മടിക്കൈ ബ്ലേഡിൽ മറിഞ്ഞത് കോടികൾ 10 ലക്ഷത്തിന് മാസപ്പലിശ ₨ 70,000

പോലീസ് പിടിച്ചെടുത്തത് 50 ലേറെ ആധാരങ്ങൾ ∙ 96 ശതമാനം വരെ
കൊള്ളപ്പലിശ ഈടാക്കി ∙ സുനിൽകുമാറിന് സിപിഎം ബന്ധം
 
കാഞ്ഞങ്ങാട്: നീലേശ്വരം പോലീസ് അതി നാടകീയമായി കുടുക്കിയ കൊടുംകൊള്ളപ്പലിശക്കാരൻ മടിക്കൈ കണ്ടംകുട്ടിച്ചാലിലെ കടവത്ത് സുനിൽ കുമാറിൽ നിന്ന് 45, ബ്ലേഡ് ഇടപാടിൽ മറിഞ്ഞത് കോടികൾ.  വർഷങ്ങൾക്ക് മുമ്പ് സുനിൽകുമാറിനെതിരെ ബ്ലേഡ് ഇടപാട് നടത്തിയതിന് നീലേശ്വരം പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും, കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്ന ഇടപാട് സുനിൽകുമാർ അന്നും ഇന്നും തുടരുകയായിരുന്നു. നീലേശ്വരം കോട്ടപ്പുറത്തെ നിസാമുദ്ദീന്റെ ഭാര്യ സമീറയുടെ പരാതിയിൽ കേസ്സെടുത്താണ് നീലേശ്വരം എസ്ഐ, കെ.പി. സതീഷിന്റെ നേതൃത്വത്തിൽ സുനിൽകുമാറിന്റെ മടിക്കൈ നൂഞ്ഞി കണ്ടംകുട്ടിച്ചാലിലെ വീട്ടിൽ എസ്ഐയും പാർട്ടിയും റെയ്ഡ് നടത്തിയത്.

നിരവധി പേർ സുനിൽകുമാറിൽ നിന്നും പലിശയ്ക്ക് പണം വാങ്ങിയതിന്റെ രേഖകൾ പോലീസ് പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ആധാരക്കെട്ടുകൾ ഉൾപ്പെടെ പത്തിലേറെ ആളുകൾ ഈട് നൽകിയ രേഖകൾ പോലീസ് പിടിച്ചെടുത്തു. സുനിൽകുമാറും ബന്ധുക്കളും താമസിക്കുന്ന കണ്ടംകുട്ടിച്ചാൽ, തൈക്കടപ്പുറം കടിഞ്ഞിമൂല, ആലിങ്കീൽ, ആലപ്പുഴയിലെ ബന്ധുവിന്റെ വീട്ടിലും ഒരേ സമയം പോലീസ് റെയ്ഡ് നടത്തിയാണ് രേഖകൾ പിടിച്ചെടുത്തത്.

പ്രവാസിയായ ഭർത്താവിന്റെ ഗൾഫിലെ ബിസിനസ്സ് തകർന്നതിനെ തുടർന്നാണ് തൃക്കരിപ്പൂർ നടക്കാവ് സ്വദേശിയായ സുഹൃത്ത് വഴി സമീറ, സുനിൽകുമാറിൽ നിന്നും 7 ലക്ഷം രൂപ കടം വാങ്ങിയത്. ഒരു ലക്ഷം രൂപയ്ക്ക് മാസം 7000 രൂപ കൊള്ളപ്പലിശക്കാണ് സുനിൽകുമാർ സമീറയുമായി ബാങ്ക് ചെക്കുകൾ നൽകി കരാറുണ്ടാക്കിയത്. ഏഴ് ലക്ഷം രൂപ മുതലും 13 ലക്ഷം രൂപ പലിശയുമായി സമീറ സുനിൽകുമാറിന് ഇതിനകം 20 ലക്ഷം രൂപ നൽകിയിട്ടുണ്ട്. 13 ലക്ഷം രൂപ കൂടി വീണ്ടും നൽകാനാവശ്യപ്പെട്ട് സുനിൽകുമാർ, ഭർതൃമതിയെ ഭീഷണിപ്പെടുത്തിയ തോടെ ചില രാഷ്ട്രീയ നേതാക്കളെ സമീപിച്ച് സമീറ പരാതി പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസമായി ഈ ബ്ലേഡുകാരനുമായി മധ്യസ്ഥ ചർച്ചകൾ നടന്നുവെങ്കിലും, 13 ലക്ഷം രൂപ കൂടി ലഭിക്കണമെന്ന ആവശ്യത്തിൽ സുനിൽകുമാർ ഉറച്ചുനിന്നതോടെ സമീറ, പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് പിടിച്ചെടുത്ത രേഖകളുടെ പശ്ചാത്തലത്തിൽ സുനിൽകുമാർ പലർക്കുമായി കോടികൾ, കൊള്ളപ്പലിശയ്ക്ക് നിൽകിയതായി കണ്ടെടുത്തിട്ടുണ്ട്. ആവശ്യക്കാർ നൽകുന്ന പണത്തിന് 96 ശതമാനം വരെ ഇയാൾ പലിശ ഈടായിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിക്കെതിരെ മടിക്കൈയിൽ ആരും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. പരസ്യമായി വർഷങ്ങളായി തുടരുന്ന സുനിലിന്റെ കൊള്ളപ്പലിശ ഇടപാടിനെ പ്രതികരിക്കാൻ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളും മടിച്ചുനിൽക്കുകയായിരുന്നു.

LatestDaily

Read Previous

ജില്ലയിൽ പോലീസ് മേധാവിയുടെ ആകാശ നിരീക്ഷണം

Read Next

മുൻ കൗൺസിലർ പുഞ്ചാവി കുഞ്ഞാമത് അന്തരിച്ചു