പള്ളിയിൽ സംഘടനാ പ്രവർത്തനം നടത്തിയതിൽ പ്രതിഷേധം

കാഞ്ഞങ്ങാട്: ബല്ലാക്കടപ്പുറം മുസ്ലീം ലീഗ് ജമാഅത്ത് പള്ളിക്കുള്ളിൽ സമസ്ത ഇ. കെ. വിഭാഗത്തിന്റെ പോഷക സംഘടനയായ എസ്കെഎസ്എസ്എഫിന്റെ അംഗത്വ വിതരണ പരിപാടി സംഘടിപ്പിച്ചതിൽ ജമാഅത്ത് കമ്മിറ്റിക്കെതിരെ പ്രതിഷേധമുയരുന്നു.  ആരാധന നടക്കേണ്ട സ്ഥലം സംഘടനാ പ്രവർത്തന വേദിയാക്കിയതിനെതിരെയാണ് പ്രതിഷേധം. പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലീഗ് സ്ഥാനാർത്ഥിക്കുവേണ്ടി പള്ളിയിൽ ഫണ്ട് പിരിവ് നടത്തിയതിന്റെ പേരിലുള്ള വിവാദം കെട്ടടങ്ങുന്നതിന് മുമ്പേയാണ് ബല്ലാക്കടപ്പുറം ജമാഅത്ത് പള്ളിയിൽ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്.

പള്ളിയിലെ ആരാധനാസ്ഥലമായ മിമ്പറിന് മുന്നിലാണ് മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്. പാണക്കാട് സയ്യിദ് ജൗഹറലി തങ്ങളാണ് എസ്കെഎസ്എസ്എഫിന്റെ അംഗത്വവിതരണം നടത്തിയത്. ജമാഅത്ത് പ്രസിഡണ്ട് സി. എച്ച്. ഹമീദ്, ജനറൽ സിക്രട്ടറി സി. എച്ച്. മൊയ്തീൻ കുഞ്ഞി, ട്രഷറർ എം. കെ. അബൂബക്കർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് എസ്കെഎസ്എസ്എഫ് ബല്ലാ കടപ്പുറം ശാഖയുടെ അംഗത്വവിതരണം സയ്യിദ് ജൗഹറലി തങ്ങൾ നിർവ്വഹിച്ചത്. ബല്ലാക്കടപ്പുറം ജമാഅത്ത് പള്ളി സുന്നി ഇ. കെ. വിഭാഗത്തിന്റെ കീഴിലുള്ളതാണ്.

അടിക്കടി വിവാദങ്ങൾ സൃഷ്ടിക്കുന്ന ബല്ലാക്കടപ്പുറം ജമാഅത്ത് കമ്മിറ്റി ഒരു മാസം മുമ്പ് മൃതദേഹം മറവ് ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിലും വിവാദം സൃഷ്ടിച്ചിരുന്നു.  ദീർഘകാലം അബുദാബിയിൽ ജോലി ചെയ്തിരുന്ന പ്രവാസി കെ. എച്ച്. അസൈനാറുടെ മൃതദേഹമാണ് ജമാഅത്ത് കമ്മിറ്റി പള്ളിയിൽ സംസ്ക്കരിക്കാൻ വിസമ്മതിച്ചത്. അസൈനാറിന്റെ മകന്റെ വിവാഹച്ചടങ്ങിൽ യുവാക്കൾ പാട്ടുപാടിയതിന്റെ പേരിൽ ജമാഅത്ത് കമ്മിറ്റിക്ക് പ്രതിഷേധമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് മൃതശരീരം പള്ളി ഖബർസ്ഥാനിൽ സംസ്ക്കരിക്കുന്നതിന് ജമാഅത്ത് കമ്മിറ്റി തടസ്സം നിന്നത്. അസൈനാറിന്റെ മക്കൾ മാപ്പെഴുതിക്കൊടുത്തതിന് ശേഷമാണ് മൃതശരീരം പള്ളിയിൽ മറവ് ചെയ്തത്.

ബല്ലാക്കടപ്പുറം ജമാഅത്ത് അബുദാബി കമ്മിറ്റിയുടെ പ്രസിഡണ്ടായി ദീർഘകാലം പ്രവർത്തിച്ച കെ. എച്ച്. അസൈനാർ പള്ളിക്ക് വേണ്ടി അബുദാബിയിൽ നിന്നും സംഭാവനകൾ ശേഖരിക്കുകയും ഈ തുകയുപയോഗിച്ച് ജമാഅത്ത് കമ്മിറ്റി കെട്ടിടം നിർമ്മിക്കുകയും ചെയ്തിരുന്നു. പക്ഷെ മരണസമയത്ത് ജമാഅത്ത് കമ്മിറ്റി അസൈനാറിനോട് നന്ദികേട് കാണിച്ചെന്നാണ് ജമാഅത്തിലെ ഒരു വിഭാഗം ആരോപിക്കുന്നത്. ആരാധനാലയങ്ങൾ വഖഫ് സ്വത്തായതിനാൽ ഇവിടം േകന്ദ്രീകരിച്ച് സംഘടനാ പ്രവർത്തനങ്ങൾ നടത്തുന്നതിൽ അനൗചിത്വമുണ്ടെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

Read Previous

സിപിഎമ്മിന് വോട്ട് മറിച്ച മുസ്ലീം ലീഗ് കൗൺസിലർമാരുടെ രാജിയിൽ തീരുമാനമായില്ല യൂത്ത് ലീഗിൽ പൊട്ടിത്തെറി

Read Next

പെരിങ്ങോത്ത് കള്ളത്തോക്കുകൾ പിടികൂടി