഞങ്ങാട്ട് നിലവിലുണ്ടായിട്ടും, കഥയും നോവലും വിൽക്കുന്ന അതും കാസർകോട് ജില്ലയിലില്ലാത്ത കറന്റ് ബുക്സ് എന്ന സ്ഥാപനത്തിന് സൈക്കിൾ വാങ്ങാൻ ടെണ്ടർ നൽകിയ സംഭവം മാത്രമെടുത്ത് പരിശോധിച്ചാൽ സൈക്കിൾ വിതരണത്തിൽ നടന്ന അഴിമതി നൂറുശതമാനം വ്യക്തമാകും. 56,000 രൂപയ്ക്ക് നൽകാൻ കഴിയുന്ന കുടിനീരിന് 6.5 ലക്ഷം രൂപയുടെ ടെണ്ടർ അനുവദിച്ചു നൽകിയ അഴിമതിയും പകൽ കൊള്ള തന്നെയാണ്. മുസ്്ലീം ലീഗും ബിജെപിയും 2015- 20 വർഷം കൗൺസിലിൽ ഈ അഴിമതികളൊക്കെ കണ്ടിട്ടും, കൗൺസിൽ അജണ്ടകളിൽ ബോധ്യപ്പെട്ടിട്ടും, അഴിമതിക്കെതിരെ ഒരക്ഷരം പോലും ഉരിയാടാതിരുന്നത് വലിയ അദ്ഭുതവും ചില നീക്കു പോക്കുമാണെന്ന് പുറത്തുവന്നിട്ടുണ്ട്.