ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം : ബ്ലേഡ് മാഫിയാ തലവൻ മടിക്കൈ കണ്ടംകുട്ടിച്ചാലിലെ കടവത്ത് സുനിൽ ബ്ലേഡിൽ കുടുക്കി നിരവധി കുടുംബങ്ങളുടെ ഭൂമി സ്വന്തം പേരിൽ റജിസ്റ്റർ ചെയ്തു. മടിക്കൈ പഞ്ചായത്തിൽ താമസക്കാരായ ഏതാനുംപേർക്കാണ് സുനിലിന്റെ മൂർഛയുള്ള ബ്ലേഡിൽ സ്വന്തം വീടും പുരയിടവും നഷ്ടപ്പെട്ടത്.75000, 50000 രൂപ സുനിലിൽ നിന്ന് അറവു പലിശയ്ക്ക് കടം വാങ്ങിയ ഈ കുടുംബങ്ങൾക്ക് മുതലും പലിശയും ഒരിക്കലും തിരിച്ചടയ്ക്കാൻ കഴിയാത്ത വിധം ഇരട്ടിച്ചപ്പോഴാണ്, സ്വന്തം വീടും പുരയിടവും സുനിലിന് തന്നെ റജിസ്റ്റർ ചെയ്തു കൊടുക്കാൻ കുടുംബങ്ങൾ നിർബ്ബന്ധിതരായത്.
സുനിൽ പണം പലിശയ്ക്ക് നൽകുമ്പോൾ ആദ്യം ഭൂമിയുടെ ആധാരം വാങ്ങി വെക്കുകയാണ് പതിവ്. പലിശ കൂടി വരുമ്പോൾ, ഇടപാടുകാരെ വിളിച്ച് മറ്റൊരു ബ്ലാങ്ക് മുദ്രപ്പത്രം കൂടി ഒപ്പിട്ടു വാങ്ങും. പലിശ വീണ്ടും കൂടുമ്പോൾ, സുനിൽ ഇടപാടുകാരെ വിളിച്ച് ബ്ലാങ്ക് ചെക്കും വാങ്ങി വെക്കും. ഇത്രയും ആകുമ്പോഴേയ്ക്കും മുതലും പലിശയും ഒരിക്കലും തിരിച്ചടക്കാൻ കഴിയാത്ത വിധം ഇടപാടുകാരൻ പൂർണ്ണമായും സുനിലിന്റെ മൂർച്ഛയുള്ള ബ്ലേഡിൽ ശരീരം മുറിഞ്ഞ് രക്തം വാർന്നുപോയി അവശ നിലയിലാകും.
ആദ്യ ഘട്ടത്തിൽ പണം വാങ്ങുമ്പോൾ ഈടായി നൽകിയ ആധാരം സ്വന്തം പേരിലല്ലെങ്കിൽ, സുനിൽ നിർദ്ദേശിക്കുന്ന ആളുടെ പേരിൽ റജിസ്റ്റർ ചെയ്തു കൊടുക്കാൻ ഇയാൾ സമ്മർദ്ദം ചെലുത്തും.ബ്ലേഡിൽ പണയപ്പെടുത്തിയ 56 ആധാരങ്ങളാണ് സുനിലിന്റെ കണ്ടംകുട്ടിച്ചാൽ വീട്ടിൽ നിന്ന് നീലേശ്വരം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ. പി. സതീഷ് പിടിച്ചെടുത്തിട്ടുള്ളത്.
ഇവരിൽ ഏതാനും പേരെ സുനിലിനെതിരായ ബ്ലേഡ് കേസ്സിൽ സാക്ഷികളാക്കാനാണ് പോലീസ് തീരുമാനം. മണി ലെൻഡേഴ്സ് ആക്ട് അനുസരിച്ചാണ് ഈ നാൽപ്പത്തിയഞ്ചുകാരന് എതിരെ പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. നീലേശ്വരത്തും ഹൊസ്ദുർഗ്ഗിലും സുനിലിന് എതിരെ കേസ്സുകളുണ്ട്. ഹൊസ്ദുർഗിൽ നേരത്തെ മറ്റൊരു ബ്ലേഡ് കേസ്സ് സുനിലിന്റെ പേരിലുണ്ട്. സുനിലിന് സ്വന്തമായി മൂന്ന് വാഹനങ്ങളുണ്ട്.
പോലീസ് വീടു റെയ്ഡ് ചെയ്ത വിവരമറിഞ്ഞയുടൻ ഈ വണ്ടികൾ ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കയാണ്. ഒരു ലക്ഷത്തിൽ താഴെയുള്ള പണമാണ് ഭൂമിയുടെ ആധാരം പണയപ്പെടുത്തി സുനിലിൽ നിന്ന് അധികം പേരും വാങ്ങിയിട്ടുള്ളത്. പണം വാങ്ങിയവരിൽ അധികം പേരും ഇടത്തരം കുടുംബങ്ങളിൽപ്പെട്ടവരാണ്.