സിപിഎമ്മിന് വോട്ട് മറിച്ച മുസ്ലീം ലീഗ് കൗൺസിലർമാരുടെ രാജിയിൽ തീരുമാനമായില്ല യൂത്ത് ലീഗിൽ പൊട്ടിത്തെറി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ.വി. സുജാതയ്ക്ക് അനുകൂലമായി വോട്ട് മറിച്ച മുസ്്ലീം ലീഗ് വനിതാ കൗൺസിലർമാരുടെ രാജിക്കാര്യത്തിൽ തീരുമാനം വൈകുന്നതിനെ ചൊല്ലി മുസ്്ലീം യൂത്ത് ലീഗിൽ പൊട്ടിത്തെറി. നൂറുകണക്കിന് യൂത്ത് ലീഗ് പ്രവർത്തകർ പരസ്യ പ്രതികരണവുമായി രംഗത്തിറങ്ങിയതോടെ ലീഗ് നേതൃത്വം വെട്ടിലായി.

മുസ്്ലീം ലീഗ് കൗൺസിലർമാരായ ഹൊസ്ദുർഗ് കടപ്പുറം 40-ാം വാർഡിലെ സി.എച്ച്. സുബൈദ, പടന്നക്കാട് വാർഡിലെ ഹസീന റസാഖ്, ഒന്നാം വാർഡ് ബല്ലാകടപ്പുറത്തെ അസ്മ മാങ്കോൽ എന്നിവരുടെയും രാജിക്കാര്യത്തിൽ മുസ്്ലീം ലീഗ് നേതൃത്വത്തിന്റെ തീരുമാനം വൈകുന്നതിനാലാണ് അണികൾ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.

40-ാം വാർഡ് ഹൊസ്ദുർഗ് കടപ്പുറത്ത് ഇന്നലെ യൂത്ത് ലീഗ് പ്രവർത്തകർ കൂട്ടമായി തെരുവിലിറങ്ങി വനിതാ കൗൺസിലർമാരെ പുറത്താക്കാൻ തയ്യാറാകാത്ത ലീഗ് നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ചു. കൗൺസിലർമാർ നൽകിയ രാജി അംഗീകരിച്ച് പുറത്താക്കാൻ നേതൃത്വം തയ്യാറായില്ലെങ്കിൽ, കടുത്ത നടപടിയുണ്ടാകുമെന്ന് യൂത്ത് ലീഗ് പ്രവർത്തകർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

പ്രതിഷേധ പരിപാടികൾ ചിത്രീകരിച്ച് ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനും യൂത്ത് ലീഗ് പ്രവർത്തകർ മടിച്ചില്ല. രാജിവെച്ച കൗൺസിലർമാർക്ക് മുസ്്ലീം ലീഗിന്റെ മുൻസിപ്പൽ കമ്മിറ്റി നേതൃത്വത്തോടുള്ള അമർഷം തീർക്കുന്നതിനുവേണ്ടിയാണ് വനിതാ കൗൺസിലർമാർ പാർട്ടി ചെയർപേഴ്സൺ സ്ഥാനാർത്ഥിയായ സുജാതയ്ക്ക് വോട്ട് മറിച്ചതെന്നാണ് ആക്ഷേപം. തെരഞ്ഞെടുപ്പിൽ സുബൈദയുടെ വോട്ട് അസാധുവാക്കുകയും, മറ്റുള്ള രണ്ട് കൗൺസിലർമാർമാരുടെ വോട്ടുകൾ സുജാതയ്ക്കനുകൂലമായി പെട്ടിയിൽ വീഴുകയുമായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മൂന്ന് കൗൺസിലർമാരുടെ വോട്ടുകൾ പ്രതിപക്ഷത്തിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥിക്ക് കുറഞ്ഞത് ലീഗ് നേതൃത്വത്തിന് വലിയ നാണക്കേടുണ്ടാക്കി.  വനിതാ കൗൺസിലർമാർ സിപിഎമ്മിന് വോട്ട് മറിച്ച സംഭവത്തിൽ ലീഗ് കേന്ദ്രങ്ങളിൽ പ്രതിഷേധമുയർന്നതോടെ അടിയന്തിര മുൻസിപ്പൽ കമ്മിറ്റി വിളിച്ചുകൂട്ടി നേതൃത്വം കൗൺസിലർമാരിൽ നിന്നും രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു.

രാജിക്കത്ത് ജില്ലാക്കമ്മിറ്റിക്ക് വിട്ട് മാസമൊന്നായെങ്കിലും, നടപടി വൈകുന്നതിലാണ് അണികൾ ക്ഷുഭിതരായിരിക്കുന്നത്. പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം തണുപ്പിക്കുന്നതിന് നേതാക്കൾ സ്വീകരിച്ച ചെപ്പടി വിദ്യയാണ് കൗൺസിലർമാരിൽ നിന്നും രാജിക്കത്ത് എഴുതി വാങ്ങിയതിന് പിന്നിലെന്നും, ഇവർക്കെതിരെ നടപടിയോ രാജി സ്വീകരിക്കാനോ നേതൃത്വം തയ്യാറാവില്ലെന്നും അപ്പോൾത്തന്നെ ആക്ഷേപമുയർന്നിരുന്നു.

LatestDaily

Read Previous

എംഎൽഏയുടെ രാജി ആവശ്യപ്പെട്ട പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ ജല പീരങ്കി

Read Next

പള്ളിയിൽ സംഘടനാ പ്രവർത്തനം നടത്തിയതിൽ പ്രതിഷേധം