മടിക്കൈയിൽ പത്തോളം ബ്ലേഡുകൾ

കാഞ്ഞങ്ങാട്: പാർട്ടി ഗ്രാമമായ മടിക്കൈയിൽ പത്തോളം ബ്ലേഡുകാർ പലിശ വ്യാപാരം തകർക്കുന്നു. ഓരോ ബ്ലേഡുകാരനും ചില ഉന്നതരുടെ ബിനാമികളാണ്. അഴിമതിപ്പണം കണക്കില്ലാതെ കുന്നുകൂടിയ ഉന്നതർ ഈ പണം ഇരട്ടിപ്പിക്കാനാണ് ബിനാമി ബ്ലേഡുകാരെ ഏൽപ്പിച്ചിട്ടുള്ളത്.

മടിക്കൈ കൂലോം റോഡിലുള്ള ഒരു പാർട്ടി ഭാരവാഹി, ആരോഗ്യ മേഖലയിലുള്ള ആളാണ്. ഏതു സമയത്തും ലക്ഷങ്ങൾ ബ്ലേഡിന് നൽകുന്ന അറിയപ്പെടുന്ന ആളാണ് ഇദ്ദേഹം. മറ്റൊരു സഹകരണ ബാങ്ക് ജീവനക്കാരൻ വൻ ബ്ലേഡാണ്. ബാങ്കിൽ പണം നിക്ഷേപിക്കാനെത്തുന്നവരെ രഹസ്യമായി ചാക്കിട്ടുപിടിച്ച് വൻ മാസപ്പലിശ വാഗ്ദാനം ചെയ്ത് ബ്ലേഡ് നടത്തുന്ന യുവാവാണിയാൾ. നാദക്കോട്ട് കച്ചവടം നടത്തുന്ന ബ്ലേഡുകാരൻ മടിക്കൈ പ്രദേശത്തുകാർക്ക് സുപരിചിതനാണ്.

മുൻ പ്രവാസിയായ മറ്റൊരു കച്ചവടക്കാരനും അമ്പലത്തുകരയിൽ നല്ല നിലയിൽ തന്നെ ബ്ലേഡ് വ്യാപാരം നടത്തിവരുന്നു. കക്കാട്ട് ബ്ലേഡ് നടത്തുന്ന മുൻ പ്രവാസി പാർട്ടിക്കാരനാണെങ്കിലും, മാതാ അമൃതാനന്ദമയിയുടെ അടങ്ങാത്ത ഭക്തനാണ്.
കൂലോം റോഡിൽ ഒരു ബാലകൃഷ്ണൻ ബ്ലേഡ് കച്ചവടം തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. സർക്കാർ സേവകനായ ഇദ്ദേഹം മൂന്ന് വർഷം മുമ്പാണ് പിരിഞ്ഞത്. കുവൈത്തിൽ ജോലി നോക്കുന്ന സുകുമാരൻ, ഹോമിയോ വകുപ്പിൽ ജോലിയുള്ള മേക്കാട്ട് സ്വദേശി എന്നിവരെല്ലാം മടിക്കൈ നാട്ടിലെ അറിയപ്പെടുന്ന ബ്ലേഡുകാരാണ്.

പാർട്ടിയുമായി ബന്ധമുള്ള പലരുടെയും പണമാണ് ഇവർ പാവപ്പെട്ട തൊഴിലാളികൾക്കും മറ്റും ബ്ലേഡിന് നൽകി കണ്ണിൽച്ചോരയില്ലാത്ത വിധം അറവുപലിശ ഈടാക്കിവരുന്നത്. ലക്ഷങ്ങൾ മറിയുന്ന ബ്ലേഡ് വ്യാപാരം പാർട്ടി ഗ്രാമത്തിൽ പൊടി പൊടിക്കുമ്പോഴും, പണം ബ്ലേഡിന് വാങ്ങിയവർ ആത്മഹത്യയുടെ വഴി തേടുമ്പോഴും, മടിക്കൈയിലെ സന്നദ്ധ സംഘടനകളും ഒരു പാർട്ടി നേതാവുപോലും ഇന്നുവരെ കഴുത്തറുപ്പൻ ബ്ലേഡ് വ്യാപാരത്തിനെതിരെ ശബ്ദിക്കാത്തത് വലിയ അദ്ഭുതം തന്നെയാണ്.

LatestDaily

Read Previous

സുനിലിന് മടിക്കൈ ബാങ്കിൽ 3 കോടിക്ക് മുകളിൽ നിക്ഷേപം

Read Next

സുനിൽ ജില്ല വിട്ടു ബ്ലേഡിൽ കുടുങ്ങിയ മൂന്ന് പേരിൽ നിന്നും പോലീസ് മൊഴിയെടുത്തു