പൂച്ചയ്ക്കാരു മണികെട്ടും

അടിക്കടി ഉയരുന്ന ഇന്ധന വിലയുടെ നികുതി വിഹിതത്തിന്റെ ആനുകൂല്യം വാങ്ങി കീശയിലിടുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അക്ഷരാർത്ഥത്തിൽ ഇന്ധന ഉപഭോക്താക്കളിൽ നിന്നും നോക്കുകൂലിയാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. പെട്രോളിനും, ഡീസലിനും കേന്ദ്ര സർക്കാർ വാങ്ങുന്ന നികുതി ഇന്ധനത്തിന്റെ യഥാർത്ഥ വിലയോളം തന്നെ വരും.

കേന്ദ്ര സർക്കാരിന് എക്സൈസ് ഡ്യൂട്ടി, അഡീഷണൽ എക്സൈസ് ഡ്യൂട്ടി, റോഡ് സൈസ്, എന്നീ ഇനങ്ങളിലാണ് ഇന്ധന നികുതി ലഭിക്കുന്നത്. ഫലത്തിൽ യഥാർത്ഥ വിലയുടെ മുന്നിലൊന്നോളം വ്യത്യസ്ത ഇനത്തിൽ നികുതിയായി സ്വീകരിച്ചാണ് കേന്ദ്ര സർക്കാർ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ പൊതു ജനത്തിന് മുന്നിൽ കൈമലർത്തുന്നത്. ഇന്ധനവില വർധിപ്പിക്കുന്നത് എണ്ണക്കമ്പനികളാണെങ്കിലും, കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് വില വർധനയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്.

എണ്ണ വില വർധിപ്പിക്കുന്നത് രാജ്യത്ത് കക്കൂസുകൾ പണിയാനാണെന്നാണ് മലയാളിയായ മുൻ കേന്ദ്ര മന്ത്രി ന്യായീകരിച്ചിരുന്നത്. രാജ്യം മുഴുവൻ കക്കൂസുകൾ കൊണ്ട് നിറക്കേണ്ട വിധത്തിൽ എണ്ണവില മേലോട്ട് കുതിക്കുമ്പോളും പുതിയ ന്യായീകരണങ്ങളുമായി നേതാക്കൾ ഇപ്പോഴും കളം നിറഞ്ഞ് കളിക്കുകയാണ്. കേരളത്തിൽ എണ്ണവില കുറയ്ക്കണമെങ്കിൽ സംസ്ഥാന സർക്കാർ നികുതി കുറക്കട്ടെയെന്നാണ് മലയാളിയായ കേന്ദ്ര മന്ത്രി അടുത്തിടെ പറഞ്ഞത്.

കേരളമെന്നത് അദ്ദേഹമുൾപ്പെടെ മുഴുവൻ മലയാളികളെയും ഉൾക്കൊള്ളുന്ന സംസ്ഥാനമാണെന്ന് മറന്ന വിധത്തിലാണ് കേന്ദ്രമന്ത്രിയുടെ വിചിത്ര പ്രസ്താവന.
അധ്വാനമില്ലാതെ കിട്ടുന്ന നികുതി വെറുതെ കളയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകുമെന്ന് കരുതേണ്ടതില്ലാത്തതിനാൽ ഇന്ധന വില വർധനയുടെ വിപരീത ഫലങ്ങൾ ആത്യന്തികമായി അനുഭവിക്കേണ്ടത് ഉപഭോക്താക്കൾ തന്നെയാണ്. ഇന്ധനവില വർധനവിനുള്ള അധികാരം എണ്ണക്കമ്പനികൾക്ക് കൈമാറിയാൽ ഇന്ധന വിതരണ രംഗത്ത് മത്സരമുണ്ടാകുമെന്നും അതു വഴി വിലക്കുറവുണ്ടാകുമെന്നുമാണ് ഭരണാധികാരികൾ പറഞ്ഞിരുന്നത്.

ഭരണകൂടത്തിന്റെ വാഗ്ദാനം പൊള്ളയായിരുന്നുവെന്ന് തന്നെയാണ് അനുഭവങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. ടെലകോം സ്വകാര്യ വത്കരണത്തിന്റെ കാര്യത്തിലും ഇതേ ന്യായ വാദങ്ങളാണ് ഉയർന്നു വന്നത്. മറ്റ് സേവന ദാതാക്കളെ വെട്ടിമലർത്തി റിയലൻസ് ഗ്രൂപ്പ് ടെലികോം മേഖല ഏതാണ്ട് കയ്യടക്കിയിരിക്കുകയാണ്. സൗജന്യത്തിന്റെ അപ്പക്കഷണങ്ങൾ എറിഞ്ഞു നൽകി എത്ര സമർത്ഥമായാണ് റിയലൻസ് ടെലികോം മേഖലയെ കുത്തകവത്കരിച്ചതെന്നും കാണാതിരുന്നു കൂടാ.

കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളും കാർഷിക മേഖലയിലെ മത്സരത്തെക്കുറിച്ചും അതു വഴി കർഷകനും ഉപഭോക്താവിനും ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചാണ് വർണ്ണിക്കുന്നത്. പെട്രോളിയം മേഖലയിലും, കമ്മ്യൂണിക്കേഷൻ മേഖലയിലെയും മത്സരാധിഷ്ഠിത വ്യാപാരത്തെക്കുറിച്ച് കള്ളം പറഞ്ഞവർ അതേ കള്ളം തന്നെയാണ് വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.

ഇന്ധനവില വർധനവിൽ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയുമെങ്കിൽ അത് കേന്ദ്ര സർക്കാരിന് തന്നെയാണ്. അന്താരാഷ്ട്ര വിപണിയിലെ വിലയുടെ ഏറ്റക്കുറച്ചിലുകളുടെ ഫലങ്ങൾ ഉപഭോക്താക്കൾ അനുഭവിക്കേണ്ടതാണെങ്കിലും ക്രൂഡോയിലിന്റെ വിലക്കുറവിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കാത്തതിന്റെ കാരണം കേന്ദ്ര സർക്കാരിന്റെ അയഞ്ഞ സമീപനം തന്നെയാണ്.

LatestDaily

Read Previous

പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചു

Read Next

കാസർകോട്ട് 5 ഓൺലൈൻ ചാനലുകൾ നിരീക്ഷണത്തിൽ