വഴിയാത്രക്കാരൻ വാഹനമിടിച്ച് മരിച്ച കേസ്സ് ആയിരക്കണക്കിന് ഫോൺകോളുകൾ പരിശോധിക്കാനൊരുങ്ങി പോലീസ്

കാഞ്ഞങ്ങാട്: റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ യാത്രക്കാരൻ ഇരുചക്രവാഹനം തട്ടി മരണപ്പെട്ട കേസ്സിൽ ആയിരക്കണക്കിന് മൊബൈൽ ഫോൺ കോളുകൾ പരിശോധിക്കുകയാണ് ഹൊസ്ദുർഗ് പോലീസ്. നോർത്ത് കോട്ടച്ചേരി സ്വദേശി വേണു 52, മൂന്ന് മാസം മുമ്പ് കെഎസ്ടിപി റോഡിൽ മോട്ടോർ ബൈക്കിടിച്ച് മരണപ്പെട്ട സംഭവത്തിലാണ് വേണുവിന്റെ മരണത്തിനിടയാക്കിയ ബൈക്ക് കണ്ടെത്തുന്നതിന് പോലീസ് രേഖകൾ ശേഖരിച്ചു വരുന്നത്.

കിഴക്ക് ഭാഗത്ത് നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് റോഡ് മുറിച്ചു കടക്കവെയാണ് വേണുവിനെ യുണീക്കോം ബൈക്ക് തട്ടിയിട്ടത്. ഇടിച്ചിട്ട വാഹനം നിർത്താതെ ഓടിച്ച് പോവുകയും ചെയ്തു. നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും, വേണു മരണത്തിന് കീഴടങ്ങി. വഴിയാത്രക്കാരന്റെ മരണത്തിനിടയാക്കിയ അജ്ഞാത ബൈക്ക് യാത്രക്കാരന്റെ പേരിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്ത് അന്വേഷണം വ്യാപിപ്പിച്ചുവെങ്കിലും, ബൈക്ക് കണ്ടെത്താനായില്ല.

അപകടം വരുത്തിയ ബൈക്ക് യാത്രക്കാരൻ സ്വയം പോലീസിൽ കീഴടങ്ങാൻ തയ്യാറായതുമില്ല. മോട്ടോർ ബൈക്കിന്റെ നമ്പർ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ കോട്ടച്ചേരി ട്രാഫിക് സർക്കിൾ മുതൽ ഇഖ്ബാൽ ജംഗ്ഷൻ വരെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുകയുണ്ടായി.
അപകടമുണ്ടാക്കിയ ഇരു ചക്രവാഹനത്തിന്റെയും ഓടിച്ച ആളുടെയും ചിത്രം സിസിടിവി ക്യാമറയിൽ പതിഞ്ഞത് പോലീസ് ശേഖരിച്ചുവെങ്കിലും, ചിത്രം അപൂർണ്ണമായിരുന്നു. മോട്ടോർ ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പർ ക്യാമറ ചിത്രത്തിൽ വ്യക്തമായില്ല.

ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ബൈക്ക് ഓടിച്ച യുവാവിന്റെ മുഖം തിരിച്ചറിയാനായതുമില്ല. ലഭിച്ച സിസിടിവി ക്യാമറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പത്ര മാധ്യമങ്ങൾ വഴിയും പോലീസ് പുറത്തുവിട്ടുവെങ്കിലും, ഫലമുണ്ടായില്ല.  ശാസ്ത്രീയ മാർഗ്ഗമവലംഭിച്ചിട്ടും ബൈക്കിന്റെ നമ്പർ വ്യക്തമാകാതെ വന്നതോട് കൂടിയാണ് പോലീസ് ടവർഡമ്പ് ശേഖരിക്കാൻ തീരുമാനിച്ചത്. പോലീസിന്റെ കൈവശമുള്ള സിസിടിവി ദൃശ്യങ്ങളിലൊന്നിൽ അപകടം നടന്ന റോഡിൽ നിന്നും അൽപ്പം മുന്നോട്ട് നീങ്ങിയ ശേഷം യുവാവ് മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന്റെ ദൃശ്യമുണ്ട്.

ഈ ദൃശ്യം ലഭിച്ചതിനെ തുടർന്നാണ് വേണുവിന്റെ മരണത്തിന് കാരണക്കാരനായ ബൈക്ക് യാത്രക്കാരനെ കണ്ടെത്താൻ ടവർഡമ്പ് ശേഖരിക്കുകയെന്ന ആശയമുയർന്നത്.  അപകടം വരുത്തിയ ബൈക്കിനെ കണ്ടെത്തിയാൽ മാത്രമെ വേണുവിന്റെ നിർദ്ധന കുടുംബത്തിന് ഇൻഷൂർ തുകയുൾപ്പെടെ സാമ്പത്തിക സഹായം ലഭിക്കുകയുള്ളു. അപകടത്തിനുശേഷം യുവാവ് ഫോണിൽ വിളിച്ച സമയത്ത് എല്ലാ കമ്പനികളുടെയും കോട്ടച്ചേരിയിലെ മൊബൈൽ ടവറിന് പരിധിയിൽ ഫോൺ വിളിച്ച മുഴുവൻ നമ്പറുകളും ശേഖരിക്കുകയാണ് പോലീസിന്റെ ആദ്യ ജോലി.

ബിഎസ്എൻഎൽ, ഐഡിയ, എയർടെൽ, ജിയോ ഉൾപ്പെടെയുള്ള മൊബൈൽ കമ്പനികളുടെ അനുമതിയോട് കൂടി നമ്പർ ശേഖരിച്ച് ആയിരക്കണക്കിന് ഫോൺ കോളുകൾ പോലീസ് പരിശോധിക്കും. ഇത്തരത്തിൽ ഫോൺകോളുകൾ പരിശോധിക്കുന്നതിന് ബിഎസ്എൻഎല്ലിൽ നിന്നും പോലീസിന് അനുമതി ലഭിച്ച് കഴിഞ്ഞു.  ഇത്തരത്തിൽ ഫോൺകോളുകൾ പരിശോധിക്കുന്നതിലൂടെ വേണുവിന്റെ മരണത്തിനിടയാക്കിയ വാഹനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

LatestDaily

Read Previous

വത്സൻ പിലിക്കോട് സിപിഐ വിട്ടു

Read Next

കാഞ്ഞങ്ങാട് കുറുന്തൂരിൽ കൂട്ട ബലാൽസംഗം, രക്തസ്രാവം ∙ യുവതി പരിയാരം ആശുപത്രിയിൽ