വി.വി.രമേശന്റെ ഭൂമി, വിജിലൻസ് തെളിവുകൾ ശേഖരിച്ചു

കാഞ്ഞങ്ങാട്: മുൻ നഗരസഭാ ചെയർമാൻ കാഞ്ഞങ്ങാട്ടെ വി. വി. രമേശന്റെ ബിനാമി ഭൂമി സംബന്ധിച്ച് വിജിലൻസ് ഡയറക്ടറേറ്റ് പ്രാഥമിക തെളിവുകൾ ശേഖരിച്ചു. 2019-ൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാന്റെ പദവിയിലിരുന്ന രമേശൻ സ്വന്തം മകൾ ഡോ. ഏ. ആർ ആര്യയെ ബിനാമിയാക്കി 49 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി വാങ്ങിയത് കൊവ്വൽ സ്റ്റോറിലാണ്.

കാഞ്ഞങ്ങാട് സൗത്തിൽ കൊവ്വൽ സ്റ്റോറിന് പടിഞ്ഞാറുഭാഗത്താണ് ആര്യയുടെ പേരിൽ 11.3/4 സെന്റ് ഭൂമി രമേശൻ സ്വന്തമാക്കിയത്. ആയുർവ്വേദ ഡോക്ടറായ ഏ. ആർ. ആര്യ 2019-ൽ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ 49 ലക്ഷം രൂപ മുടക്കി ആര്യയ്ക്ക് ഒരു തരത്തിലും ഈ ഭൂമി വാങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ രമേശൻ പണം മുടക്കി മകളെ ബിനാമിയാക്കിയാണ് ഈ ഭൂമി ഇടപാട് നടത്തിയതെന്നും, ഭൂമി വാങ്ങുമ്പോൾ വി. വി. രമേശൻ കാഞ്ഞങ്ങാട് നഗരസഭ ചെയർമാനായിരുന്നതിനാൽ, ഈ ഭൂമിയിടപാട് പൊതുപ്രവർത്തകരുടെ അഴിമതിയുടെ പട്ടികയിൽ ഉൾപ്പെടുന്നതാണെന്ന് കാണിച്ച് കാഞ്ഞങ്ങാട് സ്വദേശി സംസ്ഥാന വിജിലൻസ് ഡയറക്ടർക്കും ലോകായുക്തയ്ക്കും പരാതി നൽകിയിരുന്നു. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് വിജിലൻസ് അധികൃതർ പ്രാഥമിക അന്വേഷണം നടത്തിയത്. പരാതിക്കാരനിൽ നിന്ന് വിജിലൻസ് ഇൻസ്പെക്ടർ ബിനാമി ഭൂമിയുടെ തെളിവുകൾ ശേഖരിച്ചു.

വിജിലൻസ് അധികൃതർ രണ്ടു ദിവസത്തിനകം കൊവ്വൽ സ്റ്റോറിലുള്ള ഡോ. ആര്യ ബിനാമിയായ വി. വി. രമേശന്റെ ഭൂമി നേരിൽ സന്ദർശിക്കും. ഈ 11.3/4 സെന്റ് ഭൂമിയോട് ചേർന്ന് മറ്റൊരു 12 സെന്റ് ബിനാമി ഭൂമി രമേശൻ നേരത്തെ വാങ്ങിയിട്ടുണ്ട്. രമേശന്റെ ഭാര്യ അനിത ചേനമ്പത്തിന്റെ സഹോദരൻ അനിൽ കുമാർ ചേനമ്പത്തിനെ ബിനാമിയാക്കി 2013-ൽ വി. വി. രമേശൻ വാങ്ങിയ ഭൂമിയടക്കം 24 സെന്റും, മറ്റൊരു 8 സെന്റുമടക്കം കണ്ണായ ഭൂമിയാണ് രമേശന് ഈ സ്ഥലത്തുള്ളത്. ഭൂമിയുടെ പടിഞ്ഞാറുഭാഗത്ത് ടാർ റോഡുണ്ട്.

കിഴക്കു ഭാഗം ദേശീയ പാതയിൽ നിന്ന് നേരിട്ട് ഈ ഭൂമിയിലേക്ക് 2020 നവംബറിൽ നഗരസഭാ ചിലവിൽ രമേശൻ പ്രത്യേക റോഡും നിർമ്മിച്ചിട്ടുണ്ട്. നഗരസഭാ വാർഡ് 19-ലാണ് രമേശന്റെ ഒന്നരക്കോടി രൂപ വിലമതിക്കുന്ന ബിനാമി ഭൂമി സ്ഥിതി ചെയ്യുന്നത്. കൊവ്വൽ സ്റ്റോറിൽ താമസിക്കുന്ന പരേതനായ കെ. ഭാസ്ക്കരൻ – ചന്ദ്രമതി ദമ്പതികളുടെ മകൻ ഇലക്ട്രിക്കൽ എഞ്ചിനീയർ, കെ. ശരത് കുമാറിൽ നിന്നാണ് 11. 3/4 സെന്റ് ഭൂമി രമേശൻ മകളെ ബിനാമിയാക്കി വാങ്ങിയത്. 2019 ജൂൺ 7-നാണ് ഈ ഭൂമി കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

LatestDaily

Read Previous

കാസർകോട്ട് 5 ഓൺലൈൻ ചാനലുകൾ നിരീക്ഷണത്തിൽ

Read Next

വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു