സംയുക്ത ജമാഅത്ത് ഭാരവാഹികളുമായി ഖാസി മുത്തുക്കോയ ചർച്ച നടത്തി

ജനറൽ ബോഡിയോഗം റമദാൻ വ്രതാരംഭത്തിന് മുമ്പ്
 
കാഞ്ഞങ്ങാട്: പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്ത് ജനറൽ ബോഡിയോഗം വിശുദ്ധ റമദാൻ വ്രതാരംഭത്തിന് മുമ്പ് നടത്തുമെന്ന് ഖാസി സയ്യിദ് ജിഫ്്രി മുത്തുക്കോയ തങ്ങൾ . ഇന്നലെ വൈകീട്ട് സംയുക്ത ജമാഅത്ത് ആസ്ഥാനത്തെത്തിയ ഖാസി ജിഫ്്രി തങ്ങൾ സംയുക്ത മുസ്്ലീം ജമാഅത്ത് പ്രസിഡണ്ട് സി. കുഞ്ഞാമത് ഹാജി, ജനറൽ സിക്രട്ടരി എം. മൊയ്തുമൗലവി, ട്രഷറർ വൺഫോർ അബ്ദുൾ റഹിമാൻ ഹാജി, മറ്റ് ഭാരവാഹികളായ കെ.യു. ദാവൂദ്, ജാതിയിൽ ഹസൈനാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് റമദാൻ വ്രതാരംഭത്തിന് മുമ്പ് ജനറൽ ബോഡിയോഗം ചേരുമെന്ന് വ്യക്തമാക്കിയത്. ഏപ്രിൽ മധ്യത്തോടെയാണ് ഈ വർഷത്തെ റമദാൻ വ്രതാരംഭത്തിന് തുടക്കമാവുന്നത്.

സംയുക്ത മുസ്്ലീം ജമാഅത്തുമായി നിസ്സഹകരിക്കാൻ തീരുമാനിച്ച അതിഞ്ഞാൽ മുസ്്ലീം ജമാഅത്ത് ഭാരവാഹികളുമായും ചില വിഷയങ്ങളിൽ ഭിന്നതയുള്ള ബല്ലാ കടപ്പുറം മുസ്്ലീം ജമാഅത്ത് ഭാരവാഹികളുമായും തങ്ങൾ ചർച്ച നടത്തി. അംഗ ജമാഅത്തുകളിൽ കൂടുതൽ കുടുംബങ്ങളുള്ള ജമാഅത്തുകൾക്ക് ആനുപാതികമായി കൂടുതൽ പ്രാതിനിധ്യം വേണമെന്നാണ് അതിഞ്ഞാൽ ബല്ലാ കടപ്പുറം ജമാഅത്തുകളുടെ അഭിപ്രായം.  നിലവിൽ ചെറുതും വലുതുമായ എല്ലാ ജമാഅത്തുകൾക്കും അഞ്ചംഗങ്ങൾ വീതമാണ് സംയുക്ത ജമാഅത്ത് ജനറൽ ബോഡിയിലുള്ള പ്രാതിനിധ്യം. ഇത് മാറ്റി കൂടുതൽ കുടുംബങ്ങളുള്ള വലിയ ജമാഅത്തുകൾക്ക് ആനുപാതിക പ്രാതിനിധ്യം നൽകണമെന്നതാണ് ആവശ്യം.

എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സംയുക്ത മുസ്്ലീം ജമാഅത്തിന്റെ ഭരണ ഘടന ഭേദഗതി ചെയ്യേണ്ടിവരുമെന്ന് ഖാസി ജിഫ്്രി തങ്ങൾ ചൂണ്ടിക്കാട്ടി.
ഭരണഘടനാ ഭേദഗതിക്കായി പ്രത്യേക ജനറൽ ബോഡിയോഗം ചേരേണ്ടിവരും. ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്നാണ് ഖാസി പറഞ്ഞത്. ശൃംഗാര ശബ്ദരേഖ വിവാദത്തിൽ സ്ഥാനമൊഴിഞ്ഞ ജനറൽ സിക്രട്ടറി ബഷീർ വെള്ളിക്കോത്തും ശബ്ദരേഖ പുറത്തുവിട്ടു എന്നാരോപിക്കപ്പെട്ടതിനെത്തുടർന്ന് സ്ഥാനഭ്രഷ്ടനായ ഏ. ഹമീദ് ഹാജിയും ഒഴികെയുള്ള ഭാരവാഹികളുമായാണ് ഖാസി ജിഫ്്രി തങ്ങൾ ഇന്നലെ കൂടിക്കാഴ്ച നടത്തിയത്.

അസുഖത്തെ തുടർന്ന് വിശ്രമിക്കുന്ന വൈസ് പ്രസിഡണ്ട് മുബാറക്ക് ഹസൈനാർ ഹാജി യോഗത്തിനെത്തിയില്ല. പുതിയകോട്ട ജമാഅത്തുൾപ്പെടെ മറ്റു ചില ജില്ലാ പ്രാദേശിക ജമാഅത്ത് ഭാരവാഹികളും ഖാസിയുമായി കൂടിക്കാഴ്ച നടത്താനെത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് രാവിലെ ഖാസി ജിഫ്്രി തങ്ങൾ കോഴിക്കോട്ടേക്ക് മടങ്ങി.

LatestDaily

Read Previous

ഹണിട്രാപ്പ് പ്രതിയുടെ നേതൃത്വത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മടിക്കേരി ഹോട്ടൽ മുറിയിൽ മർദ്ദിച്ചു

Read Next

കാണിയൂർ റെയിൽ പ്പാതയ്ക്ക് ആദ്യം അനുമതി നൽകിയത് വി. എസ്. അച്യുതാനന്ദൻ