എംഎൽഏയുടെ രാജി ആവശ്യപ്പെട്ട പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ ജല പീരങ്കി

കാഞ്ഞങ്ങാട്: കാൽവെട്ട് വിവാദത്തിൽ ഉദുമ എംഎൽഏ, കെ. കുഞ്ഞിരാമനെതിരെ കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കാസർകോട് ജില്ലാ കമ്മിറ്റി ഇന്ന് രാവിലെ ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കുന്നിൽ നിന്നും ആരംഭിച്ച പ്രകടനം പോലീസ് സ്റ്റേഷന് നൂറുമീറ്റർ അകലെ പോലീസ് തടഞ്ഞു. പ്രകടനം തടയാൻവേണ്ടി സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമറിക്കാൻ ശ്രമിക്കുകയും, പ്രവർത്തകർ പോലീസുമായി ഉന്തുംതള്ളുമായതോടുകൂടി പോലീസ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

ഇതോടെ പോലീസ് സ്റ്റേഷന് മുന്നിൽ ഏറെ നേരം സംഘർഷം നിലനിന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി, എം.പി, വിനോദ്, ബേക്കൽ പോലീസ് ഇൻസ്പെക്ടർ ഏ. അനിൽകുമാർ, വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ പ്രേംസദൻ, ബേക്കൽ എസ്ഐ, അജിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം മാർച്ചിനെ നേരിടാൻ നിലയുറപ്പിച്ചിരുന്നു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സിക്രട്ടറി നോയൽ ടോം ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.പി. പ്രദീപ്കുമാർ ആദ്ധ്യക്ഷം വഹിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം പ്രവർത്തകരെ കള്ളവോട്ട് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് കെ. കുഞ്ഞിരാമൻ എംഎൽഏ കാൽവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രിസൈഡിംഗ് ഓഫീസറുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലിൽ എംഎൽഏക്കെതിരെ കേസ്സെടുക്കാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.

LatestDaily

Read Previous

ആർടിപിസിആർ അംഗീകൃത പരിശോധന കെഡിസി ലാബിൽ മാത്രം

Read Next

സിപിഎമ്മിന് വോട്ട് മറിച്ച മുസ്ലീം ലീഗ് കൗൺസിലർമാരുടെ രാജിയിൽ തീരുമാനമായില്ല യൂത്ത് ലീഗിൽ പൊട്ടിത്തെറി